ക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനമായ സോണറ്റ് സബ് കോംപാക്ട് എസ്‌യുവിയുടെ കണ്‍സെപ്റ്റ് മോഡല്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. ഈ വര്‍ഷത്തെ ഉത്സവ സീസണോടനുബന്ധിച്ച് സോണറ്റ് വിപണിയിലെത്തും.

QYi എന്ന കോഡ് നെയിമില്‍ ഈ വാഹനം മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു. സബ് കോംപാക്ട് എസ്‌യുവി ശ്രേണയിലെത്തുന്ന ഈ വാഹനത്തിന്റെ പേരും മറ്റുവിവരങ്ങളും ഒട്ടോ എക്‌സ്‌പോയില്‍ വെളിപ്പെടുത്തുമെന്നാണ് നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് അറിയിച്ചിരുന്നത്. 

വളരെ ബോള്‍ഡ് ആയിട്ടുള്ള ഡിസൈനിങ്ങാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. കിയയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. 

സ്റ്റീല്‍ ഫിനീഷിങ്ങിലുള്ള അലോയി വീലുകള്‍, ബ്ലാക്ക് ക്ലാഡിങ്ങ്, വീല്‍ ആര്‍ച്ച്, സൈഡ് ഗ്ലാസിലേക്ക് നീളുന്ന സ്ലോപ്പിങ്ങ് റൂഫ് എന്നിവയാണ് വശങ്ങളിലെ ഡിസൈന്‍ ഹൈലൈറ്റ്. ടെയില്‍ ലൈമ്പ്, എല്‍ഇഡി ട്രിപ്പ്, സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്നിലും നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ സോണറ്റിന്റെ പ്രധാന എതിരാളിയാകുന്ന വെന്യുവിന്റെ പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുക. ഇതിനുപുറമെ, എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ എന്നിവയും ഹ്യുണ്ടായി വെന്യുവില്‍ നിന്ന് കടമെടുത്തവയായിരിക്കുമെന്നാണ് സൂചന. 

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Kia Sonet Sub Compact SUV Unveil In Auto Expo 2020