ടിവിഎസ് നിരയിലെ കരുത്തുറ്റ സ്കൂട്ടര്‍ എന്‍ടോര്‍ക്ക് ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. 125 സിസി എന്ജിന് കരുത്ത് പകരുന്ന എന്‍ടോര്‍ക്കിന് 58,750 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില. അടുത്തിടെ വിപണിയിലെത്തിയ ഹോണ്ട ഗ്രാസ്യ, സുസുക്കി ആക്സസ് എന്നിവയാണ് എന്‍ടോര്‍ക്കിനെ കാത്തിരിക്കുന്ന എതിരാളികള്‍.
കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഗ്രാഫൈറ്റ് കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് എന്‍ടോര്‍ക്കിന്റെ നിര്‍മാണം. സെഗ്മെന്റില്‍ മുപ്പതോളം പുതിയ ഫീച്ചേഴ്സ് ഉള്‍ക്കൊള്ളിച്ചാണ് എന്‍ടോര്‍ക്കിന്റെ എന്‍ട്രി. സ്മാര്‍ട്ട് കണക്റ്റ് ടെക്നോളജി, ബ്ലൂ ടൂത്ത് വഴി നാവിഗേഷന്‍ സ്മാര്‍ട്ട് ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് വാഹനത്തന്റെ പ്രധാന സവിശേഷതകള്‍. കോളര്‍ ഐഡി, പാര്‍ക്കിങ് ലൊക്കേഷന്‍ അസിസ്റ്റ് എന്നിവയും ഇതിലുണ്ടാകും.
സ്പോര്‍ട്ടി രൂപത്തിന് പ്രാധാന്യം നല്‍കിയാണ് എന്‍ടോര്‍ക്കിന്റെ രൂപകല്പന. ടിവിഎസ് റേസിങ് ബാഡ്ജിങ് ബോഡിയെ കൂടുതല്‍ സ്പോര്‍ട്ടിയാക്കും. സ്റ്റൈലിഷ് ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ഡയമണ്ട് കട്ട് അലോയി വീല്‍ എന്നിവ രൂപത്തിന് ഇണങ്ങിയതാണ്. 124.8 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്ജിന് 9.2 ബിഎച്ച്പി പവറും 10.5 എന്‍എം ടോര്‍ക്കുമേകും. മാറ്റ് ബ്ലാക്ക്, മാറ്റ് യെല്ലോ, മാറ്റ് ഓറഞ്ച്, മാറ്റ് ഗ്രീന്‍ എന്നീ നാല് ഡ്യൂവല്‍ ടോണ്‍ നിറങ്ങളില്‍ വാഹനം ലഭിക്കും.
മുന്നില്‍ 220 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 130 എംഎം റിയര്‍ ഡ്രം ബ്രേക്കും സുരക്ഷാ ചുമതല വഹിക്കും. മണിക്കൂറില്‍ 95 കിലോമീറ്ററാണ് പരമാവധി വേഗത. ഒമ്പത് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും എന്‍ടോര്‍ക്കിന് സാധിക്കും. 116 കിലോഗ്രാമാണ് ആകെ ഭാരം.
Content Highlights; TVS Ntorq 125 Unveiled at Auto Expo 2018