ഹോണ്ട നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആക്ടീവ സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പായ ആക്ടീവ 5G ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കി. നേരത്തെയുള്ള ആക്ടീവ 4G മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് 5G. പൊസിഷന്‍ ലാമ്പോടുകൂടിയ ആള്‍ എല്‍ഇഡി ഹെഡ്‌ലാംമ്പ്, ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍  എന്നിവ പുതിയ ആക്ടീവയില്‍ സ്ഥാനംപിടിച്ചു. 

എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും വാഹനം എപ്പോള്‍ വിപണിയിലെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം പകുതിയോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. വില അറിയാനും കൂടുതല്‍ കാത്തിരിക്കേണ്ടി വരും. എക്സ്റ്റീരിയര്‍ നിറത്തില്‍ (ഡാസില്‍ യെല്ലോ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടണ്‍ റെഡ്) ഒഴികെ രൂപത്തില്‍ നാലാം തലമുറ ആക്ടീവയ്ക്ക് സമാനമാണ് പുതിയ അതിഥി. 

Activa 5G

ഫോര്‍ ഇന്‍ വണ്‍ കീ സംവിധാനം വഴി താക്കോള്‍ ഊരാതെ തന്നെ സീറ്റ് തുറക്കാനും സാധിക്കും. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് പഴയപടി തുടരും. 8 ബിഎച്ച്പി പവറും 9 എന്‍എം ടോര്‍ക്കുമേകുന്ന 109 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് 5G-ക്കും കരുത്തേകുക. ഫോര്‍ ജി, ആക്ടീവ ഐ, ആക്ടീവ 125 എന്നീ മൂന്നു മോഡലുകളാണ് നിലവില്‍ ആക്ടീവ നിരയില്‍ വിപണിയിലുള്ളത്. 

Content Highlihts; Honda Activa 5G Unveiled At Auto Expo 2018