രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുതിയ സബ് ബ്രാന്‍ഡ് ടാമോ ശ്രേണിയിലെ ആദ്യ വാഹനം 'റെയ്സ്മോ' ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. സ്പോര്‍ട്സ് കാര്‍ സെഗ്മെന്റില്‍ പുതുചരിത്രം കുറിക്കാനൊരുങ്ങുന്ന ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ ജെനീവ മോട്ടോര്‍ ഷോയിലാണ് ടാമോ റെയ്സ്മോ ആദ്യമായി അവതരിപ്പിച്ചത്. പതിവ് ടാറ്റ മുഖങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തായി അടിമുടി മാറ്റത്തോടെയാണ് ടാമോ റെയ്സ്മോ പുറത്തിറങ്ങുന്നത്.
ഭീമന്മാരായ സൂപ്പര്‍ കാറുകളെ വെല്ലുന്ന രൂപം, അതിനൊപ്പം അത്യാഡംബരവും ചേര്‍ന്നാണ് റെയ്സ്മോയെ അണിയിച്ചൊരുക്കിയത്. ടൂ സീറ്ററാണ് സ്പോര്‍ട്സ് കാര്‍. റെഗുലര്‍ കണ്‍സെപ്റ്റ് ടാമോയ്ക്കൊപ്പം ടാമോ പ്ലസ് എന്ന പേരില്‍ ഇതിന്റെ ഇലക്ട്രിക് വകഭേദവും ടാറ്റ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 150kW ഇലക്ട്രിക് മോട്ടോറും ലിഥിയം അയേണ്‍ ബാറ്ററിയുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഒറ്റചാര്‍ജില്‍ 350 കിലോമീറ്റര്‍ പിന്നിടാനും ഇലക്ട്രിക് റെയ്സ്മോയ്ക്ക് സാധിക്കും. ബാറ്ററി പെട്ടെന്ന് ചാര്‍ജ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. പുതിയ MOFlex പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം.
ഇരുവശങ്ങളിലേക്കും ചിറകുവിരിച്ച് തുറക്കാവുന്ന ഡബിള്‍ ഡോറാണ് മുഖ്യ ആകര്‍ഷണം. പിന്നില്‍ ടെയില്‍ ലാമ്പിന് നടുവിലായാണ് എക്സ്ഹോസ്റ്റിന്റെ സ്ഥാനം. എക്സ്റ്റീരിയറില്‍ ആകെമൊത്തം കരുത്തനില്‍ കരുത്തന്റെ ലുക്ക്. ഇലക്ട്രിക് വകഭേദത്തിന് പുറമേ റഗുലര്‍ റെയ്സ്മോയില്‍ 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് റെവോട്രോണ്‍ എഞ്ചിന് പരമാവധി 6500 ആര്‍പിഎമ്മില്‍ 190 പിഎസ് കരുത്തും 2500 ആര്‍പിഎമ്മില്‍ 210 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തില്‍. വെറും ആറ് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റെയ്സ്മോയ്ക്ക് സാധിക്കും.
Content Highlights; Tata Racemo EV makes India debut at Auto Expo