2020 മുതല്‍ എല്ലാ കാറുകളുടെയും പരമാവധി വേഗപരിധി മണിക്കൂറില്‍ 180 കിലോമീറ്ററാക്കി നിജപ്പെടുത്തുമെന്ന് സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ അറിയിച്ചു. പുതിയ വോള്‍വോ കാറുകളില്‍ റോഡപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യരുതെന്ന് ലക്ഷ്യമിട്ടാണ് വോള്‍വോ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്. കമ്പനിയുടെ 2021 മോഡലുകള്‍ മുതലാണ് ഈ വേഗതപരിധിയിലേക്ക് മാറുക. 

നിലവില്‍ ലോകത്തെ ഏറ്റവും സുരക്ഷിത വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് വോള്‍വോ. അതേസമയം സുരക്ഷയ്ക്കായി എന്തൊക്കെ ടെക്‌നോളജി വാഹനത്തിലുണ്ടെങ്കിലും അമിത വേഗതയില്‍ കുതിക്കുമ്പോള്‍ അപകടം നിയന്ത്രിക്കാന്‍ പരിമിതികളുണ്ടെന്ന് വോള്‍വോ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. യുഎസ് നാഷ്ണല്‍ ഹൈവേ ആന്‍ഡ് ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം 2017-ല്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരില്‍ 25 ശതമാനം കേസുകളും അമിത വേഗത കാരണമാണ്. 

വേഗപരിധിക്ക് പുറമേ അടുത്ത വര്‍ഷം മുതല്‍ സ്മാര്‍ട്ട് സ്പീഡ് കണ്‍ട്രോള്‍, ജിയോഫെന്‍സിങ് സംവിധാനം എല്ലാ കാറുകളിലും വോള്‍വോ ഉള്‍പ്പെടുത്തും. സ്‌കൂള്‍, ആസ്പത്രി തുടങ്ങിയ പ്രധാന മേഖലകളിലെത്തുമ്പോള്‍ അമിതവേഗതയില്‍ അപകടകരമായ ഡ്രൈവിങ്ങിന് തടയിടാന്‍ ഓട്ടോമാറ്റിക്കായി വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ ഇതുവഴി വോള്‍വോയ്ക്ക് സാധിക്കും. 

Content Highlights; Volvo to limit the top speed of all its cars to 180 km/h