നാളിതുവരെ ഇന്ത്യന്‍ വാഹനങ്ങള്‍ക്ക് വിദേശ നിലവാരത്തിലുള്ള സുരക്ഷ ഒരുക്കാന്‍ മിക്ക വാഹന നിര്‍മാതാക്കളും മെനക്കെട്ടിരുന്നില്ല. കുറഞ്ഞ വിലയില്‍ വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ സുരക്ഷാ സൗകര്യങ്ങള്‍ പരിമിതപ്പെടുത്തി. എന്നാല്‍ വരും വര്‍ഷത്തില്‍ രാജ്യത്തെ സുരക്ഷാ മാനദണ്ഡ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ എല്ലാ വാഹനങ്ങളിലും കൂടുതല്‍ സുരക്ഷ പ്രതീക്ഷിക്കാം. ഇതിന്റെ തുടക്കമാണ് ഡല്‍ഹി എക്‌സ്‌പോയില്‍ ദൃശ്യമാവുക. ഇതിന് പുറമേ ആഡംബര വാഹനങ്ങളിൽ മാത്രമുണ്ടായിരുന്ന ടച്ച് സ്‌ക്രീന്‍ അടക്കമുള്ള നിരവധി ഫീച്ചറുകൾ ചെറുവാഹനങ്ങളിലേക്ക് കൂടുതലായെത്തും. ഈ എക്‌സ്പോയില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ഇവയൊക്കെയായിരിക്കും.

ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാഷ്ബോര്‍ഡിലെ ടച്ച് സ്‌ക്രീന്‍ എന്നത് ആഡംബരമായിരുന്നു. വിലകൂടിയ കാറുകളില്‍ മാത്രം കണ്ടുകൊണ്ടിരുന്ന ഇത് ഇപ്പോള്‍ കുഞ്ഞന്‍ കാറുകളിലേക്ക് കൂടി ഇറങ്ങി വന്നു. ഏഴ് ഇഞ്ച് വരെയുള്ള ടച്ച് സ്‌ക്രീനുകള്‍ സാധാരണമായി. ഇപ്പോഴുള്ളത് അതില്‍ എന്തെല്ലാം കൊണ്ടുവരാം എന്നതാണ്. ജി.പി.എസ്, ആപ്പിള്‍, ആന്‍ഡ്രോയ്ഡ് പ്ലേ എന്നിവ സര്‍വസാധാരണമായി. ഈ എക്‌സ്പോയില്‍ ഇതിലും നവീനമായ മാറ്റങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

സുരക്ഷ

വാഹനങ്ങളില്‍ സുരക്ഷയുടെ കാര്യത്തില്‍ വളരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ വാഹനനിര്‍മാതാക്കള്‍ക്ക് വേറെ നിവൃത്തിയില്ലാതെ വന്നിരിക്കുകയാണ്. അതിനാല്‍ പുതിയ വാഹനങ്ങളില്‍ എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്.  ചൈല്‍ഡ് സീറ്റ് ഹുക്ക് എന്നിവ മിക്കവാറും വാഹനങ്ങളിലുണ്ടാവും. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍പാര്‍ക്കിങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവ 2019  ജൂലായ് മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനാല്‍ വരും വാഹനങ്ങളില്‍ ഇവയും ഇടംപിടിച്ചേക്കും.  

എല്‍.ഇ.ഡി. ഹെഡ്​ലാമ്പുകള്‍

പ്രീമിയം വാഹനങ്ങളില്‍ നിന്ന് പൂര്‍ണമായും എല്‍. ഇ.ഡി. ഹെഡ്​ലാമ്പുകളും ടെയില്‍ ലാമ്പുകളും ചെറുവാഹനങ്ങളിലേക്കിറങ്ങി വന്നിട്ടുണ്ട്. ഡേ ടൈം റണ്ണിങ് ലൈറ്റുകളാണ് മറ്റൊന്ന്.

Content Highlights; Auto Expo 2018, More Importance For Vehicle Safety