ക്രാഷ് ടെസ്റ്റിനെ അതിജീവിച്ച നെക്‌സോണിനെ പോലെ കരുത്തന്‍ കോംപാക്ട് എസ്‌യുവി ഇന്ത്യയിലെത്തിച്ച ടാറ്റ അതിനും ചെറിയ എസ്‌യുവിയുമാണ് വീണ്ടുമെത്തി. മിനി എസ്‌യുവി ശ്രേണിയില്‍ എത്തുന്ന ഈ വാഹനത്തിന്റെ കണ്‍സെപ്റ്റിന് HBX എന്ന കോഡ് നെയിമാണ് ടാറ്റ നല്‍കിയിട്ടുള്ളത്. 

ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ലാങ്വേജിലാണ് ഈ വാഹനവും ഒരുങ്ങുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് ഡിസൈനില്‍ മാറ്റം വരുത്താതെ ചില പ്രായോഗിക മാറ്റങ്ങള്‍ മാത്രം വരുത്തിയായിരിക്കും HBX പ്രൊഡക്ഷന്‍ പതിപ്പ് നിരത്തിലെത്തിക്കുകയെന്നാണ് ടാറ്റ ഉറപ്പുനല്‍കുന്നത്. 

വലിയ എസ്‌യുവിയുടെ തലയെടുപ്പാണ് ഈ വാഹനത്തിനുള്ളത്. നെക്‌സോണില്‍ നിന്നും ഹാരിയറില്‍ നിന്നും കടമെടുത്തതാണ് മുന്‍വശം. നേര്‍ത്ത ഡിആര്‍എല്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയിലാണ് ഈ മിനി എസ്‌യുവിയുടെ മുന്‍വശം ഒരുങ്ങിയിട്ടുള്ളത്. 

ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് ബി പില്ലര്‍, എന്നിവ വശങ്ങളെയും വശങ്ങളിലേക്ക് നീളുന്ന ടെയ്ല്‍ ലാമ്പും സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുല്‍ ടോണ്‍ ബമ്പറും, റൂഫ് റെയിലും പിന്‍വശത്തെയും കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. കണ്‍സെപ്റ്റ് മോഡലില്‍ ഡ്യുവല്‍ ടോണ്‍ റൂഫും ക്യാരിയറും നല്‍കിയിട്ടുണ്ട്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുള്ള ഇന്റീരിയറാണ് HBX-ല്‍ ഉള്ളത്. ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് എന്നിവ ഇന്റീരിയറിനെ സമ്പന്നമാക്കുന്നു.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം ഒരുങ്ങുക. 85 പിഎസ് പവറും 114 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനം നിരത്തിലെത്തുമെന്നാണ് ടാറ്റ ആറിയിച്ചിരിക്കുന്നത്.

Content Highlights: Tata Unveil HBX Mini SUV In Delhi Auto Expo 2020