മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇ-സര്‍വൈവര്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ഇതുവരെ കണ്ടുപരിചയിച്ച പതിവ് മാരുതി മുഖങ്ങളില്‍നിന്ന് പൂര്‍ണമായും വ്യത്യസ്ത രൂപത്തിലാണ് ഇ-സര്‍വൈവര്‍ നിര്‍മിച്ചത്. ഇലക്ട്രിക് കരുത്തില്‍ ഏതു ദുര്‍ഘട പാതയും എളുപ്പത്തില്‍ കീഴടക്കാന്‍ കഴിവുള്ള ഓഫ് റോഡ് എസ്.യു.വി.യാണ് ഇ-സര്‍വൈവര്‍. കഴിഞ്ഞ ടോക്കിയോ മോട്ടോര്‍ ഷോയിലായിരുന്നു ഇതിന്റെ ആദ്യ പ്രദര്‍ശനം. പൂര്‍ണമായും ഇലക്ട്രിക് കരുത്തിലാണ് ഈ കണ്‍സെപ്റ്റ് മോഡല്‍ നിര്‍മിച്ചത്. ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള കമ്പനിയുടെ ആദ്യ കാല്‍വയ്പ്പാണ് ഇ-സര്‍വൈവര്‍. 

e survivor

തൊണ്ണൂറുകളില്‍ സുസുക്കിയുടെ താര രാജാക്കന്‍മാരായിരുന്ന X90, ജിംനി, വിറ്റാര എന്നീ മോഡലുകളുടെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ രൂപകല്‍പന.  ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ വീല്‍ ആര്‍ക്ക് വ്യത്യസ്തമായ അകത്തളം എന്നിവ ഇ-സര്‍വൈവറിനെ വ്യത്യസ്തനാക്കും. രണ്ടു പേര്‍ക്ക് മാത്രമേ ഈ ഓപ്പണ്‍ റൂഫ് വാഹനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കു. ഭാരം വളരെ കുറഞ്ഞ മോഡലാണ് ഇ-സര്‍വൈവറെന്നാണ് കമ്പനി പറയുന്നത്. ഇതുവഴി പെര്‍ഫോമെന്‍സ് വര്‍ധിപ്പിക്കാന്‍ സാധിക്കും. 

e survivor

റിയര്‍വ്യൂ മിററിന് പകരം ക്യാമറകള്‍ നിരത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി ഡ്രൈവറുടെ മുന്നിലെത്തിക്കും. നാലു വീലിലേക്കും ഒരുപോലെ ഊര്‍ജമെത്തിക്കാന്‍ ഇലക്ട്രിക് മോട്ടോറിന് സാധിക്കും. വരാനിരിക്കുന്ന പുതുതലമുറ ജിംനിക്ക് സമാനമായി ലാഡര്‍ ഫ്രെയിമിലാണ് വാഹനത്തിന്റെ നിര്‍മാണം. 2020-ല്‍ കമ്പനിയുടെ നൂറാം വാര്‍ഷികാഘോഷ വേളയില്‍ ഇ-സര്‍വൈവര്‍ പ്രൊഡക്ഷന്‍ സ്‌പെക്കിന്റെ നിര്‍മാണം ആരംഭിക്കുക. 

e survivor

ചിത്രങ്ങള്‍; സാബു സ്‌കറിയ

Content Highlights; Maruti Suzuki e-Survivor concept makes India debut