ഗ്രേറ്റര്നോയ്ഡയില് നടക്കുന്ന ഓട്ടോ എക്സ്പോയിലെ ഹോണ്ടയുടെ പവലിയനിലെ താരമാണ് എക്സ് ബ്ളേഡ് എന്ന 160 സി.സി. ബൈക്ക്. ഇവിടെ എത്തുന്നവരുടെ ശ്രദ്ധാകേന്ദ്രവും വിവിധ നിറങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ ബൈക്ക് തന്നെ. ഹാളിലെ വലിയ സ്ക്രീനില്‍ ഹോണ്ട എക്സ് ബ്ളേഡ് ജനിക്കുന്നത് കാണാം. വിപിന്‍ ജോര്‍ജെന്ന കോഴിക്കോട്ടുകാരന്റെ ഭാവനയില്‍ വിരിഞ്ഞതാണ് അടുത്തു തന്നെ വില്‍പ്പനക്കെത്തുന്ന എക്സ് ബ്ളേഡ് എന്ന ഈ ബൈക്ക്.
ഈ ഓട്ടോ എക്സ്പോയിലായിരുന്നു എക്സ് ബ്ളേഡ് പുറത്തിറക്കിയത്. കോഴിക്കോടിന് സമീപത്തെ കുണ്ടുതോട് എന്ന ഗ്രാമത്തില്‍ നിന്നുമുള്ള പയ്യന്റെ നിശ്ചയദാര്‍ഡ്യത്തിന്റെ വിജയം കൂടിയാണ് ഓട്ടോ എക്സ്പോയിലെ ഈ ബൈക്കിന് ചുറ്റും കൂടി നില്ക്കുന്ന ജനങ്ങള്‍. ഹോണ്ടയിലെ സ്റ്റൈലിങ്ങ് ഡിസൈന്‍ ഡിവിഷനിലെ ഗ്രൂപ്പ് ഹെഡ് ഡിസൈനറായ വിപിന്‍ ജോര്‍ജിന് ഇത് സന്തോഷ നിമിഷങ്ങളാണ്. തന്റെ കരസ്പര്‍ശം പൂര്‍ണമായി പതിഞ്ഞ ആദ്യത്തെ ബൈക്ക് പുറത്തിറങ്ങുന്നത് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കുന്നതിലും കൂടുതല്‍.
ഇപ്പോള്‍ പുറത്തിറക്കിയ ആക്ടിവ ത്രീജിയുടെ മാറ്റം വരുത്തിയ മുന്‍ഭാഗവും ഡിസൈന്‍ ചെയ്തത് വിപിനാണ്. ഇതു കൂടാതെ ഹോണ്ടയുടെ ഹിറ്റായ സ്കൂട്ടര്‍ നവിയിലും വിപിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച സി എക്സ് 01 കണ്‍സെപ്റ്റും 2018 ല്‍ അവതരിപ്പിച്ച സി എക്സ് 02 കണ്‍സെപ്റ്റും പൂര്‍ണമായും വിപിനും സംഘവും രൂപകല്‍പ്പന ചെയ്തതാണ്. പിന്നീട് ഹോണ്ടയുടെ മറ്റ് വാഹനങ്ങള്‍ക്ക് സഹകരിച്ച് പ്രവര്‍ത്തിച്ചു.
വിപിനിന്റെ രൂപകല്‍പ്പനയിലൂടെ വിപണിയിലേക്ക് വരുന്ന ആദ്യ വാഹനമാണ് എക്സ് ബ്ളേഡ്. ഒരു ബൈക്ക് പുറത്തിറക്കുന്നതിന് മുമ്പു വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷമാണ് രൂപം തീരുമാനിക്കുന്നത്. പിന്നീടാണ് ഡിസൈന്‍ രംഗത്തേക്ക് കടക്കുന്നത്. പെന്നും പെന്‍സിലും മറ്റ് സാങ്കേതികതയിലേക്ക് വഴിമാറിയപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി വേഗതയായെന്ന് വിപിന്‍ പറയുന്നു. ആദ്യം വാഹനത്തിന്റെ രൂപരേഖയാണ് വരക്കുക. പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം ത്രിമാന രൂപം തയ്യാറാക്കുന്നു. അതിന് ശേഷം കളിമണ്ണില്‍ പൂര്‍ണമായും എഞ്ചിന് ഘടിപ്പിച്ച് രൂപം നിര്‍മിക്കും. കളിമണ്ണില്‍ തീര്‍ത്ത ബൈക്കായിരിക്കും ഇത്. പിന്നീടാണ് നിര്‍മാണത്തിലേക്ക് കടക്കുന്നത്. ഏകദേശം ഒന്നര വര്‍ഷത്തിനുള്ളില്‍ ഇതിന്റെ ഡിസൈനിങ്ങും മറ്റും കഴിഞ്ഞതായി വിപിന്‍ പറയുന്നു.
ബൈക്കുകളുടെ കാര്യത്തില്‍ രണ്ടും മൂന്നും വര്‍ഷമെടുത്താണ് ഇത്രയും നിര്‍മാണം പൂര്‍ത്തിയാവുന്നത്. എന്നാല്‍, തങ്ങള്‍ അത് റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി. അതിനുള്ള ക്രെഡിറ്റ് സംഘത്തിന് അവകാശപ്പെട്ടതാണ്. ഇതിന്റെ നിര്‍മാണത്തില്‍ വിപിനിന് കൂട്ടായി രണ്ട് മലയാളികള്കൂടെയുണ്ടായിരുന്നു. കോഴിക്കോട് സ്വദേശി വി. സനോജും, പാലക്കാട്ടുകാരന് പ്രവീണ്‍ കൃഷ്ണനും. യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ 160 സി.സി. ബൈക്ക് വരുന്നത്. സ്പോര്‍ട്സ് ബൈക്കുകളുടെ രൂപവും ഭാവവുമൊക്കെയുണ്ടെങ്കിലും പിന്നിലെ യാത്രക്കാരനെ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് എക്സ് ബ്ളേഡിന് രൂപം നല്‍കിയിരിക്കുന്നത്.

പ്രവീണ്‍ കൃഷ്ണന്, വിപിന്‍ ജോര്‍ജ്, സനോജ് എന്നിവര്‍ ബൈക്കിനരികില്‍
ഹെഡ്ലൈറ്റ് ക്ളസ്റ്ററിന് യന്ത്രമനുഷ്യന്റെ മുഖത്തിനാണ് സാദൃശ്യം. അയണ്മാന് എന്ന സിനിമയിലെ നായകന്റെ മുഖംമൂടിയെ ഓര്‍മിപ്പിച്ചേക്കാം. കുട്ടിക്കാലത്ത് വരക്കാന്‍ താല്‍പ്പര്യപ്പെട്ട് ഡൈ മേക്കിങ്ങിന് ചേരുകയായിരുന്നു. അവിടെ നിന്നാണ് ഡിസൈനിങ്ങിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. പിന്നീട് ഇന്റര്‍നെറ്റ് ഗുരുവായി. അതില്‍ നിന്നാണ് വാഹനങ്ങളുടെ ഡിസൈനിങ്ങിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് പുണെ എം. ഐ.ടിയില്‍ ചേര്‍ന്നു. തുടര്‍ന്നാണ് ഹോണ്ടയില്‍ ജോലിക്ക് ചേരുന്നത്. ഇപ്പോള്‍ ഗുഡ്ഗാവിലെ ഹോണ്ടയുടെ ഗവേഷണ കേന്ദ്രത്തിലാണ് ജോലി. ഭാര്യ നിമ്യയും മകന് ഇവാന് ജോര്‍ജും ഒപ്പമുണ്ട്. അധ്യാപകരായിരുന്ന കെ. ജെ. ജോര്‍ജിന്റേയും മേരിക്കുട്ടിയുടേയും മകനാണ്. വിനില്‍ ജോര്‍ജ്, റിയ ജോര്‍ജ് എന്നിവരാണ് സഹോദരങ്ങള്‍.