റോഡുമായും വാഹനങ്ങളുമായും ബന്ധപ്പെട്ടുള്ള നിയമങ്ങളെ കുറിച്ച് തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും വര്‍ധിക്കുന്ന കാലത്ത് ഗതാഗത നിയമങ്ങളും ഉത്തരവുകളും വിരല്‍തുമ്പില്‍ ലഭ്യമാക്കുന്ന ആപ്പുമായി മോട്ടോര്‍വാഹന വകുപ്പ്. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് ആന്‍ഡ് റൂള്‍സ് എന്ന പേരിലുള്ള ആപ്പ് വികസിപ്പിച്ചത് എറണാകുളം ആര്‍.ടി. ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കോതമംഗലം സ്വദേശി സി.എം. അബ്ബാസാണ്.

ആപ്പിന്റെ ലോഗോ പ്രകാശനം ശനിയാഴ്ച ഗതാഗതമന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സംവിധാനമെന്ന നിലയ്ക്കാണ് മോട്ടോര്‍ വാഹനവകുപ്പ് ഈ ആപ്പിനെ കുറിച്ച് ചിന്തിക്കുന്നത്. പലപ്പോഴും സാധാരണക്കാരായ ജനങ്ങള്‍ റോഡ് ടാക്സ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ടും മറ്റു സേവനങ്ങളിലും വഞ്ചിതരാവാറുണ്ട്.

ഇതു സംബന്ധിച്ച നിയമങ്ങളെ പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് പ്രധാന പ്രശ്നം. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ആപ്പ് വികസിപ്പിച്ചതെന്ന് വകുപ്പ് അധികൃതര്‍ പറഞ്ഞു. ആപ്പിലൂടെ മോട്ടോര്‍ വാഹന നിയമങ്ങള്‍, ചട്ടങ്ങള്‍, റോഡ് ടാക്‌സ് ഷെഡ്യൂളുകള്‍, ഡ്രൈവിങ് റെഗുലേഷനുകള്‍, ബന്ധപ്പെട്ട കേസ് നിയമങ്ങള്‍ തുടങ്ങിയവയെല്ലാം ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപയോഗിക്കുന്ന ആര്‍ക്കും ലഭിക്കും. 

ഇന്റര്‍നെറ്റില്ലാതെയും ഉപയോഗിക്കാനാകുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചിട്ടുള്ളത്. 4,000 പേജില്‍ അച്ചടിച്ചിട്ടുള്ള വിവരങ്ങളാണ് ഒരൊറ്റ ആപ്ലിക്കേഷനില്‍ ചേര്‍ത്തിട്ടുള്ളത്. 'മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് ആന്‍ഡ് റൂള്‍സ്' എന്ന ആപ്ലിക്കേഷന്‍ ശനിയാഴ്ച മുതല്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. രാജ്യത്തുടനീളമുള്ള മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്കും കോടതികള്‍ക്കും അഭിഭാഷകര്‍ക്കും നിയമ വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ആപ്പ് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Content Highlights: Vehicles Act And Rules App By Motor Vehicle Department