കാലം മാറുകയാണ്... വാഹനലോകവും... ലോകത്ത് ഏറ്റവുമധികം വാഹനം വിറ്റഴിയുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ കുതിക്കുമ്പോള്‍ ഇവിടെ നടക്കുന്ന വാഹനമേളയും ലോകശ്രദ്ധ ആകര്‍ഷിക്കും. ഓരോ വാഹനമേളയുടെയും പ്രധാന ആകര്‍ഷണമായിരിക്കും വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന സാങ്കല്‍പ്പിക വാഹനങ്ങള്‍... അഥവാ 'കണ്‍സെപ്റ്റ് വെഹിക്കിള്‍സ്'... പലതും പുറംലോകം കാണാറില്ലെന്നുമാത്രം.

എന്നാല്‍, കഴിഞ്ഞ ഓട്ടോ ഷോയില്‍ അവതരിപ്പിക്കപ്പെട്ട കണ്‍സെപ്റ്റ് വാഹനങ്ങളെല്ലാം അങ്ങനെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയില്ല, പ്രത്യേകിച്ചും ഇന്ത്യന്‍ കമ്പനികളുടേത്. 'ടാറ്റ'യേയും 'മഹീന്ദ്ര'യേയും എടുത്തു പറയണം. അവയോടൊപ്പം 'കിയ'യും ചേര്‍ന്നു.

ഈവര്‍ഷവും ഒരുപറ്റം കണ്‍സെപ്റ്റ് വാഹനങ്ങള്‍ മേളയില്‍ പുറത്തിറക്കപ്പെട്ടു. അവയില്‍ പലതും നമ്മള്‍ അടുത്തുതന്നെ നമ്മുടെ പാതകളില്‍ കാണും.

ടാറ്റ 'സിയറ'

'സിയറ', കാലംതെറ്റി പിറന്നുപോയ ഒരു എസ്.യു.വി.യായിരുന്നു. ഒരുപക്ഷേ ഇന്ത്യയില്‍ ഒരുകാലത്ത് യുവതയുടെ ഹൃദയത്തില്‍ ഇടംപിടിച്ചെങ്കിലും കാലത്തിന്റെ കുത്തൊഴുക്കില്‍ അടിപതറിപ്പോയി. എന്നാല്‍. ഇപ്പോള്‍ ടാറ്റ അതിന് പുനര്‍ജന്മം നല്‍കിയിരിക്കുകയാണ്... അതേപേരില്‍, അതേ രൂപത്തില്‍ വീണ്ടും വരികയാണ് 'സിയറ'. ആധുനികവത്കരിച്ചപ്പോള്‍ ഡീസല്‍ എന്‍ജിന്‍ മാറി വൈദ്യുതിയായി. കാണാനും ചന്തം കൂടി. സിയറയുടെ കണ്‍സെപ്റ്റ് പതിപ്പാണ് ഇപ്പോള്‍ ഇവിടെ അവതരിപ്പിച്ചത്. ടാറ്റയായതുകൊണ്ട് അടുത്തുതന്നെ ഇവനെ റോഡിലും കണ്ടേക്കാം. എന്നാല്‍, ഇപ്പോള്‍ കമ്പനി അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ലെന്നുമാത്രം.

Tata Sierra

മുഖത്തിന് മാറ്റംവരുത്തിയിട്ടുണ്ട്. വൈദ്യുത പതിപ്പായതിനാല്‍ ഗ്രില്ലില്ല, പകരം തൂവെള്ള നിറം പരന്നൊഴുകിയിരിക്കുന്നു. വലിയ പരന്ന ബോണറ്റില്‍ ഒഴുകുന്ന എല്‍.ഇ.ഡി.ഡി.ആര്‍.എല്ലിനോടു ചേര്‍ന്ന് നീണ്ടുനില്‍ക്കുന്ന ഹെഡ്ലൈറ്റുകള്‍. ചുറ്റിലും കറുത്ത ക്ലാഡിങ്. ആരുടേയും ശ്രദ്ധയാകര്‍ഷിക്കുന്ന പിന്നിലെ ചില്ലുകൂട് അതുപോലെതന്നെ നിലനിര്‍ത്തി.

പഴയ സിയറയില്‍ പിന്നിലേക്ക് കയറണമെങ്കില്‍ മുന്നിലെ സീറ്റ് മറിച്ചിടണമായിരുന്നു. ആ ബുദ്ധിമുട്ട് മാറ്റി, ഒഴുകി നീങ്ങുന്ന ഡോര്‍ പിന്നില്‍ നല്‍കി. പിന്നിലെ വശങ്ങളിലേക്ക് മുട്ടിനില്‍ക്കുന്ന എല്‍.ഇ.ഡി. ലൈറ്റ് പുതിയ പരീക്ഷണമാണ്. ചെറിയ ടെയില്‍ ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ് എന്നിവ പുതിയ സിയറയെ ആഡംബരപൂര്‍ണമാക്കുന്നു. ഉള്ളില്‍ ടാറ്റയുടെ പുതിയ സാങ്കേതികത്തികവ് പൂര്‍ണമായുമുണ്ട്. എന്ന് ഇറങ്ങും എന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ലെന്നാണ് കമ്പനി പറയുന്നത്.

കിയ 'സോണറ്റ്'

'കിയ' അവതരിപ്പിച്ച കോംപാക്ട് സെഡാന്റെ കണ്‍സെപ്റ്റാണ് 'സോണെറ്റ്'. സഹോദരസ്ഥാപനമായ 'ഹ്യുണ്ടായ്'യുടെ 'വെന്യു'വിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചതാണെങ്കിലും രണ്ടും തമ്മില്‍ അജ-ഗജാന്തരമുണ്ട്. ക്യു.വൈ.ഐ. എന്ന രഹസ്യനാമത്തിലായിരുന്നു സോണെറ്റിനെ കിയ കൊണ്ടുവന്നത്. ഈവര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

WhatsApp_Image_2020-02-05_at_12.27.23.jpg

'സെല്‍ടോസി'ല്‍ കണ്ട ടൈഗര്‍നോസ് ഗ്രില്‍ സോണെറ്റിലുമുണ്ട്. എല്‍.ഇ.ഡി. ഹെഡ്ലാമ്പുകളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഡി.ആര്‍.എല്‍. എസ്.യു.വി.ക്ക് വേണ്ട കരുത്തുറ്റ വീല്‍ ആര്‍ച്ചുകളും സോണറ്റിന് നല്‍കിയിട്ടുണ്ട്.

ഹ്യുണ്ടായി വെന്യുവിന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍ തന്നെയായിരിക്കും ഇതിലും. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മാന്വല്‍ ഗിയര്‍ബോക്‌സാണ് ഇപ്പോള്‍ കണ്ട സോണെറ്റിനുള്ളത്. ഭാവിയില്‍ ഓട്ടോമാറ്റിക്കും വന്നേക്കാം. എട്ട് ലക്ഷത്തിലായിരിക്കും ഇതിന്റെ വില തുടങ്ങുന്നതെന്നാണ് കരുതുന്നത്.

മഹീന്ദ്ര 'ഫണ്‍സ്റ്റര്‍'

'മഹീന്ദ്ര' പുറത്തിറക്കിയ പുതിയ കണ്‍സെപ്റ്റ് വാഹനമാണ് 'ഫണ്‍സ്റ്റര്‍'. ഇതുവരെ കണ്ട മഹീന്ദ്ര മോഡലുകളില്‍നിന്ന് തികച്ചും വ്യത്യസ്തനാണ് ഫണ്‍സ്റ്റര്‍. വൈദ്യുത എസ്.യു.വി.യായതിനാല്‍ ഗ്രില്ലില്ല. പകരം എക്‌സ്.യു.വി. 300-ന് ഉള്ളതുപോലെ ഏഴ് വരകള്‍ തിളങ്ങിനില്‍ക്കുന്നു. നേര്‍ത്ത ഹെഡ്ലാമ്പ്, വലിയ വീല്‍ ആര്‍ച്ചുകള്‍ എന്നിവയാണ് പ്രത്യേകത.

Mahindra Funster

പ്രദര്‍ശിപ്പിക്കപ്പെട്ട ഫണ്‍സ്റ്ററിന് മേല്‍ക്കൂരയില്ല. റോഡിലോടുന്ന വാഹനമാകുമ്പോള്‍ വന്നേക്കാം. ഇരട്ട മോട്ടോറുകളുടെ ഊര്‍ജത്തിലായിരിക്കും ഇത് കുതിച്ചുപായുക. 'ഓള്‍ വീല്‍ ഡ്രൈവ്' എന്ന പ്രത്യേകത കൂടിയുണ്ട്. 308 ബി.എച്ച്.പി. കരുത്തായിരിക്കും ഈ രണ്ട് മോട്ടോറുകളും ചേര്‍ന്ന് വാഹനത്തിന് നല്‍കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ പായാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ എന്ന വേഗമെത്താന്‍ അഞ്ച് സെക്കന്‍ഡുകള്‍ മതി. ഒറ്റച്ചാര്‍ജില്‍ 520 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം.

എം.ജി. 'മാര്‍വെല്‍'

'ഹെക്ടറി'ലൂടെ ഇന്ത്യയില്‍ തരംഗമായ 'എം.ജി.' ഇത്തവണ ഓട്ടോ എക്‌സ്പോയിലും പ്രൗഢി കുറച്ചില്ല. എസ്.യു.വി. നിരയിലെ തലയെടുപ്പ് കൂട്ടാനുതകുന്ന 'മാര്‍വെല്‍ എക്‌സ്' ആണ് ഇവിടെ അവതരിപ്പിച്ചത്. ഹെക്ടറിന് പുറമെ, തങ്ങളുടെ വൈദ്യുത എസ്.യു.വി.യായ 'സെഡ് എസ്ഇവി'യും വില്‍പ്പനയില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴാണ് കമ്പനിയുടെ പുതിയ താരത്തെ ഇറക്കിയിരിക്കുന്നത്.

WhatsApp_Image_2020-02-05_at_12.25.24_(1).jpg

ഓട്ടോ എക്‌സ്പോയില്‍ അവതരിപ്പിച്ച മാര്‍വലിന്റെ എന്‍ജിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. ചൈന മോഡലാണ് ഇവിടെയും കൊണ്ടുവന്നത്. ഇതില്‍ 52.5 കിലോവാട്ട് 'ലിഥിയം അയണ്‍' ബാറ്ററിയാണുള്ളത്. മൂന്ന് മോട്ടറുകളുള്ള വാഹനം 'ഓള്‍ വീല്‍ ഡ്രൈവ്' ആണ്. 302 എച്ച്.പി. കരുത്തും 665 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക.

'ഓള്‍ വീല്‍ ഡ്രൈവ്' മോഡല്‍ വാഹനത്തിന്റെ റേഞ്ച് 370 കിലോമീറ്ററാണ്. 170 കി.മീ. ആണ് കൂടിയ വേഗം. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 40 മിനിറ്റ് മതി. എ.സി. ചാര്‍ജര്‍ ആണെങ്കില്‍ എട്ടര മണിക്കൂര്‍ എടുക്കും ഫുള്‍ ചാര്‍ജ് ആകാന്‍.

മാരുതി 'ഫ്യൂച്ചറോ'

'മാരുതി'യുടെ ഹരിതവിപ്ലവിന്റെ പടപ്പുറപ്പാടാണ് മേളയിലെ മറ്റൊരാകര്‍ഷണമായ 'ഫ്യൂച്ചറോ ഇ' കണ്‍സെപ്റ്റിലൂടെ നടത്തിയത്. ഇതുവരെ പരമ്പരാഗത മാര്‍ഗങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന മാരുതിയുടെ പുതിയ നീക്കംതന്നെ പിഴച്ചില്ല. മനോഹരമായ എസ്.യു.വി. കണ്‍സെപ്റ്റായിരുന്നു 'ഫ്യൂച്ചറോ ഇ'.

Maruti Futuro E

നാല് സീറ്ററാണ് കൂപ്പെ, എസ്.യു.വി. മോഡല്‍. ഡാഷ് ബോര്‍ഡില്‍ നീണ്ടുകിടക്കുന്ന സ്‌ക്രീനില്‍ നീലയും ചന്ദനവര്‍ണവും കലര്‍ന്നിരിക്കുന്നു. എന്നാല്‍, ഇതൊരു ഡിസൈന്‍ മാത്രമാണെന്നും നിര്‍മാണത്തിന്റെ ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നുമാണ് കമ്പനി പറയുന്നത്. ഭാവിയിലേക്കുള്ള സ്റ്റിയറിങ്ങും ഇന്റീരിയറുമാണെന്ന് പറയുമ്പോഴും കാണാന്‍ ചന്തമുണ്ട്.

മുന്നിലെ രണ്ട് സീറ്റുകളും പിന്നിലേക്ക് തിരിക്കാന്‍ കഴിയും. അതിനാല്‍, ഡ്രൈവര്‍ വേണ്ടാത്ത സാങ്കേതികതയിലേക്കാണ് മാരുതിയുടെ പോക്ക് എന്നാണ് വ്യക്തമാകുന്നത്.

Content Highlights: Future Models In Indian Automobile Industry