രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് യുഗത്തിലേക്ക് ചുവടുവച്ചു കഴിഞ്ഞു. ഇലക്ട്രിക് ഗണത്തില്‍ ഇന്ത്യയിലെ ഏക സാന്നിധ്യമായ മഹീന്ദ്രയ്ക്കൊപ്പം ഇനി ടാറ്റയുടെ ടിഗോര്‍ സബ് കോംപാക്ട് സെഡാനും ടിയാഗോ ഹാച്ച്ബാക്കും ഇലക്ട്രിക് കരുത്തില്‍ കുതിക്കും. ഈ രണ്ടു മോഡലുകളുടെയും ഇലക്ട്രിക് പതിപ്പ് നടന്നുകൊണ്ടിരിക്കുന്ന ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ ടാറ്റ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

Tigor EV

നേരത്തെ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡില്‍ (EESL) നിന്ന് ലഭിച്ച ഓര്‍ഡര്‍ പ്രകാരം ടിഗോര്‍ ഇവിയുടെ ആദ്യ ബാച്ച് വാഹനങ്ങള്‍ ടാറ്റ മോട്ടോഴ്സ് കൈമാറിയിരുന്നു. ആകെ 10000 ഇലക്ട്രിക് കാറുകളാണ് ടാറ്റ ഇഇഎസ്എല്ലിന് നിര്‍മിച്ച് നല്‍കുക. കോംപാക്ട് സെഡാന്‍ ടിഗോറിന്റെ അടിസ്ഥാനത്തില്‍ രൂപത്തില്‍ യാതൊരു മാറ്റവുമില്ലാതെയാണ് ടിഗോര്‍ ഇലക്ട്രിക്കിന്റെ വരവ്.

റഗുലര്‍ ടിയാഗോയുടെ അതേ ഭാവത്തിലാണ് ഇലക്ട്രിക്‌ ടിയാഗോയും. കമ്പനിയുടെ ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റിലാണ് രണ്ടു മോഡലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇലക്ട്രിക് വകഭേദത്തെ സൂചിപ്പിക്കാന്‍ സൈഡിലെയും മുന്‍ ഭാഗത്തും EV ബാഡ്ജിങ് നല്‍കിയിട്ടുണ്ട്. ഇലക്ട്ര ഇവിയുടെ ത്രീ ഫേസ് എസി ഇന്‍ഡക്ഷന്‍ മോട്ടോറാണ് രണ്ടു മോഡലുകള്‍ക്കും കരുത്തേകുന്നത്. ഇതുവഴി പരമാവധി 40 ബിഎച്ച്പി കരുത്ത് ലഭിക്കും.

Tiagor EV

റഗുലര്‍ മോഡലിന് സമാനമായി 5 പേര്‍ക്ക് ടിഗോര്‍, ടിയാഗോ ഇലക്ട്രിക്കിലും യാത്ര ചെയ്യാം. ഒറ്റചാര്‍ജില്‍ പരമാവധി 130 കിലോമീറ്റര്‍ വരെ പിന്നിടാന്‍ ടിഗോറിന് സാധിക്കും. 90 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ ഈ രണ്ടു മോഡലുകളും വിപണിയലെത്തും. പരമാവധി 10 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. 

Content Highlights; Tata Tigor EV, Tiago EV Showcased At Auto Expo 2018