പുതിയ വാഹനങ്ങളും സാങ്കല്‍പ്പിക വാഹനങ്ങളും കൊണ്ടുമാത്രമായിരിക്കില്ല ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോ വ്യത്യസ്ഥമാവുക. ഇന്ത്യയിലെ റോഡുകളില്‍ വരാന്‍ പോകുന്ന വിപ്ലവത്തിനുള്ള കാഹളം കൂടി ഡല്‍ഹിയില്‍ മുഴങ്ങും. 2030 ഓടെ വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ടി പരവതാനി വിരിക്കാനൊരുങ്ങുന്ന സര്‍ക്കാറിന് മുന്നിലേക്ക് വൈദ്യുത വാഹനങ്ങളടക്കം പാരമ്പര്യേതര ഇന്ധനമുപയോഗിച്ചു പായുന്ന വാഹനങ്ങളുടെ നിര തന്നെ ഇവിടെ പ്രതീക്ഷിക്കാം. 

പ്രധാനമായും ഇന്ത്യ ലക്ഷ്യമിടുന്നത് വൈദ്യുത വാഹനങ്ങള്‍ തന്നെയാണ്. ബാറ്ററി ചാര്‍ജ് ചെയ്ത് ഓടുന്ന വാഹനങ്ങള്‍. എന്നാല്‍, മൂന്നര കോടിയോളം വാഹനങ്ങള്‍ ഓടുന്ന, ഓരോ വര്‍ഷവും അത് ഇരട്ടിയിലധികമാവുന്ന ലോകത്തില്‍ ഏറ്റവുമധികം വാഹന സഞ്ചയങ്ങളുള്ള അഞ്ചാമത്തെ രാജ്യമായ ഇന്ത്യയില്‍ ഒറ്റയടിക്ക് ഇത്രയും വാഹനങ്ങളുടെ മാറ്റം സാധ്യമാവുമോ... ചോദ്യം അവശേഷിക്കുന്നു. 2015 ല്‍  മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 2030 ലായിരിക്കും രാജ്യം പെട്രോളും, ഡീസലും ഉപയോഗിക്കാത്ത വാഹനങ്ങളുടെ രാജ്യമായി മാറാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, അതിന് മുന്നില്‍ കടമ്പകളുടെ നിരതന്നെയുണ്ട്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ബദലായി നാം എന്തു കാണുന്നു എന്നതാണ് പ്രധാനം. പല രാജ്യങ്ങളിലും പല രീതിയിലുള്ള ഇന്ധനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് ഫ്യൂവല്‍ സെല്ലുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ചൈനയിലാകട്ടെ ബാറ്ററി ചാര്‍ജ് ചെയ്യുന്ന വിഭാഗങ്ങള്‍ക്കാണ് പ്രാധാന്യം. 

2020 ഓടെ 202 നഗരങ്ങളില്‍ ഒരുലക്ഷം ചാര്‍ജിങ്ങ് സ്‌റ്റേഷനുകള്‍ നിര്‍മിക്കാനാണ് ചൈനയുടെ പദ്ധതി. ഇങ്ങിനെ വിവിധ രാജ്യങ്ങള്‍ അവരവര്‍ക്ക് താങ്ങാവുന്ന വിധത്തില്‍ മാലിന്യതോത് കുറക്കുന്ന പുതിയ ഇന്ധനങ്ങളിലേക്ക് മാറുമ്പോള്‍ ഇന്ത്യ എവിടേക്ക് തിരിയും എന്ന ചോദ്യവും ഈ എക്‌സ്‌പോയില്‍ ഉയര്‍ത്തപ്പെടും. 2030 ല്‍ മലിനീകരണം കുറയുന്ന വാഹനങ്ങളുമായി ഇന്ത്യ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നത് വെറും വീമ്പുപറച്ചില്‍ മാത്രമായി മാറുമോ എന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയുണ്ട്. കാരണം, പുതിയ നയം പ്രഖ്യാപിച്ച് നാലു വര്‍ഷം കഴിയുമ്പോഴും നമ്മുടെ രാജ്യം തുടങ്ങിയേടത്തു തന്നെയാണ്. ഈ ബജറ്റിലും വൈദ്യുത വാഹനങ്ങള്‍ക്ക് നികുതിയിളവും നിര്‍മാണ സാമഗ്രികള്‍ക്ക് ഇളവുകളും ആവശ്യപ്പെട്ട് വൈദ്യുത വാഹന നിര്‍മാതാക്കള്‍ കേന്ദ്രമന്ത്രിയെ കണ്ടെങ്കിലും ബജറ്റില്‍ ഇതിനെക്കുറിച്ച് ഒരു കാര്യം പോലും മിണ്ടിയിട്ടില്ല.

വാഹന നിര്‍മാണ കമ്പനികള്‍ വൈദ്യുത വാഹനങ്ങളിലേക്ക് മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടു വരുന്നുണ്ടെന്നതാണ് ഇക്കാര്യത്തിലെ ശുഭലക്ഷണം. ഇന്ത്യയിലെ വാഹനവില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന മാരുതി സുസുക്കിയുടെ പ്രഖ്യാപനം തന്നെ ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു. 2020ല്‍ തങ്ങളുടെ വൈദ്യുത കാര്‍ പുറത്തിറക്കുമെന്ന പ്രഖ്യാപനം ഈ വിഭാഗത്തിലേക്കുള്ള വലിയ കാല്‍പ്പെപ്പായി കണക്കുകൂട്ടാം. അതേസമയം, മാരുതി സുസുക്കിയുടെ തലവന്‍ ഭാര്‍ഗവയുടെ മറ്റൊരു പ്രസ്താവനയും ഇതിനോട് കൂട്ടിവായിക്കേണ്ടി വരും. ജനങ്ങള്‍ വാങ്ങുന്ന വാഹനങ്ങളാണ് ഞങ്ങള്‍ നിര്‍മിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ ഇപ്പോള്‍ പ്രാരംഭ ദശയിലാണ്. നല്‍കുന്ന പണത്തിന് മൂല്യമുണ്ടെങ്കില്‍ മാത്രമെ ഇന്ത്യയില്‍ വാഹനങ്ങള്‍ വിറ്റഴിക്കപ്പെടൂ. അത്തരത്തില്‍ ചിന്തിക്കുകയാണെങ്കില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ വിപണിയുണ്ടാവില്ല. ഒന്ന്, ബാറ്ററികളില്‍ ചാര്‍ജ് അധികം നില്‍ക്കാത്തത്. നീണ്ട യാത്രകള്‍ക്ക് ഇത്തരത്തില്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ല. മറ്റൊന്ന് വേഗത. ഇപ്പോഴിറങ്ങുന്ന വൈദ്യുത കാറുകള്‍ക്ക് 85 കിലോമീറ്ററായിരിക്കും പരമാവധി വേഗത. ഏഴ് ലക്ഷം മുടക്കി ഒരാള്‍ കാര്‍ വാങ്ങുമ്പോള്‍ ഈ രണ്ട് കാര്യങ്ങള്‍ തന്നെ അവരെ വൈദ്യുതവാഹനങ്ങളില്‍ നിന്ന് മുഖം തിരിക്കും. 

എന്നാല്‍ ടെസ്‌ല പോലുള്ള വമ്പന്‍ കമ്പനികള്‍ വൈദ്യുത ആഡംബരകാറുകളും സൂപ്പര്‍ കാറുകളുമൊക്കെയായി വരുന്നുണ്ട്. എന്നാല്‍, അത് വാങ്ങാന്‍ കഴിയുന്നത് സമൂഹത്തിലെ ഒരു വിഭാഗത്തിന് മാത്രമായിരിക്കും. 
  
ലോകം മാറുന്നതിനനുസരിച്ച് മാറ്റങ്ങള്‍ വന്നേപറ്റൂവെന്നത് തിരിച്ചറിയണം. വാഹന നിര്‍മാണ കമ്പനികള്‍ തങ്ങളുടെ സങ്കല്‍പ്പവാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത് തന്നെ വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളുപയോഗിച്ചോ ആണ്.  ഇന്ത്യയില്‍ ഇതിനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുന്നുണ്ടെങ്കിലും പൂര്‍ണാവസ്ഥയിലെത്തിയിട്ടില്ല. പൊതുവാഹനങ്ങള്‍ വൈദ്യുതിയിലേക്ക് മാറ്റുന്നതിനുള്ള ആദ്യഘട്ടപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി പതിനായിരം വൈദ്യുത കാറുകള്‍ വാങ്ങാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. കര്‍ണാടകവും മഹാരാഷ്ട്രയും പൊതുഗതാഗത സംവിധാനം വൈദ്യുതീകരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്.  

ഇപ്പോള്‍ വൈദ്യുതവാഹനങ്ങള്‍ക്ക് പ്രധാന തടസമായി നില്‍ക്കുന്നത് അതിലെ ബാറ്ററിയുടെ ശേഷിയാണ്. ലിഥിയം അയോണ്‍ ബാറ്ററിയുടെ ശേഷിയും അത് ലഭിക്കാനുള്ള ബുദ്ധിമുട്ടുമാണ് ഇതിലെ ആദ്യ കടമ്പകള്‍. എന്നാല്‍, അതിനുള്ള സാധ്യതകള്‍ ആരായുന്ന പദ്ധതികളുമായി വിവിധ കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ബാറ്ററികള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കനത്തവിലയാണ് നല്‍കേണ്ടി വന്നിരുന്നത്. ഇത് ഇറക്കുമതി ചെയ്യുന്നതിന് സബ്‌സിഡിയും മറ്റ് ഇളവുകളും നല്‍കിയാലേ വില കുറയൂ. 

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ  അര്‍ജന്റീനയിലും ഓസ്‌ട്രേലിയയിലുമായി വ്യാപിച്ചു കിടക്കുന്ന ലിഥിയത്തിന്റെ ആവശ്യം ഇനി ഏറും. വൈദ്യുതവാഹനങ്ങളുടെ ചാലകശക്തിയായ ലിഥിയം കുഴിച്ചെടുക്കാനുള്ള കമ്പനികള്‍ ഇവിടെ എത്തിക്കഴിഞ്ഞു. അതേസമയം, അത് പൂര്‍ണമായും ഉപയോഗപ്പെടുത്തി കഴിഞ്ഞാല്‍ ബാറ്ററിയുടെ വില കുറയുമെന്നാണ് വിദഗധരുടെ കണ്ടെത്തല്‍. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബാറ്ററിയുടെ വില കുറഞ്ഞു വരുന്നുണ്ട്. 2012 ല്‍ 600 ഡോളര്‍ വിലയുണ്ടായിരുന്ന ലിഥിയം ബാറ്ററി യൂണിറ്റിന് ഇപ്പോള്‍ 250 ഡോളറാണ് വില. 2024 ആവുമ്പോഴേക്കും ഇത് നൂറ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. അത്രയയിലുമെത്തിയാല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വിലയില്‍ വൈദ്യുത കാറുകള്‍ വില്‍പ്പന നടത്താന്‍ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ഭാരത് ഹെവി ഇലക്ട്രിക്കല്‍സുമായി ചേര്‍ന്ന് ഇന്ത്യയില്‍ ലിഥിയം അയോണ്‍ ബാറ്ററി നിര്‍മിക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത കാര്‍ ഇറക്കിയത് ബെംഗളൂരു കേന്ദ്രമായ റേവയാണ്. പിന്നീട് ഇതിനെ മഹീന്ദ്ര ഏറ്റെടുത്തിരുന്നു. ഇപ്പോഴും റോഡിലിറങ്ങുന്ന ഇന്ത്യയിലെ ഏക വൈദ്യുത കാറും റേവ തന്നെയാണ്. ഇപ്പോള്‍ ടാറ്റയും മറ്റും ഈ രംഗത്തേക്ക് വന്നിട്ടുണ്ടെങ്കിലും വില്‍പ്പന ആരംഭിച്ചിട്ടില്ല. 60കോടി ഡോളര്‍ ചെലവില്‍ ലിഥിയം അയോണ്‍ ബാറ്ററി നിര്‍മാണ ഫാക്ടറി തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്രയും  ഇതേ രീതിയില്‍ പ്ലാന്റ് തുടങ്ങുമെന്ന് പ്രഖ്യാനം നടത്തിക്കഴിഞ്ഞു. തങ്ങളുടെ ജനപ്രിയബ്രാന്റുകളായ സ്‌കോര്‍നിയോയും എക്‌സ്‌യുവി 500 മോഡലും വൈദ്യുതിയില്‍ ഓടുമെന്നും അവര്‍ പ്രഖ്യാപിച്ചു. എഞ്ചിന്‍ നിര്‍മാതാക്കളായ കമ്മിങ്ങ്‌സും റീച്ചാര്‍ജിങ്ങ് സെന്ററുകളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും മുന്നോട്ടുവന്നിട്ടുണ്ട്. അശോക് ലൈലാന്‍ഡാകട്ടെ സണ്‍ മൊബിലിറ്റിയുമായി ചേര്‍ന്ന് വൈദ്യുത ബസുകള്‍ക്ക് വേണ്ട ബാറ്ററിനിര്‍മാണ യൂണിറ്റുുകള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്. മുംബൈ കേന്ദ്രമായ ജെ. എസ്. ഡബ്‌ളിയുവും ഇതേ രീതിയില്‍ വൈദ്യുത കാറുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യവികസനത്തിനും വന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 

Content Highlights; All About 2018 Delhi Auto Expo