ടൊയോട്ടയുടെ ആഡംബര മുഖമാണ് അല്‍ഫാര്‍ഡ്. ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലെങ്കിലും ആഗോള വിപണയില്‍ കാര്യമായ സ്വാധീനം അല്‍ഫാര്‍ഡിനുണ്ട്. മര്‍ട്ടി പര്‍പ്പസ് സെഗ്മെന്റില്‍ മുന്‍നിര പോരാളിയായ ഈ അല്‍ഫാര്‍ഡിനെ ഒടുവില്‍ ടൊയോട്ട ഇന്ത്യയിലെത്തിച്ചു ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് അഡംബര വീരന്‍ അല്‍ഫാര്‍ഡിനെ കമ്പനി അവതരിപ്പിച്ചത്. എന്നാല്‍ അല്‍ഫാര്‍ഡിനെ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കുന്ന കാര്യത്തില്‍ സൂചനയൊന്നും കമ്പനി നല്‍കിയിട്ടില്ല. വിപണിയിലെത്തിയാല്‍ ഏകദേശം 50 ലക്ഷമായിരിക്കും വില. 

പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് അല്‍ഫാര്‍ഡ് ഇങ്ങോട്ടെത്തിയത്. മൂന്നു റോകളിലായി ഏഴുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാം, മിഡില്‍ റോയില്‍ ബിസിനസ് ക്ലാസ് സീറ്റുകളും ഉള്‍പ്പെടുത്താം. 2002-ല്‍ വിപണിയിലെത്തിയ അല്‍ഫാര്‍ഡിനെ നേരത്തെ റഷ്യ, സിംഗപ്പൂര്‍ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു. 2JM, 2FM ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഇന്‍ലൈന്‍ പെട്രോള്‍ എന്‍ജിനാണ് അല്‍ഫാര്‍ഡിന് കരുത്തേകുന്നത്. 

Toyota Alphard

അക്ഷരാര്‍ത്ഥത്തില്‍ ഒരു ചലിക്കുന്ന കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്നതാണ് വാഹനത്തിന്റെ ഇന്റീരിയര്‍. നിലവില്‍ ഇന്ത്യന്‍ നിരത്തിലുള്ള എംപിവി വാഹനങ്ങലില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ബോക്സി എക്സ്റ്റീരിയര്‍ ഡിസൈനാണ് കാറിനുള്ളത്. 5 മീറ്റര്‍ നീളം വാഹനത്തിനുണ്ട്. 18 ഇഞ്ചാണ് അലോയി വീല്‍. വ്യത്യസ്തമായ വിന്‍ഡോ ഗ്ലാസുകളും ഫ്രണ്ട് ബമ്പറും ഗ്രില്ലും വാഹനത്തിന് പുതുമ നല്‍കും എല്‍ഇഡി റൂഫ് ലൈറ്റിങ്, ഓട്ടോമാറ്റിക് സെന്റര്‍ ഡോര്‍, സ്മാര്‍ട്ട് എന്‍ട്രി ആന്‍ഡ് പുഷ് സ്റ്റാര്‍ട്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നീ സൗകര്യങ്ങള്‍ അല്‍ഫാര്‍ഡിലുണ്ട്. 

Toyota Alphard

ചിത്രങ്ങള്‍; സാബു സ്‌കറിയ

Content Highlights; Toyota Alphard Hybrid MPV Debut At Auto Expo 2018