ഓട്ടോ എക്സ്പോയിലെ വൈദ്യുത സൂപ്പര്‍ബൈക്കായ എംഫ്ലക്സ് വണ്ണിന് വില ആറു ലക്ഷം. ഇന്ത്യയില്‍ വില്ക്കാന് പോകുന്നത് 119 എണ്ണം മാത്രം. എംഒലിന്സ് സസ്പെന്‍ഷനും അള്‍ട്രാലൈറ്റ് കാര്‍ബണ്‍ ഫൈബര്‍ പാനലുകളുമായുള്ള അടുത്ത മോഡലിന് വില 11 ലക്ഷം രൂപ. ഇന്ത്യയില്‍ ഇത്രയേ ഉള്ളുവെങ്കിലും വിദേശ വിപണികളിലേക്കായി 300 വൈദ്യുത സൂപ്പര്‍ബൈക്കുകള്‍ നിര്‍മിക്കുന്നുണ്ട്.
ത്രീഫെയ്സ് എസി ഇന്‍ഡക്ഷന്‍ മോട്ടോറിലാണ് പ്രവര്‍ത്തനം. ഹൈപവര്‍ സാംസങ് സെല്ലുകളോട് കൂടിയ ലിക്വിഡ് കൂള്‍ഡ് 9.7 കിലോവാട്ട് ബാറ്ററി പാക്കാണ് ഇതിന്റെ ഹൃദയം. 80.4 ബി. എച്ച്.പി. കരുത്ത് ഉത്പാദിപ്പിക്കാന്‍ ഈ മോട്ടോറിന് സാധിക്കുമെങ്കിലും 71 ബി.എച്ച്.പിയായി കരുത്ത് നിയന്ത്രിച്ചിട്ടുണ്ട്. 75 എന്‍.എം. ടോര്‍ക്കാണ് പരമാവധി. സിംഗിള്‍ സ്പീഡ് ഗിയര്‍ ബോക്സിലൂടെയാണ് വൈദ്യുത മോട്ടോറില്‍ നിന്ന് പിന്‍ചക്രത്തിലേക്ക് കരുത്തെത്തുക.
നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മൂന്ന് സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 200 കിലോമീറ്ററാണ് മോഡലിന്റെ ടോപ് സ്പീഡ്. ഒറ്റചാര്‍ജിൽ 200 കിലോമീറ്റര്‍ വരെ പോകും. അരമണിക്കൂര്‍ കൊണ്ട് 85 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. 43 മില്ലീമീറ്റര്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും 46 മില്ലീമീറ്റര്‍ ഗ്യാസ് ചാര്‍ജ്ഡ് റിയര്‍ ഷോക്കുമാണ് ബേസ് വേരിയന്റ് എംഫ്ലക്സ് വണ്ണിനുള്ളത്.
നാല് പിസ്റ്റണ്‍ കാലിപ്പറോട് കൂടിയ ഡ്യൂവല്‍ 300 മില്ലിമീറ്റര്‍ ബ്രെമ്പോ ഡിസ്ക് മുന്നിലും 220മില്ലീമീറ്റര്‍ ബ്രെമ്പോ ഡിസ്ക് പിന്നിലുമാണ് ബ്രേക്ക്. ഗ്ലാസ് ഫൈബര്‍ ബോഡി പാനലിലാണ് നിര്‍മാണം. കാര്‍ബണ്‍ ഫൈബര്‍ ബോഡി പാനലും ലഭ്യമാണ്. 169 കിലോഗ്രാമാണ് ഭാരം. താഴ്ന്നിറങ്ങി വരുന്ന എല്‍ഇഡി ഹെഡ്ലൈറ്റാണ് വാഹനത്തിന്റെ ഹൈലൈറ്റ്. സിംഗിള്‍ എല്‍ഇഡിയാണ് പിന്നിലുള്ളത്. ഇന്‍സ്ട്രമെന്റ് കണ്‍സോളിന് പകരം കമ്പനി നല്‍കിയിട്ടുള്ളത് സ്മാര്‍ട്ട്ഫോണ്‍ സംവിധാനമാണ്.
ഫോട്ടോസ്; സാബു സ്കറിയ
Content Highlights; Emflux One Electric Superbike Unveiled At Auto Expo 2018