ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയയും ബജാജുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം കവാസാക്കിയും ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇത്തവണ ആദ്യമായി എത്തിയവരാണ്‌. മാസങ്ങള്‍ക്ക് മുന്‍മ്പെ ഇവരുടെ വരവ് എല്ലാവരും അറിഞ്ഞു. എന്നാല്‍ ഇവര്‍ക്കൊപ്പം അധികം ആഘോഷങ്ങളില്ലാതെ ഇന്ത്യ പിടിക്കാന്‍ എത്തിയ അതിഥിയാണ് ക്ലീവ്‌ലാന്റ് സൈക്കിള്‍വേര്‍ക്ക്‌സ്. ഹാര്‍ലിയടക്കം ഐതിഹാസിക ഇരുചക്ര വാഹനങ്ങള്‍ ഡസന്‍ കണക്കിന് വിലയുന്ന അമേരിക്കന്‍ തറവാട്ടില്‍നിന്നാണ് ക്ലീവ്‌ലാന്റും ഇന്ത്യയിലെത്തുന്നത്. 

Cleveland CycleWerks
Cleveland Ace

ആഗോളതലത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന രണ്ടു മോഡലുകളാണ് ഓട്ടോ എക്‌സ്‌പോയില്‍ ക്ലീവ്‌ലാന്റ് അവതരിപ്പിച്ചത്. ക്ലീവ്‌ലാന്റ് എയ്‌സ്, ക്ലീവ്‌ലാന്റ് മിസ്ഫിറ്റ് എന്നിവരാണ് ആ രണ്ടു താരങ്ങള്‍. തെലുങ്കാനയില്‍ നിര്‍മാണ കേന്ദ്രമുള്ള LMMW-യുമായി കൈകോര്‍ത്താണ് ക്ലീവ്‌ലാന്റ് ഇന്ത്യന്‍ മണ്ണില്‍ അടിത്തറ സ്ഥാപിക്കാനൊരുങ്ങുന്നത്. അധികം വൈകാതെ ക്ലീവ്‌ലാന്റ് ബൈക്കുകള്‍ വിപണിയിലെത്തുമെന്നാണ് സൂചന. പ്രാദേശികമായി നിര്‍മിച്ചാല്‍ ഒന്നര ലക്ഷത്തിനുള്ളിലാകും ആദ്യ മോഡലുകളുടെ വിപണി വില. 

Cleveland CycleWerks
Cleveland Ace

യുവാക്കളെ ലക്ഷ്യമിട്ട് റെട്രോ സ്‌റ്റൈലിലാണ് എല്ലാ മോഡലും. എന്‍ജിന്‍ പവറില്‍ അല്‍പം പിറകിലാണെങ്കിലും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിനോടാണ് പ്രധാനമായും ക്ലീവ്‌ലാന്റ് എയ്‌സിന്റെ മത്സരം. എയ്‌സ് ബ്രാന്റിന് കീഴില്‍ ഡിലക്‌സ്, സ്‌ക്രാബ്ലര്‍, കഫെ എന്നീ മൂന്ന് പതിപ്പുകളെത്തും. ഇവയ്‌ക്കെല്ലാം 229 സിസി എന്‍ജിനാണ് കരുത്തുപകരുക. എയര്‍കൂള്‍ഡ് 4 സ്‌ട്രോക്ക് സിംഗില്‍ സിലിണ്ടര്‍ എന്‍ജിന്‍ 15.4 ബിഎച്ച്പി പവറും 16 എന്‍എം ടോര്‍ക്കുമേകും. മിസ്ഫിറ്റ് ശ്രേണിയില്‍ രണ്ടു മോഡലുകളെത്തും. എയ്‌സിന്റെ അതേ എന്‍ജിനാണ് മിസ്ഫിറ്റിന്റെയും ജീവവായു. 

Content Highlights; Cleveland CycleWerks Has Made Its Entry In India