ത്സരയോട്ടം തുടര്‍ച്ചയായി അപകടങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍, ഇതിനുവേണ്ടി വാഹനങ്ങള്‍ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങളും നിരീക്ഷണത്തില്‍. വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാണ്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസിന്റെ സഹായം തേടുമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. രൂപംമാറ്റിയ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ മാത്രമാണ് മോട്ടോര്‍വാഹന വകുപ്പിന് അധികാരമുള്ളത്. ഇവയുടെ രജിസ്ട്രേഷനും റദ്ദാക്കാം. നിയമവിരുദ്ധയേര്‍പ്പാടുകള്‍ക്കു കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേകൂടി നടപടിയെടുക്കാനാണ് പോലീസ് സഹായം തേടുന്നത്.

# നിറംമാറ്റം കുട്ടിക്കളിയല്ല

സ്വകാര്യവാഹനങ്ങളുടെ നിറം മാറ്റാന്‍ മാത്രമാണ് ഉടമയ്ക്ക് അവകാശമുള്ളത്. അതിന് ആര്‍.ടി.ഒ.യുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അപേക്ഷയ്‌ക്കൊപ്പം വാഹനം ഹാജരാക്കണം. വാഹനം പരിശോധിച്ച് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു തെളിഞ്ഞാല്‍ മാത്രമേ നിറം മാറ്റാന്‍ അനുവദിക്കുകയുള്ളൂ. പുതിയ പെയിന്റ് അടിച്ചശേഷം വീണ്ടും പരിശോധനയ്ക്കു ഹാജരാക്കണം. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനം പരിശോധിച്ച ശേഷമേ രജിസ്ട്രേഷന്‍ രേഖകളില്‍ ഇത് ഉള്‍ക്കൊള്ളിക്കുകയുള്ളൂ. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വാഹനങ്ങളുടെ നിറം രേഖപ്പെടുത്താറുണ്ട്. ഇങ്ങനെയല്ലാതെ  നിറം മാറ്റിയാല്‍ കേസെടുക്കാന്‍ കഴിയും. പഴയ നിറത്തിലേക്കു മാറ്റിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാം. ക്രമക്കേടു വ്യാപകമായതിനെത്തുടര്‍ന്ന് നിറം മാറ്റുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

# വിരട്ടാന്‍ ഹോണും ലൈറ്റും

രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് നഗരത്തില്‍ അപകടംവിതയ്ക്കുന്ന മത്സരയോട്ടത്തിന് ഉപയോഗിക്കുന്നത്. ഇവ പകല്‍സമയത്ത് റോഡില്‍ കാണാറില്ല. പലതരത്തിലുള്ള നിയമലംഘനങ്ങളാണ് ഈ വാഹനങ്ങളിലുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ശക്തിയേറിയ ഹോണുകള്‍  മിക്ക വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്. നിരോധിച്ച മെലഡി ഹോണുകള്‍, മറ്റു യാത്രക്കാരെ പേടിപ്പിക്കുന്ന ശബ്ദങ്ങള്‍, മൃഗങ്ങളുടെ കരച്ചില്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഹോണുകള്‍ ഇറക്കുമതിചെയ്ത് വാഹനങ്ങളില്‍ പിടിപ്പിക്കുന്നുണ്ട്. സ്ത്രീഡ്രൈവര്‍മാരെ പേടിപ്പിക്കാന്‍വേണ്ടി ഇത്തരം ഹോണുകള്‍ മുഴക്കുന്നവരുണ്ട്. തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പിന്‍തുടര്‍ന്ന ശേഷം കാതടപ്പിക്കുന്ന ഹോണുകള്‍ തുടര്‍ച്ചയായി അടിച്ച് മുന്നിലുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാരെ വിരട്ടാറുണ്ട്. 

അതിതീവ്രതയേറിയ സെനന്‍ ലൈറ്റുകളും റേസ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നുണ്ട്. ഓഫ് റോഡ്, റാലി ഉപയോഗങ്ങള്‍ക്കു മാത്രം അനുവദിച്ചിട്ടുള്ള ഈ ലൈറ്റുകള്‍, നഗരത്തില്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. നഗരപാതകളില്‍ താഴേക്കു മാത്രം പ്രകാശം വീഴുന്ന വിധത്തില്‍ (ലോ ബീം) മാത്രമേ ഹെഡ്ലൈറ്റ് ഉപയോഗിക്കാവൂ. അപ്പോഴാണ് എതിരേ വരുന്നവരുടെ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ പ്രകാശപൂരവുമായി റേസ് കാറുകള്‍ റോഡിലിറങ്ങുന്നത്. 

ചില റേസ് വാഹനങ്ങളില്‍ സെനന്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് എതിരേ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ വിരട്ടാനാണ്. ഹെഡ്ലൈറ്റ് ഉപയോഗിക്കുകയും എതിേര വാഹനങ്ങള്‍ വരുമ്പോള്‍ അധികമുള്ള ലൈറ്റുകള്‍ പ്രകാശിപ്പിക്കുകയും ചെയ്യും. ഇതുകാരണം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എതിേര വാഹനങ്ങള്‍ വരുമ്പോള്‍ ഹെഡ്ലൈറ്റ് ഹൈ ബീമില്‍നിന്ന് ലോ ബീമിലേക്കു മാറ്റണമെന്നതാണു നിയമം.

# കള്ളന്മാരുടെ  സഹായികള്‍

നിറവും രൂപവും മാറ്റുന്ന ഇരുചക്രവാഹനങ്ങളില്‍ 50 ശതമാനവും രേഖകളില്ലാത്തവയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങള്‍ തിരിച്ചറിയാതിരിക്കാനാണ് നിറവും രൂപവും മാറ്റുന്നത്. തലസ്ഥാനത്തുനിന്നു മോഷ്ടിക്കുന്ന വാഹനങ്ങളില്‍ മാറ്റം വരുത്തി തമിഴ്നാട്ടിലേക്കു കടത്തിയിരുന്ന രണ്ടുപേര്‍ അടുത്തിടെ പോലീസിന്റെ പിടിയിലായിരുന്നു. ചെറിയതുറ വേളാങ്കണി ജങ്ഷനിലെ വര്‍ക്ക്ഷോപ്പ് ഉടമകളാണ് തമിഴ്നാട് പോലീസിന്റെ പിടിയിലായത്. ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ രഹസ്യമായി അറ്റകുറ്റപ്പണി നടത്തിക്കൊടുക്കുന്ന ചില സ്ഥാപനങ്ങളും തലസ്ഥാനത്തുണ്ട്. അംഗീകൃത വര്‍ക്ക്ഷോപ്പുകള്‍ ഇത്തരം ജോലികള്‍ ഏറ്റെടുക്കാറില്ല. ചില സ്ഥാപനങ്ങള്‍ക്ക് രഹസ്യ ഗോഡൗണുകള്‍ വരെയുണ്ട്. അപകടത്തില്‍പ്പെട്ടശേഷം അവിടെനിന്നു  നിര്‍ത്താതെ ഓടിച്ചുപോകുന്ന വാഹനങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ എത്തിച്ചാല്‍ രഹസ്യമായി കേടുപാടു തീര്‍ത്ത് നല്‍കും. മോഷണവാഹനങ്ങളുടെ ഭാഗങ്ങള്‍ മറ്റു വാഹനങ്ങളില്‍ ഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്‍ജിന്‍, ചേസിസ് എന്നവ ഇങ്ങനെ രഹസ്യമായി മാറ്റിവയ്ക്കുന്നുണ്ട്. എന്‍ജിന്‍ നമ്പരും ഷാസി നമ്പരും മാറ്റാനുള്ള ക്രമീകരണങ്ങളും ഇവര്‍ക്കുണ്ട്.

# ഇരുട്ടത്തെ  ഒളിച്ചുകളി

പ്രകാശം ഉള്‍ക്കൊള്ളുന്ന നിറങ്ങള്‍ (ബ്ലാക്ക് മാറ്റ് ഫിനിഷ്) വാഹനങ്ങള്‍ക്ക് അടിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍, ഇത്തരം ഇരുണ്ട നിറങ്ങള്‍ അടിച്ച നിരവധി വാഹനങ്ങള്‍ നിരത്തില്‍ വ്യാപകമാണ്.  കറുത്ത നിറമുള്ള വാഹനങ്ങള്‍ കമ്പനികള്‍ ഇറക്കുന്നുണ്ടെങ്കിലും കുറച്ചെങ്കിലും പ്രകാശം പ്രതിഫലിപ്പിക്കുന്ന(ഗ്ലോസി ഇഫക്ട്)വയാണ്. ഇതില്‍നിന്നു വ്യത്യസ്തമായി ഇരുളില്‍ ഒളിക്കാന്‍ പാകത്തിലുള്ള നിറങ്ങള്‍ പലരും വാഹനങ്ങള്‍ക്കു നല്‍കുന്നുണ്ട്.  ടെയില്‍ ലൈറ്റുകള്‍ക്ക് കറുത്ത സ്റ്റിക്കര്‍ നല്‍കി മറയ്ക്കുന്നുണ്ട്. ഇരുളില്‍ വാഹനം തിരിച്ചറിയുന്നതിനു പതിക്കുന്ന റിഫ്‌ളക്ടീവ് സ്റ്റിക്കറുകളും നീക്കംചെയ്യുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ രാത്രികാലങ്ങളില്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കു തിരിച്ചറിയാന്‍ കഴിയില്ല.

# നികുതി വെട്ടിക്കാനും നിറംമാറ്റം

പുത്തന്‍തലമുറ വാഹനങ്ങളുടെ ബേസ് മോഡലും ഫുള്‍ ഓപ്ഷനും തമ്മില്‍ മൂന്നും നാലും ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. ബേസ് മോഡല്‍ വാഹനത്തില്‍ വില കുറഞ്ഞ അനുബന്ധ ഘടകങ്ങള്‍ പിടിപ്പിച്ച് ഫുള്‍ഓപ്ഷന്‍ വാഹനം പോലെയാക്കി നല്‍കുന്ന സ്ഥാപനങ്ങളുണ്ട്. പെയിന്റില്‍ മാത്രം ഒരുലക്ഷം രൂപയുടെ വ്യത്യാസമുള്ള വാഹനങ്ങളുണ്ട്. വില കൂടിയ വാഹനം വാങ്ങിയാല്‍ അതിന്റെ വിലയ്ക്ക് അനുസൃതമായി 15 ശതമാനം നികുതി നല്‍കേണ്ടിവരും. വില കുറഞ്ഞ വാഹനം വാങ്ങി ചില ഷോപ്പുകളില്‍ നല്‍കിയാല്‍ ഫുള്‍ഓപ്ഷന്‍ പോലെയാക്കാം; നികുതിയും വെട്ടിക്കാം. 

Content Highlights: Vehicle Modification Rules, Vehicles Altering, Traffic Rules, Vehicle Modifications