ടിവിഎസും ക്രൂയിസറില്‍ നോട്ടമിടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാടോടുമ്പോള്‍ നടുവേ ഓടുകയാണ് ടിവിഎസ്. അപ്പാച്ചെയുടെ എഥനോള്‍ പതിപ്പ്, പുതിയ വൈദ്യുത സ്‌കൂട്ടറുകള്‍ ഇപ്പോള്‍ ഇതാ ഒന്നാന്തരമൊരു ക്രൂയിസറും. ടിവിഎസിന്റെ പവലിയനില്‍ വ്യത്യസ്ഥതകളാണ് നിറയെ. ആളു കാണുന്ന വിധത്തില്‍ തന്നെയാണ് ടിവിഎസിന്റെ ക്രൂയിസര്‍ കണ്‍സെപ്റ്റ് സെപ്‌ലിന്‍ ഇരിക്കുന്നത്. ആരും നോക്കിപ്പോകുന്ന രൂപവുമാണ്. 

TVS Zeppelin

ടിവിഎസിന്റെ ഫ്യൂച്ചറിസ്റ്റിക് ക്രൂയിസര്‍ കോണ്‍സെപ്റ്റാണ് സെപ്‌ലിന്‍. ഭാവി ഡിസൈാണെന്ന് പറയുന്നുണ്ടെങ്കിലും ക്ലാസിക് മുഖച്ഛായക്ക് വല്ലാതൊരു മാറ്റമൊന്നുമില്ല. പെര്‍ഫോര്‍മന്‍സ് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളെന്നാണ് സെപ്‌ലിനെ കമ്പനി അവതരിപ്പിക്കുന്നത്. ടിവിഎസ് സ്വായത്തമാക്കിയ സാങ്കേതിക വിദ്യയായ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സെപ്‌ലിനില്‍ ഉപയോഗിച്ചിരിക്കുന്നു. ഇതിന് ഇൗബൂസ്റ്റ് എന്ന് വിളിക്കും. പ്രകടനവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്താന്‍ ഇബൂസ്റ്റ് സാങ്കേതികതയ്ക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്ന വാദം. 

48 V ലിഥിയം അയോണ്‍ ബാറ്ററിയോടെയുള്ള 1,200 വാട്ട് റീജനറേറ്റീവ് അസിസ്റ്റ് മോട്ടോറാണ് 220 സിസി എഞ്ചിന് വേണ്ട ശക്തി നല്‍കുന്നത്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇരുപതു ശതമാനത്തോളം അധിക ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ മോട്ടോറിന് കഴിയും. മാറ്റ് ബ്ലാക്, റസ്റ്റിക് ബ്രൗണ്‍ നിറങ്ങളിലാണ് സെപ്‌ലിനുള്ളത്. അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ ഒതുങ്ങിയ ഹെഡ്‌ലൈറ്റ് എന്നിവ ഡിസൈന്‍ സവിശേഷതകളാണ്. താഴ്ന്ന ബാറുകളും മുന്നിലേക്ക് ആഞ്ഞു നില്‍ക്കുന്ന ഫൂട്ട്‌റെസ്റ്റുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാണ്. 

Zeppelin

ഭാരം കുറഞ്ഞ ട്യൂബ്‌ലെസ് സ്‌പോക്ക് വീലുകള്‍, 41 മില്ലിമീറ്റര്‍ അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ് എന്നിവയും ഇതിലുണ്ട്. എല്‍.ഇ.ഡി ലൈറ്റുകളാണ് മുഴുവനായുമുള്ളത്. സ്മാര്‍ട്ട് ബയോകീ, ഇലക്ട്രോണിക് സ്പീഡോമീറ്റര്‍, ഓണ്‍ലൈന്‍ കണക്ടിവിറ്റി പോലുള്ള സ്മാര്‍ട്ട് വിശേഷങ്ങളളുമുണ്ട്. സാഹസികയാത്രകള്‍ പകര്‍ത്താനായി വാഹനത്തിന്റെ മുന്നില്‍ തന്നെ ഹൈ ഡെഫനിഷന്‍ ക്യാമറയുമുണ്ട്. 

ചിത്രങ്ങള്‍; സാബു സ്‌കറിയ

Content Highlights; TVS Zeppelin Cruiser Concept Unveiled At Auto Expo 2018