ന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ കുതിക്കുകയാണ്. കേരളത്തില്‍ ചില ജില്ലാ അതിര്‍ത്തികളില്‍ പെട്രോള്‍ വില 100 കടന്നിരിക്കുകയാണ്. പെട്രോള്‍ വില വര്‍ധനവിന്റെ വേളയില്‍ മാത്രം നമ്മള്‍ കേട്ടിട്ടുള്ള ഒന്നാണ് ക്രൂഡ് ഓയില്‍ വില എന്നത്. ആദ്യം ക്രൂഡ് ഓയില്‍ എന്താണെന്ന് നോക്കാം. പെട്രോള്‍-ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളുടെ ആദ്യ രൂപം എന്ന് വേണം ക്രൂഡിനെ വിശേഷിപ്പിക്കാന്‍. ക്രൂഡ് ഓയില്‍ സംസ്‌കരിച്ചാണ് പെട്രോള്‍-ഡീസല്‍ എന്നിവ ഉത്പാദിപ്പിക്കുന്നത്. 

ബാരല്‍ കണക്കിനാണ് ക്രൂഡ് ഓയിലിന്റെ വില നിശ്ചയിക്കുന്നത്. ഒരു ബാരല്‍ ക്രൂഡ് ഓയില്‍ എന്നത് 159 ലിറ്ററാണ്. ഇത് സംസ്‌കരിക്കുന്നതിലൂടെ 73 ലിറ്റര്‍ പെട്രോളും 35 ലിറ്റര്‍ ഡീസലുമാണ് ലഭ്യമാകുന്നത്. അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഒയിലിന്റെ ഇന്നത്തെ വില ബാരലിന് 73 ഡോളറാണ്. അതായത് ഇന്ത്യന്‍ പണം 5402 രൂപയാണ്. ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന് 34 രൂപയാണ്. ക്രൂഡ് ഒയില്‍ വിദേശ വിപണികളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇതിന്റെ വില ഡോളറില്‍ കണക്കാക്കുന്നത്.

ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണയ്ക്ക് ഇന്ന് നല്‍കേണ്ട വില 34 രൂപയാണ്. ഈ വിലയെയാണ് ബേസ് പ്രൈസായി കണക്കാക്കുന്നത്. ഇന്ത്യയില്‍ എത്തിയ ക്രൂഡ് ഓയില്‍ റിഫൈനറിയിലേക്ക് എത്തുന്നത്. ഇവിടെ നിന്നും ശുദ്ധീകരണം, ഗതാഗതം, നികുതി, കമ്പനികളുടെ ലാഭം തുടങ്ങിയവയിലേക്കായി അഞ്ച് മുതല്‍ എട്ട് രൂപ വരെ കൂടുന്നു. മുമ്പ് പറഞ്ഞ 34 രൂപയ്‌ക്കൊപ്പമാണ് ഈ തുക കൂടുന്നത്. അഞ്ച് രൂപ പെട്രോളിനും എട്ട് രൂപ ഡീസലിനുമാണ് റിഫൈനറിയില്‍ ഉയരുന്ന വില.

ഇവിടെ നിന്നും പെട്രോളും ഡീസലും പമ്പുകളിലേക്കാണ് എത്തുന്നത്. 40 രൂപയില്‍ നില്‍ക്കുന്ന ഇന്ധനം പമ്പുകളിലേക്ക് എത്തുന്നതോടെ ഇരട്ടിയാകുകയാണ്. കേന്ദ്ര നികുതി, സംസ്ഥാന നികുതി, ഡീലര്‍ കമ്മീഷന്‍ തുടങ്ങിയവ പമ്പുകളില്‍ എത്തുന്നതോടെയാണ് വിലയ്‌ക്കൊപ്പം ചേര്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ചുമത്തുന്ന നികുതി 37 ശതമാനമാണ്. സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി 23 ശതമാനമാണ്. ഡീലര്‍മാര്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ നാല് ശതമാനമാണ്.

റിഫൈനറിയില്‍ നിന്ന് ഏകദേശം 40 രൂപയ്ക്ക് പമ്പുകളില്‍ എത്തുന്ന ഇന്ധനത്തിന് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നികുതികളും ഡീലര്‍ കമ്മീഷനും ചേരുന്നതോടെയാണ് വില 100 കടക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയെക്കാള്‍ ഉയര്‍ന്ന തുകയാണ് കേന്ദ്രവും സംസ്ഥാനവും നികുതി എന്ന പേരില്‍ ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്നത്. ഇന്ന് കേരളത്തില്‍ വില 100 കടന്നത് ഇവ പമ്പുകളില്‍ എത്തിക്കുന്നതിനുള്ള ചരക്ക് കൂലി ഉള്‍പ്പെടെയാണ്.

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിച്ചാല്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതി ഭാരം കുറയും. പെട്രോളും ഡീസലും ജി.എസ്.ടി. പരിധിയില്‍ കൊണ്ടുവന്നാല്‍ 40 രൂപയോളം വില കുറയുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ജി.എസ്.ടിയിലേക്ക് മാറ്റുന്നതിനെ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ശക്തമായി എതിര്‍ക്കുകയാണ്. വരുമാനം കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ എതിര്‍പ്പ്.

Content Highlights: Petrol Price @100, What Is Crude Oil, Crude Oil Price