രാത്രി യാത്രകളിലെ അപകടങ്ങള്‍ ഒഴിവാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പും പോലീസും. ഇതിനായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചും നേരിട്ടുമുള്ള ബോധവത്കരണങ്ങള്‍ ദിവസേന എന്നോണം നടക്കുന്നുണ്ട്. രാത്രി യാത്രയിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമായും നിര്‍ദേശിക്കുന്നത് എതിരേ വരുന്ന വാഹനങ്ങള്‍ക്കായി ഹെഡ്‌ലൈറ്റ് ഡിം ചെയ്യുക എന്നതാണ്.

എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം ആളുകളും ഇത് പാലിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. രാത്രി യാത്രയില്‍ വാഹനത്തിലെ ഹെഡ്‌ലൈറ്റ് ഡിം ചെയ്യുന്നതിനുള്ള ആവശ്യകത ഒരിക്കല്‍ കൂടി വിശദീകരിക്കുകയാണ് കേരളാ പോലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസിന്റെ ബോധവത്കരണ സന്ദേശം.

രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് എതിര്‍ദിശയില്‍ വരുന്ന വാഹനത്തിന്റെ ഹെഡ്‌ലൈറ്റില്‍ നിന്നുള്ള പ്രകാശം. ഹൈ-ബീം ഹെഡ്‌ലൈറ്റുകളുടെ പ്രകാശം കണ്ണില്‍ പതിച്ച് ഡ്രൈവറുടെ കാഴ്ച മറഞ്ഞ് സംഭവിക്കുന്ന അപകടങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. ഇത് തടയുന്നതിനായാണ് പോലീസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

മോട്ടോര്‍ വാഹന നിയമപ്രകാരം രാത്രികാലങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. രാത്രിയില്‍ വളവ് തിരിയുമ്പോഴും ഓവര്‍ടേക്ക് ചെയ്യുമ്പോഴും ഡിം-ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യണമെന്നും പോലീസ് നിര്‍ദേശിക്കുന്നു. ഇതുവഴി എതിരേ വരുന്ന വാഹനങ്ങള്‍ മറ്റ് വാഹനങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കും. 

രാത്രിയില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ ഹെഡ്‌ലൈറ്റ് ഡിം ചെയ്യുന്നതിന്റെ ആവശ്യകത നിര്‍ദേശിക്കുന്ന വീഡിയോ അടുത്തിടെ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയിരുന്നു. നിരത്തുകളിലുള്ള ഒരോ വാഹനവും ഒരോ കുടുംബമാണ്. നിങ്ങളുടെ അമിതവെളിച്ചം അവരെ ഇരുട്ടിലാക്കരുതെന്ന സന്ദേശമാണ് മോട്ടര്‍ വാഹനവകുപ്പ് നല്‍കുന്നത്.

രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം...

Posted by Kerala Police on Saturday, March 13, 2021

Content Highlights: Use Headlight Low Beam In Night Drive Says Kerala Police