എഥനോള്‍ ഇന്ധനമാക്കി ഓടുന്ന വാഹനങ്ങള്‍ വ്യാപകമാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെയാണ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ എഥനോള്‍ കരുത്തിലോടുന്ന ബൈക്ക് ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി അവതരിപ്പിച്ചു. ടിവിഎസ് നിരയിലെ RTR 200 FI മോഡലാണ് എഥനോള്‍ ഇന്ധനത്തില്‍ കമ്പനി പുറത്തിറക്കിയത്.
റഗുലര്‍ RTR 200 മോഡിലില്‍ നിന്ന് പെട്രോളിന്റെ സ്ഥാനത്ത് എഥനോള്‍ വന്നു എന്നതൊഴിച്ചാല്‍ രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളൊന്നും എഥനോള്‍ ബൈക്കിനില്ല. ഫ്യുവല്‍ ടാങ്കില്‍ ഇളം പച്ച നിറത്തില്‍ എഥനോള്‍ ബ്രാന്‍ഡിങ് അഡീഷ്ണലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍ വാഹനങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ മൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണം വലിയ തോതില്‍ തടയാന്‍ എഥനോള്‍ എന്‍ജിനുകള്‍ക്ക് സാധിക്കും.
റഗുലര്‍ മോഡിലന് സമാനമായി 200 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എഥനോള്‍ RTR-നും കരുത്തേകുക. 8500 ആര്‍പിഎമ്മില്‍ 20.7 ബിഎച്ച്പി പവറും 7000 ആര്‍പിഎമ്മില്‍ 18.1 എന്‍എം ടോര്‍ക്കുമേകും എന്ജിന്. മണിക്കൂറില്‍ 129 കിലോമീറ്ററാണ് പരമാവധി വേഗത. മെച്ചപ്പെട്ട പവര്‍ നല്കി വളരെ കുറച്ച് പുക മാത്രം പുറത്തുവിടാന്‍ ട്വിന്‍-സ്പ്രേ-ട്വിന്‍-പോര്‍ട്ട് സിസ്റ്റത്തിനൊപ്പം ഇലക്ട്രേണിക് ഫ്യുവല്‍ ഇഞ്ചക്ഷന് വഴി സാധിക്കും.
ചിത്രങ്ങള്‍; സാബു സ്കറിയ
Content Highlights; TVS Apache RTR 200 FI Ethanol Version Revealed