കാക്കനാട്: അലങ്കാരം ചാലിച്ചെഴുതിയ നമ്പര്‍ പ്ലേറ്റുമായി കുതിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന ഊര്‍ജിതമാക്കുന്നു. റോഡ് സുരക്ഷയോടനുബന്ധിച്ചാണ് 'നമ്പര്‍പ്ലേറ്റ് ഓപ്പറേഷന്‍' ശക്തമാക്കുന്നത്. ബൈക്കുകളിലെ നമ്പര്‍ പ്ലേറ്റുകളിലാണ് ചിത്രപ്പണി കൂടുതല്‍.

ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോകുമ്പോള്‍ നമ്പര്‍ മനസ്സിലാക്കാന്‍ പോലും ദൃക്സാക്ഷികള്‍ക്ക് സാധിക്കാറില്ല. ചില വാഹനങ്ങളില്‍ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ലെന്ന് പോലീസും പറയുന്നു. മോട്ടോര്‍ വാഹന നിയമം 177-ാം വകുപ്പ് പ്രകാരം പിഴത്തുക വളരെ കുറവായതിനാല്‍ 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് രണ്ടായിരം മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

നമ്പര്‍പ്ലേറ്റ് നിര്‍മിച്ചു നല്‍കുന്നവരെയും വാഹന ഡീലര്‍മാരെയുമാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം റോഡ് പരിശോധന നടത്തി പിഴ ഈടാക്കും. നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയില്‍ നമ്പര്‍ എഴുതണം. മോട്ടോര്‍ കാര്‍, ടാക്സി കാര്‍ എന്നിവയ്ക്ക് മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി. മറ്റ് വാഹനങ്ങള്‍ക്ക് മുന്‍വശത്തെ നമ്പര്‍ ഒറ്റവരിയായി എഴുതാം. 

നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് നാലായിരം, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ. നമ്പര്‍ ചരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പര്‍പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണ്. 

നമ്പര്‍പ്ലേറ്റ് എഴുതി നല്‍കുന്ന സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ആര്‍ടിഒ കെ.എം. ഷാജി അറിയിച്ചു. 

Content Highlights; Vehicles with illegal number plates, MVD takes strict actions