ല്‍ഹിയില്‍ മരംകോച്ചുന്ന തണുപ്പാണ്. ഈ തണുപ്പില്‍ ഇനി അവിടെ വാഹനക്കാഴ്ചകളുടെ ഉത്സവമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വണ്ടികളെ പ്രണയിക്കുന്നവര്‍ ഇവിടെയെത്തും. വാഹനഭ്രാന്തന്‍മാരുടെ ദിവസങ്ങളാണ് ഇനി ഡല്‍ഹിയുടെ വിളിപ്പുറത്തുള്ള നോയ്ഡയില്‍. ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യക്കു വേണ്ടി പാകപ്പെടുത്തിയെടുത്ത വാഹനശ്രേണികള്‍ ഒരുങ്ങിക്കഴിഞ്ഞു. ലോകത്തെ തന്നെ മുന്‍നിര വാഹനമേളയായ 'ഇന്ത്യാ ഓട്ടോ എക്‌സ്പോ'യ്ക്ക് വെള്ളിയാഴ്ച ഗ്രേറ്റര്‍ നോയ്ഡയില്‍ തുടക്കമാകും.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ വാഹനമേള ലോകത്തെ തന്നെ മികച്ച മേളയായി മാറിക്കഴിഞ്ഞു. കമ്പനികളുടെ പ്രാതിനിധ്യവും കാഴ്ചക്കാരുടെ ബാഹുല്യവും കഴിഞ്ഞ മേളകളെ ശ്രദ്ധേയമാക്കിയിരുന്നു. ഈ വര്‍ഷത്തെ മേളയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രാജ്യത്തെ വാഹനമേഖലയില്‍ വഴിത്തിരിവാകാനുള്ള സാധ്യതയുയര്‍ത്തുന്നുണ്ട് ഇത്തവണത്തെ മേള. രണ്ടു വര്‍ഷത്തിനുള്ളില്‍ മലിനീകരണനിയമത്തില്‍ വരുന്ന മാറ്റം അതായത് ബി.എസ്. നാലില്‍ നിന്ന് ബി.എസ്. ആറിലേക്കുള്ള മാറ്റത്തിനൊരുങ്ങുകയാണ് വാഹനക്കമ്പനികള്‍.

അന്തരീക്ഷ മലിനീകരണത്തിന് കടുത്ത നിയന്ത്രണം വരുന്ന ഭാവിയില്‍ അതിനൊത്ത വാഹനങ്ങളുടെ തുടക്കമായിരിക്കും ഇവിടെ കാണുക. മറ്റൊന്ന്, വൈദ്യുത കാറുകളിലേക്കുള്ള ചുവടുമാറ്റത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്. വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയിലെ ഭാവി ഇവിടെ തെളിയും. മാരുതി സുസുക്കിയടക്കം വിവിധ കമ്പനികള്‍ തങ്ങളുടെ വൈദ്യുത വാഹനങ്ങളുടെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവ എത്രത്തോളം ഇന്ത്യയില്‍ വിജയം കൈവരിക്കുമെന്ന് അവര്‍ക്കു തന്നെ ധാരണയില്ല. അതിനിടെ വൈദ്യുത വാഹന നിര്‍മാതാക്കളുടെ സംഘം നികുതിയിളവിന് വേണ്ടി കേന്ദ്രത്തെ സമീപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ വാഹന വിപ്ലവത്തിന് വഴിവെക്കുന്ന പുതിയ കരുനീക്കങ്ങളും ഇവിടെ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രമുഖരുടെ പിന്‍മാറ്റവും ഇത്തവണ മേളയെ വ്യത്യസ്തമാക്കുന്നുണ്ട്. ഫോക്‌സ്വാഗണും അവരുടെ അനുബന്ധ കമ്പനികളും ഇത്തവണ എത്തുന്നില്ല. ഫോര്‍ഡ്, റോയല്‍ എന്‍ഫീല്‍ഡ്, ഡുക്കാട്ടി, ബജാജ് ഓട്ടോ, നിസാന്‍, എന്നിവരാണ് ഇത്തവണ മേളയിലെത്താത്ത മറ്റ് പ്രമുഖര്‍. ഇവരില്ലെങ്കിലും മേളയുടെ പകിട്ടിന് ഒരു കുറവുമുണ്ടാവില്ലെന്നാണ് അധികൃതരുടെ സാക്ഷ്യപത്രം. മേളയ്ക്ക് എത്താത്ത കമ്പനികള്‍ തന്നെ ഈ വര്‍ഷം പുതുവാഹനങ്ങള്‍ നിരത്തിലിറക്കുന്നുണ്ട്. സ്വന്തമായി പ്രമോഷണല്‍ പദ്ധതികളിലൂടെ തങ്ങളുടെ വാഹനങ്ങള്‍ പുറത്തിറക്കുന്ന പദ്ധതിയുമായാണ് ഇവര്‍ മുന്നോട്ടു പോകുന്നത്.

ഏഴു ദിവസത്തെ മേളയില്‍ ഇരുപത്തഞ്ച് പുതിയ വാഹനങ്ങള്‍ പുറത്തിറക്കപ്പെടും. സങ്കല്‍പ്പ വാഹനങ്ങളുടെ നിരയും ഇത്തവണയുണ്ടാവും. അവയ്ക്ക് പുറമെയാണ് വൈദ്യുത വാഹനങ്ങളും. ഇതുവരെ നടന്ന മേളകളില്‍ ഏറ്റവുമധികം വാഹനങ്ങള്‍ പുറത്തിറക്കുന്നത് ഈ വര്‍ഷമായിരിക്കും.

മേളയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നവരില്‍ മുമ്പന്‍ മാരുതി സുസുക്കി തന്നെയാണ്. വൈദ്യുതിയിലേക്കുള്ള മാറ്റമായിരിക്കും മാരുതി സുസുക്കി ഇത്തവണ ഓട്ടോ എക്‌സ്പോയ്ക്കായി കരുതി വച്ചിരിക്കുന്നത്. പുതിയ ഇ-സര്‍വൈവര്‍ കണ്‍സപ്റ്റാണ് മാരുതിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ബ്രേക്ക്. മാരുതി സുസുക്കിയുടെ ചരിത്രത്തിലാദ്യത്തെ ഈ വൈദ്യുത വാഹനമായിരിക്കും അവരുടെ സ്റ്റാളിലെ പ്രധാന ആകര്‍ഷണം. 2020-ല്‍ റോഡിലിക്കുമെന്ന പ്രഖ്യാപനമാണ് കമ്പനി നടത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വാഹനത്തെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.

ടൊയോട്ടയുടെ സഹകരണത്തോടെ സുസുക്കിയാണ് ഇത് നിര്‍മിക്കുന്നത്. സുസുക്കിയുടെ തന്നെ ഹൈബ്രിഡ് വാഹനമായ അടുത്ത തലമുറ എച്ച്.ഇ. വി. എന്നറിയപ്പെടുന്ന ഹൈബ്രിഡ് വാഹനവും ഡല്‍ഹിയിലുണ്ടാവും. വൈദ്യുത വാഹന മേഖലയിലേക്ക് മാരുതിയുടെ മുന്നേറ്റമാണ് വരും വര്‍ഷങ്ങളിലുണ്ടാവുകയെന്നാണ് മാരുതു സുസുക്കിയുടെ ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറയുന്നത്. 

കേന്ദ്രത്തിന്റെ പച്ചക്കൊടി കണ്ടു കഴിഞ്ഞാല്‍ നിരവധി വാഹനക്കമ്പനികള്‍ വൈദ്യുത കാറുകള്‍ പുറത്തിറക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് അദ്ദേഹം പറയുന്നു. മാരുതിയുടെ ഭാഗത്തു നിന്നുള്ള അടുത്ത താരം സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ ഇതിനകം തന്നെ വാര്‍ത്തയായിരുന്നു. ബുക്കിങ് ആരംഭിച്ചെങ്കിലും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡല്‍ഹിയിലായിരിക്കും നടക്കുക. അതുകൂടാതെ, ചെറിയ എസ്.യു.വി, ലക്ഷ്വറി സെഡാന്‍ വിഭാഗങ്ങളിലും മാരുതിയുടെ പ്രാതിനിധ്യമുണ്ടാകും. ടോക്കിയോ മോട്ടോര്‍ഷോയില്‍ കണ്ട സുസുക്കിയുടെ മോഡലുകള്‍ ഡല്‍ഹിയിലും സുസുക്കി കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. അതിലൊന്നാണ് ഇഗ്‌നിസിന്റെ ഓഫ് റോഡ് പതിപ്പ്.

വൈദ്യുത വാഹനങ്ങളുടെ കുതിപ്പ്  ഇവിടെ തുടരും. ഫ്രഞ്ച് ഭീമന്‍ റിനോയാണ് മറ്റൊരാള്‍. 2022-ല്‍ ഇന്ത്യയ്ക്ക് വേണ്ടി പുറത്തിറക്കുമെന്ന് പറയുന്ന പൂര്‍ണമായും വൈദ്യുത വാഹനം ഡല്‍ഹിയിലെത്തിക്കുമെന്നാണ് റിനോ അധികൃതര്‍ പറയുന്നു. ഹൈബ്രിഡ് വാഹനങ്ങളും പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങളും റിനോയുടെ  ശ്രേണിയിലുണ്ടാവും. കൊറിയയില്‍ നിന്നുള്ള ഹ്യുണ്ടായും  ആദ്യമായി ഇന്ത്യയില്‍ മുഖം കാണിക്കുന്ന കിയയുമാണ് വൈദ്യുത വാഹനങ്ങളുമായി വരുന്ന മറ്റു് രണ്ടുപേര്‍. ഹ്യുണ്ടായുടെ വൈദ്യുത വാഹനങ്ങളുടെ ബ്രാന്‍ഡായ ഐണിക്കിന് കീഴിലായിരിക്കും ഇവ എത്തുക. കിയയാകട്ടെ തങ്ങളുടെ മുഴുവന്‍ വൈദ്യുത, ഹൈബ്രിഡ് കാറുകുമായി എത്തും.
 
ഇനിയുള്ളത് ഇന്ത്യയുടെ സ്വന്തം ടാറ്റയാണ്. അടുത്തിടെ പുറത്തിറക്കിയ ഹിറ്റായ ടിയാഗോവിന്റെ വൈദ്യുത പതിപ്പിനെക്കൂടാതെ ആറു വൈദ്യുത വാഹനങ്ങള്‍ ഡല്‍ഹിയിലെത്തിക്കും. കോംപാക്ട് സെഡാനായ ടിഗോറിന്റെ വൈദ്യുത പതിപ്പുകള്‍ ഇതിനകം തന്നെ കമ്പനി പുറത്തിറക്കിയിരുന്നു.

ടാറ്റയുടെ കൊടിയടയാളമായി അടുത്തിടെ പുറത്തിറങ്ങിയ നെക്‌സോണും ഹെക്‌സയും ടിയാഗോയ്ക്കും പിന്നാലെ ലക്ഷ്വറി എസ്.യു.വി, പ്രീമിയം ഹാച്ച് ബാക്ക് തുടങ്ങിയ ശ്രേണികളിലേക്കു കൂടി ടാറ്റയുടെ വരവുണ്ടാകും.

പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ പതിയെ മായുകയും പകരം ഇന്ധനങ്ങള്‍ക്കായുള്ള വാഹന കമ്പനികളുടെ ഗവേഷണങ്ങള്‍ തുടരുകയുമാണ്. ജപ്പാനില്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകളാണ് പതിയെ വിപണി പിടിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് പുറമെ ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളാണ് ഉപയോഗിക്കുന്നത്. ചൈനയാകട്ടെ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുതകാറുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യ ഇതിലേതിനാണ് പ്രാധാന്യം നല്‍കുകയെന്ന് കണ്ടറിയണമെന്നു മാത്രം. 

Content Highlights; Delhi Auto Expo 2018