രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഫെബ്രുവരിയില്‍ നടക്കുന്ന 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ നിരവധി മോഡലുകളാണ് അവതരിപ്പിക്കുന്നത്. ഇക്കൂട്ടത്തിലെ പ്രധാന താരം ഇ-സര്‍വൈവര്‍ കണ്‍സെപ്റ്ററാണെന്ന് ഉറപ്പായി കഴിഞ്ഞു. ഇലക്ട്രിക് കരുത്തില്‍ ഏതു ദുര്‍ഘട പാതയും എളുപ്പത്തില്‍ കീഴടക്കാന്‍ കഴിവുള്ള ഓഫ് റോഡ് എസ്.യു.വി.യാണ് ഇ-സര്‍വൈവര്‍. അത്ഭുതങ്ങള്‍ ഒളിപ്പിച്ച ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റും ഇ-സര്‍വൈവറും സഹിതം പതിനെട്ടോളം മോഡലുകളാണ് ഓട്ടോ ഷോയില്‍ മാരുതി സുസുക്കി പ്രദര്‍ശനത്തിനെത്തിക്കുന്നത്. 

മാരുതി രാജ്യത്തെത്തിക്കുന്ന ആദ്യ ഇലക്ട്രിക് കാര്‍ എന്ന പ്രത്യേകതയും ഇ-സര്‍വൈവറിനുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കരുത്തുറ്റ ഇ-സര്‍വൈവര്‍ അരങ്ങേറ്റം കുറിച്ചത്. ഓഫ് റോഡര്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളില്‍ ഞെട്ടിക്കുന്ന രൂപമാണ് ഇ-സര്‍വൈവറിന്റെ പ്രത്യേകത. പൂര്‍ണമായും ഇലക്ട്രിക് കരുത്തിലാണ് കോണ്‍സപ്റ്റ് മോഡല്‍ നിര്‍മിച്ചത്. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കാലം മുന്നില്‍ കണ്ടാണ് വാഹനത്തിന്റെ ഡിസൈന്‍ കമ്പനി പൂര്‍ത്തീകരിച്ചത്. വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച കാര്യങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളു. 

eSurvivor
Photo Courtesy; Overdrive

തൊണ്ണൂറുകളില്‍ സുസുക്കിയുടെ താരരാജാക്കന്‍മാരായിരുന്ന X90, ജിംനി, വിറ്റാര എന്നീ മോഡലുകളുടെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പന. രൂപത്തില്‍ ആളൊരു കുഞ്ഞന്‍ കാറാണ്‌. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ വീല്‍ ആര്‍ക്ക് വ്യത്യസ്തമായ അകത്തളം എന്നിവ ഇ-സര്‍വൈവറിനെ വ്യത്യസ്തനാക്കും. രണ്ടു പേര്‍ക്ക് മാത്രമേ ഈ ഓപ്പണ്‍ റൂഫ് വാഹനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കു. ഭാരം വളരെ കുറഞ്ഞ മോഡലാണ്  ഇ-സര്‍വൈവര്‍, ഇതുവഴി പെര്‍ഫോമെന്‍സ് വര്‍ധിപ്പിക്കാന്‍ സാധിക്കും. 

റിയര്‍വ്യൂ മിററിന് പകരം ക്യാമറകള്‍ നിരത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി ഡ്രൈവറുടെ മുന്നിലെത്തിക്കും. നാലു വീലിലേക്കും ഒരുപോലെ ഊര്‍ജമെത്തിക്കാന്‍ ഇലക്ട്രിക് മോട്ടോറിന് സാധിക്കും. വരാനിരിക്കുന്ന പുതുതലമുറ ജിംനിക്ക് സമാനമായി ലാഡര്‍ ഫ്രെയിമിലാണ് വാഹനത്തിന്റെ നിര്‍മാണം. 2020-ല്‍ കമ്പനിയുടെ നൂറാം വാര്‍ഷികാഘോഷ വേളയില്‍ ഇ-സര്‍വൈവര്‍ പ്രൊഡക്ഷന്‍ സ്‌പെക്കിന്റെ നിര്‍മാണം ആരംഭിക്കുക. അതിനാല്‍ ബിഎംഡബ്യു വിഷന്‍ 100 കോണ്‍സെപ്റ്റിന് സമാനമായി സുസുക്കിയുടെ നൂറാം വാര്‍ഷിക സ്‌പെഷ്യല്‍ പതിപ്പായി ഇ-സര്‍വൈര്‍ പുറത്തിറക്കിയേക്കും. 

overdrive
Photo Courtesy; Overdrive

Content Highlights; Maruti Suzuki To Showcase e-Survivor Concept At Auto Expo 2018