ന്യൂഡല്‍ഹിയ്ക്ക് സമീപം ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്നിരുന്ന വാഹനങ്ങളുടെ പൂരത്തിന് ഇത്തവണ എത്തിയത് ആറരലക്ഷത്തിനധികം പേര്‍. ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.സി.എം.എ)യും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രിയും സോസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സുമായിരുന്നു ഈ മഹാമളേയ്ക്ക് ചുക്കാന്‍ പിടിച്ചത്. ഇന്ത്യന്‍ വാഹനവ്യവസായത്തിന്റെ മാറുന്ന മുഖത്തിലേക്കൊരു വെളിച്ചമായിരുന്നു ഈ വാഹനമേള. 

119 കമ്പനികള്‍ തങ്ങളുടെ അഞ്ഞൂറിലധികം ഉല്‍പ്പന്നങ്ങളായിരുന്നു ഇതില്‍ അവതരിപ്പിച്ചത്. 53 വാഹനനിര്‍മാതാക്കള്‍ നൂറിലധികം ഉല്‍പ്പന്നങ്ങളുമായെത്തി. ഇതില്‍ 22 പുതിയ വാഹനങ്ങള്‍ പുറത്തിറക്കപ്പെട്ടു. 18 കണ്‍സെപ്റ്റ് വാഹനങ്ങളും പുറത്തിറക്കി. 14 പുതിയ കമ്പനികള്‍ ഇന്ത്യയിലേക്ക് തങ്ങളുടെ വരവറിയിച്ചു. ഇവരില്‍ പ്രമുഖര്‍ കൊറിയന്‍ കമ്പനിയായ കിയ, കാവസാക്കി, ക്‌ളെവ്‌ലാന്‍ഡ് സൈക്കിള്‍ വര്‍ക്ക്‌സ് എന്നിവയായിരുന്നു. 25 വൈദ്യുത വാഹനങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. 11 സ്റ്റാര്‍ട്ട് അപ്പുകളും മേളയില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചു. 

മേളയുടെ ആകര്‍ഷണമായി നിരവധി സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തു. വിവിധ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായായിരുന്നു അവരൊക്കെ. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം, സോനാക്ഷി സിന്‍ഹ, തപ്‌സീ പന്നു, ഗുല്‍ പനാങ്ങ്, രാഹുല്‍ ഖന്ന, മുഹമ്മദ്  അസിറുദ്ദീന്‍, ഗൗതംഗംഭീര്‍, ആര്‍.പി. സിങ്ങ് എന്നിവരായിരുിന്നു അവരില്‍ പ്രമുഖര്‍.