ഒഴുകിയിറങ്ങുന്ന രൂപം, ആരും ഒറ്റനോട്ടത്തില്‍ മയങ്ങും, ഉള്ളിലോ കൊട്ടാരത്തില്‍ കയറിയ പ്രതീതി. അതാണ് മെഴ്സിഡസ് മേബാക്ക് എസ് 650. മുന്നിലെ ബെന്‍സ് ബാഡ്ജിങ് തന്നെ മതി. ഒരു പവന് തൂക്കം. ഓട്ടോ എക്സ്പോയില്‍ ഇന്ത്യയ്ക്കുവേണ്ടി പുറത്തിറക്കിയ മെഴ്സിഡസിന്റെ മേബാക്ക് ശ്രേണിയിലെ മുമ്പനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നീലക്കുപ്പായമിട്ട സുന്ദരികള്‍ അടുത്തു നില്‍ക്കുന്നുണ്ടെങ്കിലും കണ്ണിമയ്ക്കാതെ ആരും നോക്കുന്നത് ഈ സുന്ദരനെയാണ്. അത്രയ്ക്കുമുണ്ട് ഫിനിഷിങ്ങും ആഢ്യത്വവും.
2.67 കോടി രൂപയാണ് വില. മെഴ്സിഡസിന് കീഴിലുള്ള മേബാക്കിന്റെ ലിമോസീനാണ് ഇവിടെയിറക്കിയ എസ് 650. ബൈടര്‍ബോ 6.0 ലിറ്റര്‍ വി 12 എന്‍ജിനാണ് ശക്തിപകരുന്നത്. 5,500 ആര്.പി.എമ്മില്‍ 621 ബി.എച്ച്.പി. കരുത്തും 2,300-4,200 ആര്‍പിഎമ്മില്‍ 1,000 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് എന്ജിന്. സെവന് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് നാല് ചക്രങ്ങളിലേക്കും എന്ജിന് കരുത്തെത്തിക്കുന്നത്.
നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.6 സെക്കന്‍ഡുകള്‍ മതി. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. എസ് ക്ലാസില്‍ കാണുന്ന വലിയ ഗ്രില്‍ തന്നെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ക്രോം പൊതിഞ്ഞതാണ് ബമ്പറുകള്‍. മാജിക് ബോഡി കണ്ട്രോള്, മാജിക് സ്കൈ കണ്ട്രോള്, ക്രിസ്റ്റല്‍ ഡിസൈന്‍ ടെയില്‍ ലാമ്പ്, മള്‍ട്ടിബീം ഹെഡ്ലൈറ്റുകള് എന്നിവയാണ് പ്രത്യേകതകള്‍. റഡാര്‍ നിയന്ത്രിക്കുന്ന ക്രൂയിസ് കണ്ട്രോളുമുണ്ട്.
ഫോട്ടോസ്; സി.സജിത്
Content Highlights; Mercedes-Maybach S 650 Launched In Auto Expo 2018