ല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയുടെ പവലിയനെ ഏറ്റവുമധികം ആകര്‍ഷണീയമാക്കിയത് ഇലക്ട്രിക് കണ്‍സെപ്റ്റ് മോഡലായ ഫണ്‍സ്റ്റര്‍ ആണെന്നതില്‍ സംശയമില്ല. വൈദ്യുതി വാഹനം എന്നതിലുപരി ഒരു കണ്‍വെര്‍ട്ടിബൾ പതിപ്പാണെന്നതാണ് ഈ വാഹനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. 

ഇതുവരെ നിരത്തുകളില്‍ കണ്ടിട്ടുള്ള മഹീന്ദ്ര വാഹനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് മഹീന്ദ്ര ഫണ്‍സ്റ്റര്‍ കണ്‍സെപ്റ്റ്. വൈദ്യുതി വാഹനമായതിനാല്‍ തന്നെ മുന്നില്‍ ഗ്രില്ലിന്റെ അഭാവം നിഴലിക്കുന്നുണ്ട്. ഈ സ്ഥാനത്ത് എക്‌സ്‌യുവി 300-ലേത് പോലെ ഏഴ് വരകള്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. നേര്‍ത്ത ഹെഡ്‌ലൈറ്റ്, വീല്‍ ആര്‍ച്ച് എന്നിവയാണ് ഡിസൈന്‍ ഹൈലൈറ്റ്.

കണ്‍വെര്‍ട്ടര്‍ മോഡലായതിനാല്‍ തന്നെ ഷോയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തിന് മേല്‍ക്കൂര നല്‍കിയിട്ടില്ല. പ്രൊഡക്ഷന്‍ പതിപ്പിലേക്ക് വരുമ്പോള്‍ മേല്‍ക്കൂര സ്ഥാനം പിടിച്ചേക്കാം. ഇരട്ട മോട്ടോറുകളുടെ ഊര്‍ജത്തിലായിരിക്കും ഫണ്‍സ്റ്റര്‍ കുതിക്കുക. ഇരുമോട്ടോറുകളും ചേര്‍ന്ന് 308 ബിഎച്ച്പി കരുത്തേകും. ഓള്‍ വീല്‍ ഡ്രൈവെന്ന പ്രത്യേകതകൂടി ഫണ്‍സ്റ്ററിലുണ്ട്.

Mahindra Funster
ഫോട്ടോ: സാബു സ്‌കറിയ

ഏറ്റവും പെട്ടെന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ വാഹനം ഫണ്‍സ്റ്ററായിരിക്കും. കാരണം അഞ്ച് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത ഈ വാഹനം കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ഫണ്‍സ്റ്ററിന്റെ പരമാവധി വേഗതയെന്നും കമ്പനി അവകാശപ്പെടുന്നു. 

ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് നിരത്തിലെത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, പുറത്തിറങ്ങിയാല്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 520 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനമായിരിക്കും ഫണ്‍സ്റ്റര്‍ എന്ന് മഹീന്ദ്ര ഉറപ്പുനല്‍കുന്നുണ്ട്.

Content Highlights: Mahindra Funster Electric Convertible Unveil At Delhi Auto Expo