കാറുകളിലെ സുരക്ഷയില്‍ വോള്‍വോയെ കഴിഞ്ഞേ മറ്റു കമ്പനികള്‍ക്ക് സ്ഥാനമുള്ളു. ലോകത്തെ ഏറ്റവും സുരക്ഷിത വാഹനങ്ങളും വോള്‍വോയുടെ ബ്രാന്‍ഡിലാണ്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് അത്രയേറേ പ്രധാന്യം നല്‍കുന്ന വോള്‍വോ പുതിയ ചില സുരക്ഷാ സംവിധാനങ്ങള്‍ തങ്ങളുടെ കാറില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി 2020 ഓടെ പുറത്തിറങ്ങുന്ന എല്ലാ കാറുകളിലും പരമാവധി വേഗം മണിക്കൂറില്‍ 180 കിലോമീറ്ററാക്കി നിജപ്പെടുത്തുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മദ്യപിച്ചു വാഹനമോടിക്കുന്ന പ്രവണത ഇല്ലാതാക്കാന്‍ കാറുകളില്‍ പുതിയ സംവിധാനം കൊണ്ടുവരുകയാണ് വോള്‍വോ. 

സ്വീഡനില്‍ നടന്ന ചടങ്ങിനിടെയാണ് വോള്‍വോ കാര്‍സ് സിഇഒ ഹകാന്‍ സാമുവല്‍സണ്‍ ഇതുസംന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. നൂതന സെന്‍സറുകളും ക്യാമറയും ഉപയോഗപ്പെടുത്തി ഡ്രൈവര്‍ മദ്യപിച്ചും അമിത വേഗതയില്‍ അശ്രദ്ധമായും വാഹനമോടിക്കുന്നത് തിരിച്ചറിഞ്ഞ് അപകടം ഒഴിവാക്കാനാണ് കമ്പനിയുടെ നീക്കം. ബ്രീത്ത് അനലൈസറിന് സമാനമായ രീതിയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നും അശ്രദ്ധമായ ഡ്രൈവിങ്ങാണോയെന്നും തിരിച്ചറിയുന്ന കാര്‍ സ്വയം വേഗം കുറയ്ക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്ന സംവിധാനമാണ് കമ്പനി വികസിപ്പിക്കുന്നത്.

മൊബൈല്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുമ്പോഴും വോള്‍വോ സ്വയം വേഗം കുറയ്ക്കും. അപകട സാധ്യത ഡ്രൈവറെ അറിയിക്കാനുള്ള ഒരു അപായ സൂചനയും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ വോള്‍വോ ഓണ്‍ കോള്‍ അസിസ്റ്റന്‍സ് വഴി ശബ്ദ സന്ദേശമായും വോള്‍വോ ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിക്കും. എന്നിട്ടും ഡ്രൈവര്‍ പ്രതികരിച്ചില്ലെങ്കില്‍ കാര്‍ സ്വയം വേഗത കുറച്ച് റോഡിന്റെ വശം ചേര്‍ത്ത് പാര്‍ക്ക് ചെയ്യാനുള്ള നൂതന സംവിധാനമാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തുക. SPA 2 അടിത്തറയിലുള്ള വോള്‍വോയുടെ ഉയര്‍ന്ന കാറുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം നല്‍കുക. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ സുരക്ഷയോടെ വോള്‍വോ കാര്‍ എത്തുമെന്നാണ് സൂചന. 

Content Highlights; Volvo Cars to deploy in-car cameras and sensors against intoxication, distraction