വാഹനപ്രേമികള്‍ക്ക് ഏറ്റവുമധികം നൊസ്റ്റാള്‍ജിയ തോന്നുന്ന വാഹനങ്ങളിലൊന്നാണ് ടാറ്റയുടെ എസ്‌യുവി മോഡലായിരുന്ന സിയറ. 90-കളില്‍ എത്തി 2000-ത്തോടെ നിരത്തൊഴിഞ്ഞ ഈ വാഹനം ഇലക്ട്രിക് കരുത്തില്‍ തിരിച്ചെത്തുന്നു. ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ സിയറയുടെ ഇലക്ട്രിക് കണ്‍സെപ്റ്റ് ടാറ്റ അവതരിപ്പിച്ചു. 

എസ്‌യുവികളുടെ നീണ്ട നിരയാണ് ടാറ്റ ഓട്ടോ എക്‌സ്‌പോയില്‍ എത്തിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപ്പറ്റാന്‍ പോകുന്ന വാഹനം സിയറയായിരിക്കും. ആരാധകരുടെ മനം കവരുന്നതിനായി ഐതിഹാസിക സിയറയുടെ അതേ രൂപത്തിലാണ് ഇലക്ട്രിക് സിയറയും ഒരുങ്ങുന്നത്. 

ടാറ്റയുടെ പ്രീമിയം എസ്‌യുവിയായ ഹാരിയറിന്റെ മുഖഭാവമാണ് സിയറ കണ്‍സെപ്റ്റിനുള്ളത്. ഗ്രില്ലിന്റെ അഭാവം മുന്നില്‍ നിഴലിക്കുന്നുണ്ട്. നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡ്യുവല്‍ ടോണ്‍ മസ്‌കുലര്‍ ബമ്പര്‍, ലൈറ്റുകളായി നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് ക്ലാഡിങ്ങുകള്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. 

വശങ്ങള്‍ ഐതിഹാസിക സിയറയുടെ തനിപകര്‍പ്പാണ്. റൂഫ് വരെ നീളുന്ന ഗ്ലാസുകളായിരുന്നു സിയറയുടെ ഹൈലൈറ്റ്. ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും ഇതിലുണ്ട്. പിന്നിലും വലിയ ഗ്ലാസുകളാണ് നല്‍കിയിരിക്കുന്നത്. ഹാച്ച് ഡോറില്‍ മുഴുവനുള്ള എല്‍ഇഡി സ്ട്രിപ്പും ഡ്യുവല്‍ ടോണ്‍ ബമ്പറുമുള്ളതാണ് പിന്‍വശം. 

90-കളില്‍ ടാറ്റയില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങിയ ത്രീ ഡോര്‍ എസ്‌യുവിയായിരുന്നു സിയറ. ഓഫ് റോഡ് ലക്ഷ്യമാക്കി പുറത്തിറക്കിയ ഈ വാഹനത്തില്‍ 2.0 ലിറ്റര്‍ പ്യൂഷെ എക്സ്ഡി88 എന്‍ജിനാണ് പ്രവര്‍ത്തിച്ചിരുന്നത്. 1948 സിസിയില്‍ 63 എച്ച്പി കരുത്താണ് സിയറ ഉത്പാദിപ്പിച്ചിരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനമായിരുന്നു ഇത്.

Content Highlights: The Tata Sierra Back As Electric SUV