ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടിവിഎസ് അവതരിപ്പിച്ച വൈദ്യുത സ്കൂട്ടറാണ് ക്രിയോണ്‍. ടിവിഎസിന്റെ പുതുതലമുറ വൈദ്യുതമോട്ടോര്‍ കരുത്തില്‍ ഒരുങ്ങിയിരിക്കുന്ന ക്രിയോണ്‍ ഇഴഞ്ഞു നീങ്ങുന്ന വൈദ്യുത സ്കൂട്ടറുകളുടെ ഗണത്തില്‍ പെടുത്തരുത്. നൂറു കിലോമീറ്റര്‍ വേഗതയെത്താന്‍ വെറും 5.1 സെക്കന്‍ഡുകള്‍ മതി. ഒറ്റചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനും കഴിയും. ഒരു മണിക്കൂര്‍ കൊണ്ടു ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ്ജ് ചെയ്യപ്പെടുമെന്നാണ് കമ്പനിയുടെ അവകാശവാദം. 12 കിലോവാട്ട് ഉത്പാദിപ്പിക്കുന്ന മൂന്ന് ലിഥിയം അയോണ്‍ ബാറ്ററികളിലാണ് ഇതിന്റെ ഹൃദയം.
സാങ്കേതിക രംഗത്തെ അതികായരായ ഇന്റലാണ് പുതിയ ക്രിയോണിന് വേണ്ടിയുള്ള സ്മാര്‍ട്ട് കണക്ടിവിറ്റി സൗകര്യങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്. സാധാരണ വൈദ്യുത സ്കൂട്ടറുകള്‍ക്ക് കാണുന്നതുപോലെ പാവം രൂപമല്ല ക്രിയോണിന്. കരുത്തും സൗന്ദര്യവും ഒരുപോലെ സമം ചേര്‍ത്താണ് നിര്‍മാണം. വെള്ളയും ചുവപ്പുമെല്ലാം കലര്‍ന്ന് ആരുടേയും കണ്ണിലുടക്കുന്ന രീതിയിലാണ് നിര്‍മാണം. കടും ചുവപ്പിലുള്ള നാല് ഫ്ളോട്ടിംഗ് പാനലുകലാണ് മുന്‍ഭാഗം. താഴ്ന്ന പാനലുകളില്‍ സ്കൂട്ടറിന്റെ പേരുണ്ട്.
പിന്‍ഭാഗം സ്പോര്‍ട്സ് ബൈക്കുകളെയാണ് ഓര്‍മിപ്പിക്കുക. ചെറിയ സീറ്റും നീളം കുറഞ്ഞ വാല്‍ഭാഗവും ക്രിയോണിന് ചന്തം പകരുന്നു. ആപ്പ് മുഖേന സ്മാര്‍ട്ട് ഫോണുമായി വാഹനത്തെ ബന്ധിപ്പിക്കാം. ക്ലൗഡ് കണക്ടിവിറ്റി, മൂന്ന് റൈഡിംഗ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, പാര്‍ക്ക് അസിസ്റ്റ് സേഫ്റ്റി, ആന്റിതെഫ്റ്റ്, ജിപിഎസ് നാവിഗേഷന്‍, ജിയോഫെന്‍സിംഗ് എന്നിങ്ങനെ സാങ്കേതികത നീളുന്നു. ബ്രേക്ക് രണ്ടും ഡിസ്ക്കാണ്. സിംഗിള്‍ ചാനല്‍ എബിഎസുമുണ്ട്.
Content Highlights; TVS Creon Electric Scooter Concept Showcased at Auto Expo 2018