വൈദ്യുത ഹൈബ്രിഡ് വാഹനങ്ങളായിരിക്കും ഇത്തവണ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണം. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ആറു ചക്രബസുകള്‍ വരെ ഇതിലുണ്ടാവും. വൈദ്യുതിയോ ഹൈബ്രിഡോ ആയിരിക്കും ഇവ. ഇ സര്‍വൈവര്‍ കണ്‍സെപ്റ്റായിരിക്കും മാരുതിയുടെ സംഭാവന. ടാറ്റാ മോട്ടോര്‍സിന്റെ സ്റ്റാളില്‍ വൈദ്യുതീകരിച്ച ടിഗോര്‍, ടിയാഗോ, നാനോ, ബസുകള്‍ എന്നിവ കാണാം. പാസഞ്ചര്‍, കമേഴ്‌സ്യല്‍ വിഭാഗങ്ങളിലായി 26 മൊബിലിറ്റി സൊല്യൂഷന്‍സാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

ഫ്രഞ്ച് ഭീമനായ റെനോയാകട്ടെ കാര്‍ബണ്‍ ബോഡിയില്‍ നിര്‍മിച്ച ടു സീറ്റര്‍ വൈദ്യുത കൂപ്പെ ട്രെസര്‍ കൊണ്ടുവരും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നാണ് കമ്പനി വാദം. ഇതിന് പുറമെ ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ യാത്രചെയ്യാമെന്ന് അവകാശപ്പെടുന്ന ഹാച്ച്ബാക്ക് സോയും റെനോ സ്റ്റാളിലുണ്ടാവും. മഹീന്ദ്ര മഹീന്ദ്രയാണ് വൈദ്യുത വാഹനങ്ങളുടെ ശ്രേണിയുമായി എത്തിയിരിക്കുന്ന മറ്റൊരു കമ്പനി. ടാറ്റയോടൊപ്പം ഏറ്റവുമധികം വൈദ്യുത കാറുകളുടെ പ്രദര്‍ശനം ഇവരുടെ സ്റ്റാളിലുണ്ടാവും. ഇ2 ഒ, ഇ വേരിറ്റോ, എന്നിവയിലൂടെ വൈദ്യുത വാഹനങ്ങളുണ്ടാക്കുന്ന കമ്പനികളില്‍ ഇടംപിടിച്ചതായിരുന്നു മഹീന്ദ്ര. ഇന്ത്യയിലിപ്പോള്‍ വൈദ്യുത വാഹനങ്ങളുടെ നിര്‍മാണത്തില്‍ മുന്നില്‍ നില്‍ക്കുന്നതും മഹീന്ദ്ര തന്നെയാണ്. വൈദ്യുത മുച്ചക്ര വാഹനവും, കാര്‍ഗോ വാനും നിര്‍മിച്ച് മുന്നിലാണ് അവര്‍. അവരില്‍ നിന്നും ഒരുപിടി വൈദ്യുത വാഹനങ്ങളെ പ്രതീക്ഷിക്കുന്നുണ്ട്. 

ടൊയോട്ടയും, ഹോണ്ടയും ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങളുമായി എത്തുന്നുണ്ട്. ഹ്യുണ്ടായ് തങ്ങളുടെ ആദ്യ വൈദ്യുത കാര്‍ 2020ല്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഐണിക്ക് ബ്രാന്‍ഡിലായിരിക്കും ഹ്യുണ്ടായുടെ വൈദ്യുത വാഹനങ്ങള്‍. ടി. വി. എസില്‍ നിന്നും ഹീറോയില്‍ നിന്നും ഹൈബ്രിഡ്, വൈദ്യുത സ്‌കൂട്ടറുകളുമുണ്ടാവും. ഇവയെക്കൂടാതെ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസും, ബിഎംഡബ്യു കമ്പനികളും തങ്ങളുടെ ഭാഗവും അവതരിപ്പിക്കും. 

Content Highlights; Electric, hybrid vehicles are main attraction in this year delhi auto expo