തിനാലാമത് ഇന്ത്യ ഓട്ടോ എക്‌സ്‌പോയില്‍ പിയാജിയോയുടെ മുഖ്യ പോരാളിയാണ് വെസ്പ് ഇലക്ട്രിക. മുന്‍നിര ഇറ്റാലിയന്‍ കമ്പനിയായ വെസ്പ ഇവിടെക്കെത്തിക്കുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. രാജ്യം പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുന്നതിന് മുന്നോടിയായി സ്‌കൂട്ടര്‍ പ്രേമികളെ വശീകരിക്കാനുതകുന്ന വിധം സൗന്ദര്യം കൈവശപ്പെടുത്തിയുള്ള ഇലക്ട്രിക് മോഡലാണ് വെസ്പ ഇലക്ട്രിക. കഴിഞ്ഞ മിലാന്‍ ഓട്ടോ ഷോയിലായിരുന്നു ഇതിന്റെ കന്നി അരങ്ങേറ്റം. 

വെസ്പ ഇലക്ട്രിക ഇന്ത്യന്‍ നിരത്തിലെത്തുന്നത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളൊന്നും കമ്പനി നല്‍കിയിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ യൂറോപ്യന്‍ വിപണിയില്‍ ഇതിന്റെ ഓട്ടം തുടങ്ങും. അതിനു ശേഷം ഇന്ത്യയിലെത്താനാണ് സാധ്യത. ഇലക്ട്രിക് വാഹന പോളിസിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ വെസ്പ ഇലക്ട്രികയ്ക്കായി നമ്മള്‍ അധികം കാത്തിരിക്കേണ്ടി വരില്ല. കൂടുതല്‍ അഡ്വാന്‍സ്ഡ് ഫീച്ചേഴ്‌സും ക്ലാസിക് ഡിസൈനും ചേര്‍ന്നതാണ് വെസ്പ ഇലക്ട്രിക. 

Vespa Electrica

സ്റ്റാന്റേര്‍ഡ്, എക്‌സ് എന്നീ രണ്ടു വകഭേദങ്ങളുണ്ട് വെസ്പ ഇലക്ട്രികയ്ക്ക്. ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ പിന്നിടാന്‍ സ്റ്റാന്റേര്‍ഡ് പതിപ്പിന് സാധിക്കും. മുന്തിയ വകഭേദമായ എക്‌സില്‍ ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. പരമാവധി 4KWh (5.4 ബിഎച്ച്പി) പവറും 200 എന്‍എം ടോര്‍ക്കുമേകുന്ന 4.2 kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് സ്‌കൂട്ടറിന്റെ ഹൃദയം. 1000 ചാര്‍ജിങ് സൈക്കിളും ബാറ്ററിക്ക് ആയുസ്സുണ്ട്, അതായത് 70000 കിലോമീറ്ററോളം ബാറ്ററി മാറ്റാതെ യാത്ര തുടരാം. നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനും സാധിക്കും. സ്റ്റാര്‍ട്ട് ചെയ്ത് തുടക്കത്തില്‍ ഒരു 50 സിസി പെട്രോള്‍ സ്‌കൂട്ടര്‍ നല്‍കുന്ന പെര്‍ഫോമെന്‍സ് വെസ്പ ഇലക്ട്രിക നല്‍കും.

ആവശ്യത്തിനുള്ള ലെഗ് സ്‌പേസും മുന്നിലുണ്ട്. ബ്ലൂ ബോഡി ലൈനിനൊപ്പം പൂര്‍ണമായും സില്‍വര്‍ നിറത്തിലാണ് എക്‌സ്റ്റീരിയര്‍. ഫോണുമായി കണക്ട് ചെയ്യാവുന്ന 4.3 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പ്രീമിയം സ്‌കൂട്ടര്‍ നിരയില്‍ വെസ്പയ്ക്ക് സ്ഥാനം നല്‍കും,  എല്‍ഇഡി ഹെഡ്‌ലൈറ്റ്, യുഎസ്ബി സോക്കറ്റ്, 12 ഇഞ്ച് ഫ്രണ്ട് വീല്‍-11 ഇഞ്ച് റിയര്‍ വീല്‍, സീറ്റിനടിയില്‍ മികച്ച സ്റ്റോറേജ് സ്‌പേസ് എന്നിവയാണ് മറ്റു സവിശേഷതകള്‍. എക്കോ, പവര്‍ എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ സ്‌കൂട്ടറിനുണ്ട്. എക്കോ മേഡില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ മാത്രമാണ് പരമാവധി വേഗത. 

Vespa Electrica

Content Highlights; Piaggio Unveils Vespa Elettrica In India