റെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മാരുതിയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവി മോഡലായ ബ്രെസയുടെ പെട്രോള്‍ പതിപ്പ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കി. 1.5 ലിറ്റര്‍ സെമി ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. അതേസമയം, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ ഈ വാഹനം എത്തില്ലെന്നുമാണ് സൂചന.

മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം നല്‍കിയിട്ടുള്ളതിനാല്‍ തന്നെ കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനമായിരിക്കും ഇതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മാരുതിയുടെ സെഡാന്‍ മോഡലായ സിയാസ്, എംപിവിയായ എര്‍ട്ടിഗ എന്നീ വാഹനങ്ങള്‍ക്ക് കരുത്തേകുന്ന എന്‍ജിനിലാണ് പെട്രോള്‍ ബ്രെസയും അവതരിപ്പിച്ചിരിക്കുന്നത്. 

ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ15 പെട്രോള്‍ എന്‍ജിനാണ് പുതിയ ബ്രെസയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 102 ബിഎച്ച്പി പവറും 134 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍. ഹൈബ്രിഡ് സംവിധാനം ഓട്ടോമാറ്റില്‍ മാത്രമേ നല്‍കുവെന്നാണ് സൂചന.

കരുത്തിനൊപ്പം ലുക്കിലും നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ബ്രെസ എത്തിയിട്ടുള്ളത്. പുതിയ ക്രോം ഗ്രില്ല്, എല്‍-ഷേപ്പിലുള്ള ഡിആര്‍എല്‍, രൂപമാറ്റം വരുത്തിയുള്ള ബമ്പര്‍, ബുള്‍ബാറിന് സമാനമായ സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് പ്ലാസ്റ്റിക് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശത്ത് മാറ്റമൊരുക്കുന്നത്.

വീല്‍ ആര്‍ച്ചുകളും, ക്ലാഡിങ്ങും, ബ്ലാക്ക് ബി പില്ലറും, ബോഡി കളറില്‍നിന്ന് മാറിയുള്ള മിററും, അലോയി വീലുകളുമാണ് വശങ്ങളിലെ പ്രത്യേകത. ഇതില്‍ ഏറ്റവും ഉയര്‍ന്ന വേരിയന്റായ Zxi+ -ല്‍ ഡയമണ്ട് കട്ട് അലോയി വീലുകളും മറ്റ് മോഡലുകളില്‍ ബ്ലാക്ക് ഫിനീഷ് അലോയി വീലുകളുമായിരിക്കും നല്‍കുകയെന്നാണ് സൂചന. 

ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ റിട്രാക്ടിങ്ങ് റിയര്‍വ്യൂ മിറര്‍, ഓട്ടോ ഡിമ്മിങ്ങ്, ആന്റി ഗ്ലെയര്‍ ഗ്ലാസ്, ഗിയര്‍ ഷിഫ്റ്റ് ഇന്റിക്കേറ്റര്‍ എന്നിവ ഇന്റീരിയറിലെ പുതുമകളാണ്.

പുതിയ മൂന്ന് നിറങ്ങളിലും ഈ വാഹനം എത്തുന്നുണ്ട്. സിസ്ലിങ്ങ് റെഡ് വിത്ത് മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫ്, ടോര്‍ക്ക് ബ്ലൂ വിത്ത് മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫ്, ഗ്രാനൈറ്റ് ഗ്രേ വിത്ത് ഓറഞ്ച് റൂഫ് എന്നിവയാണ് പുതിയ നിറങ്ങള്‍. ഈ വാഹനത്തിന്റെ വില ഈ മാസം ഒടുവില്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Maruti Brezza Petrol Model Launched In Delhi Auto Expo