ഫെബ്രുവരി 9 മുതല്‍ 14 വരെ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലെ പ്രധാന താരങ്ങളിലൊരാളാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ യുഎം മോട്ടോര്‍സൈക്കിള്‍സ്. എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനായി നിരവധി മോഡലുകളും കമ്പനി ഇന്ത്യയിലെത്തിക്കുന്നുണ്ട്. ഇക്കൂട്ടത്തിലെ ഫ്രീക്കനാണ് 230 സിസി ക്രൂസര്‍ മോഡല്‍. യുഎം ഇന്ത്യ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കും ഈ ക്രൂസര്‍ എന്നാണ് സൂചന. റെനഗേഡ് സ്‌പോര്‍ട്ട് എസിന് തൊട്ടുതാഴെയാണ് പുതിയ ക്രൂസറിന്റെ സ്ഥാനം. 

പുതിയ ക്രൂസറിന്റെ പേരും കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. വില പരമാവധി കുറയ്ക്കാനായി നിലവിലുള്ള യുഎം ബൈക്കുകളുടെ പല ഭാഗങ്ങളും അതേപടി ഇതില്‍ നല്‍കും. ഏകദേശം ഒന്നര ലക്ഷത്തിനുള്ളിലാകും ക്രൂസറിന്റെ വിപണി വില. 20 എച്ച്പി പവര്‍ നല്‍കുന്ന എയര്‍ കൂള്‍ഡ് എന്‍ജിനാകും വാഹനത്തിന് കരുത്തേകുക. ഇതിന്‌ പുറമേ ഒരു സമ്പൂര്‍ണ്ണ ഇലക്ട്രിക് ലിക്വിഡ് കൂള്‍ഡ് ക്രൂസറും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച റെനഗേഡ് ഇലക്ട്രിക് ആയിരിക്കും ഇതെന്നാണ് സൂചന. 600 സിസി എന്‍ജിന്‍ നല്‍കുന്ന കരുത്ത് ഈ ഇലക്ട്രിക് മോഡല്‍ നല്‍കുമെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള റെനഗേഡ് കമാന്റോ ക്ലാസിക്, റെനഗേഡ് കമാന്റോ മൊജാവ്, റെനഗേഡ് കമാന്റോ, റെനഗേഡ് സ്‌പോര്‍ട്‌സ് എസ് എന്നീ മോഡലുകളും ഓട്ടോ എക്‌സ്‌പോയില്‍ യുഎം പ്രദര്‍ശിപ്പിക്കും. 

Content Highlights; New UM 230cc cruiser to debut at Auto Expo 2018