ഹോണ്ടയുടെ ഏറ്റവും പുതിയ 160 സിസി മോട്ടോര്‍ ബൈക്ക് എക്‌സ് ബ്ലേഡ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കി. ഈ സാമ്പത്തിക വര്‍ഷം ഹോണ്ട വിപണിയിലെത്തിക്കുന്ന നാലാമത്തെ മോഡലാണിത്. സുസുക്കി ജിക്‌സര്‍, ബജാജ് പള്‍സര്‍ NS 160 എന്നിവയാണ് എക്‌സ് ബ്ലേഡിനെ കാത്തിരിക്കുന്ന എതിരാളികള്‍. നിലവില്‍ വിപണിയിലുള്ള സിബി ഹോര്‍ണറ്റ് 160R  മോഡലിനോട് ചേര്‍ന്ന് നില്‍ക്കുന്ന രൂപമാണ് വാഹനത്തിനുള്ളത്. എന്നാല്‍ യുവാക്കളെ ലക്ഷ്യമിട്ട് ഡിസൈനില്‍ കൂടുതല്‍ സ്‌പോര്‍ട്ടി രൂപത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ഈ മാര്‍ച്ചോടെ വാഹനം വിപണിയിലെത്തും. 85000-90000 രൂപയ്ക്കുള്ളില്‍ വില പ്രതീക്ഷിക്കാം. ഹെഡ്‌ലാംമ്പ് ക്ലസ്റ്റര്‍ പൂര്‍ണമായും പുതിയ ഡിസൈനിലാണ്. ഫുള്‍ എല്‍ജിഡി ആണ് ഹെഡ്‌ലൈറ്റ്. ഉയരം കുറഞ്ഞ ഫ്‌ളൈസ്‌ക്രീനും മുന്‍ഭാഗത്തെ വേറിട്ടുനിര്‍ത്തും. അപ്പാച്ചെക്ക് സമാനമായി ടാങ്ക് എക്സ്റ്റന്‍ഷനും എക്‌സ് ബ്ലേഡിലുണ്ട്. ടെയില്‍ലൈറ്റും എല്‍ഇഡിയാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണമായും ഡിജിറ്റലാണ്. ഗിയര്‍ പൊസിഷന്‍ ഇന്‍ഡികേറ്റര്‍, സര്‍വ്വീസ് റിമൈന്‍ഡര്‍, ഹസാര്‍ഡ് ലൈറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഇതില്‍ ദൃശ്യമാകും. 

Honda X Blade

സിബി ഹോര്‍ണറ്റ് 160 R-ന് കരുത്തേകുന്ന അതേ 162 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് എക്‌സ് ബ്ലേഡിനും കരുത്തേകുക. 13.93 ബിഎച്ച്പി പവറും 13.9 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. എക്‌സ് ബ്ലേഡിന് പുറമേ ആക്ടീവ 5G, ലിവോ, സിബി ഷൈന്‍, സിബി ഷൈന്‍ എസ്പി, സിബി ഹോര്‍ണറ്റ് 160R, CBR 250R, CBR 650F, ആഫ്രിക്ക ട്വിന്‍, CBR1000RR, ഗോള്‍ഡ് വിങ്ങ് എന്നീ ബൈക്കുകളും ഇത്തവണ ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്. 

Content Highlights; Honda X-Blade unveiled in Auto Expo 2018