ദ്യ വാഹനത്തിലൂടെ തന്നെ ഇന്ത്യന്‍ നിരത്തില്‍ സൂപ്പര്‍ ഹിറ്റായ വാഹനനിര്‍മാതാക്കളാണ് കിയ. ഈ വിജയം ആവര്‍ത്തിക്കാന്‍ കിയയുടെ രണ്ടാമത്തെ വാഹനം കാര്‍ണിവല്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ മുഖ്യ എതിരാളി ആകുന്ന ഈ വാഹനത്തിന് 24.95 ലക്ഷം മുതല്‍ 33.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 

പ്രീമിയം, പ്രസ്റ്റീജ്, ലിമോസിന്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് കിയ കാര്‍ണിവല്‍ എത്തുന്നത്. ഏഴ്, എട്ട്, ഒമ്പത് എന്നീ മൂന്ന് സീറ്റിങ്ങ് ഓപ്ഷനുകളും കാര്‍ണിവലിനുണ്ട്. സെവല്‍ സീറ്റര്‍ പ്രീമിയത്തിന് 24.95 ലക്ഷവും എട്ട് സീറ്ററിന് 25.15 ലക്ഷവും, പ്രെസ്റ്റീജ് ഏഴ് സീറ്ററിന് 28.95 ലക്ഷവും ഒമ്പത് സീറ്ററിന് 29.95 ലക്ഷവും ലിമോസിന് 33.95 ലക്ഷം രൂപയുമാണ് വില വരുന്നത്.

ഇന്ത്യന്‍ നിരത്തുകള്‍ക്ക് തികച്ചും അപരിചിതമായ ഫീച്ചറുകളുടെ അകമ്പടിയോടെയായിരിക്കും കാര്‍ണിവല്‍ എത്തുക. വിദേശ നിരത്തുകളില്‍ നിരവധി എതിരാളികളുമായി അങ്കം കുറിച്ച ഈ വാഹനം ഇന്ത്യയില്‍ മത്സരിക്കുന്നത് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുമായായിരിക്കും. അതേസമയം, വിലയുടെയും ഫീച്ചറുകളുടെയും കാര്യത്തില്‍ ക്രിസ്റ്റയെക്കാള്‍ ഉയരത്തിലായിരിക്കും കാര്‍ണിവല്‍.

Kia Carnival

5115 എംഎം നീളവും 1985 എംഎം വീതിയും 1740 എംഎം ഉയരവും 3060 എംഎം വീല്‍ബേസുമാണ് കാര്‍ണിവലിനുള്ളത്. ക്രോമിയം ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം എന്നിവ ഉള്‍പ്പെടുന്നതാണ് മുന്‍വശം. 17 ഇഞ്ച് അലോയ് വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവ എക്സ്റ്റീരിയറിലെ മറ്റ് അലങ്കാരങ്ങളാണ്. രണ്ടാം നിരയിലെ ഡോര്‍ വശങ്ങളിലേക്ക് തുറക്കുന്നതാണ്.

UVO കണക്ടഡ് കാര്‍ ടെക്നോളജിയാണ് ഇന്റീരിയറിന്റെ പ്രത്യേകത. ഇതിനുപുറമെ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ്-ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവര്‍ ടെയ്ല്‍ഗേറ്റ് എന്നിവ ഇന്റീരിയറിലെ പുതുമയാകും. എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സൗകര്യങ്ങള്‍.

2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഇത് 200 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഇതില്‍ നല്‍കുക.

Content Highlights: Kia Carnival Launched In Delhi Auto Expo