ഴിഞ്ഞദിവസം നഗരത്തിലെ ഒരു സ്‌കൂളിന്റെ പരിസരത്ത് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുന്നതിനിടെ ഒരു വണ്ടി കൈകാട്ടി നിര്‍ത്തി. നോക്കിയപ്പോള്‍ വണ്ടി ഓടിച്ചിരുന്നത് ഒരു 'കുട്ടി ഡ്രൈവര്‍'. കുട്ടിയുടെ വീട്ടില്‍ വിരുന്നുകാര്‍ വന്നപ്പോള്‍ പലഹാരം വാങ്ങാന്‍ പറഞ്ഞയച്ചതാണ്. പലഹാരം വാങ്ങാന്‍ കുട്ടി ബൈക്കുമായി സഞ്ചരിച്ചത് ഏഴ് കിലോമീറ്ററിലധികം ദൂരം. വീട്ടുകാരുടെ അനുമതിയോടെയായിരുന്നു ഈ നിയമലംഘനം.

ഒരു കൂട്ടം വിദ്യാര്‍ഥികളെ രാത്രിയില്‍ കാറുമായി കറങ്ങുന്നതിനിടയില്‍ പോലീസ് പിടികൂടി. സുഹൃത്തുക്കളുമായി വെറുതേ കറങ്ങാനിറങ്ങിയതാണ്. പഠിക്കുന്നത് 'പ്ലസ് ടു' വില്‍. അന്വേഷിച്ച് അച്ഛന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ അച്ഛന്‍ നല്ലയുറക്കം. മകനെവിടെയെന്നു അന്വേഷിച്ചപ്പോള്‍ കിടന്നുറങ്ങുകയാണെന്ന് മറുപടി. നോക്കാന്‍ പറഞ്ഞപ്പോള്‍ മകന്‍ റൂമിലില്ല. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറുമില്ല. ഇത്തരത്തില്‍ കുട്ടികള്‍ രാത്രിയില്‍ കാറുമായി പുറത്തുപോയിട്ട് നടന്ന വന്‍ അപകടത്തിന് നഗരം സാക്ഷിയായിട്ട് അധികം കാലമായില്ല.

സംസ്ഥാനപാതയിലൂടെ 16-കാരനെ വണ്ടിയോടിക്കാന്‍ അനുവദിച്ചതിന് പിതാവിനെതിരേ ചേവായൂര്‍ പോലീസ് കേസെടുത്ത് കഴിഞ്ഞയാഴ്ചയാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒന്നും രണ്ടുമല്ല. ഓരോ ദിവസവും കൂടിക്കൂടി വരുകയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ വാഹനമോടിക്കുന്നതില്‍ ഒരു പരിധി വരെ മാതാപിതാക്കളും കുറ്റക്കാരാണെന്നും ഇവര്‍ പറയുന്നു.

വീട്ടുകാരോട് പറയാതെ ബാംഗ്ലൂര്‍, കൊച്ചി, തിരുവന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വാഹനവുമായി ട്രിപ്പടിക്കുന്ന കുട്ടികളുമുണ്ട്. സ്‌കൂളില്‍ പോകുമ്പോള്‍ കിലോമീറ്ററുകളോളം വാഹനമോടിച്ച് പോകുന്ന കുട്ടികളുണ്ട്. വീട്ടില്‍നിന്ന് വാഹനവുമായി പോകുന്ന കുട്ടികളെ ഇതില്‍നിന്നു പിന്തിരിപ്പിക്കേണ്ടത് മാതാപിതാക്കളാണ്.

മാതാപിതാക്കള്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ആരോടും പറയാതെ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറുമെടുത്ത് കൂട്ടുകാരെകൂട്ടി കറങ്ങാനൊരുങ്ങുമ്പാള്‍ മാതാപിതാക്കള്‍ എന്തുചെയ്യുമെന്നാണ് ചോദ്യം. വീട്ടില്‍ ഒന്നില്‍ക്കൂടുതല്‍ വാഹനങ്ങളുണ്ടെങ്കില്‍ അവയുമെടുത്ത് അന്യസംസ്ഥാനങ്ങളില്‍ വരെ പോകുന്ന വിദ്യാര്‍ഥികളുണ്ട്. ഇവരറിയുന്നില്ല, ചെയ്യുന്ന കുറ്റത്തിന്റെ കാഠിന്യം; അപകടം സംഭവിച്ചുകഴിഞ്ഞാല്‍ വീട്ടുകാര്‍ അനുഭവിക്കേണ്ട പ്രശ്‌നങ്ങളും. പ്രായപൂര്‍ത്തിയായിട്ടും ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവരും ഇക്കൂട്ടക്കാര്‍ക്കിടയിലുണ്ട്.

നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ സര്‍വേ പ്രകാരം ഒന്നരലക്ഷം ആളുകളാണ് ഇന്ത്യയില്‍ വര്‍ഷം വാഹനാപകടങ്ങളിലായി മരണപ്പെടുന്നതായി കണക്കുള്ളത്. ഇതില്‍ 65 ശതമാനം പേരും 15 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവരാണ്.

''അവിടെയുണ്ട് പോണ്ട''

''അങ്ങോട്ട് പോണ്ട മോനെ, നല്ല പണികിട്ടും. മാമന്‍മാര്‍ നില്‍ക്കുന്നുണ്ട്. പറ്റ്വാണെങ്കില്‍ ആ വരുന്ന ബസിന്റെ പിറകില്‍ വെച്ച് പിടിച്ചോ. കാണാതെ പോണം. പിടിച്ചാല്‍ തീര്‍ന്ന്. വണ്ടി പോലും കിട്ടൂല.'' പരിശോധന നടക്കുന്നസ്ഥലത്തിനു തൊട്ടുമുമ്പില്‍നിന്ന്, നിയമംലംഘിച്ചു വരുന്ന വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് ഇങ്ങനെ 'നല്ലതു'പറഞ്ഞു കൊടുക്കുന്നവരും ഉണ്ട്. സ്‌കൂള്‍ കുട്ടികള്‍ പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും കണ്ണില്‍ പൊടിയിടാനായി യൂണിഫോം ബാഗിലിട്ട് കളര്‍ഡ്രസ്സുമായി വാഹനമോടിക്കുന്നതും സ്ഥിരം കാഴ്ചയാണ്.

വണ്ടിയിടിച്ചാല്‍ പണി പാളും

ലൈസന്‍സില്ലാതെ വാഹനമോടിച്ച് ആര്‍ക്കെങ്കിലും പരിക്കുപറ്റുകയോ ജീവന് ആപത്ത് സംഭവിക്കുകയോ ചെയ്താല്‍ മാതാപിതാക്കള്‍ക്ക് വലിയ ശിക്ഷയാണ് ലഭിക്കുക. മരിച്ചയാളുടെ ജോലി, വീട്ടുകാരുടെ അവസ്ഥ, വയസ്സ്, വരുമാനം എന്നിവ നോക്കിയാണ് കോടതി നഷ്ടപരിഹാരം വിധിക്കുക. ലൈസന്‍സില്ലാതെയാണ് വാഹനമോടിക്കുന്നതെങ്കില്‍ കോടിക്കണക്കിന് രൂപ ആര്‍.സി. ഉടമ നല്‍കേണ്ടി വരും. 

ലൈസന്‍സില്ലാതെ വാഹനമോടിച്ച് കാല്‍നടയാത്രക്കാരനെ കൊന്നിട്ട് എന്തു ചെയ്യുമെന്നറിയാതെ ട്രാഫിക് സ്റ്റേഷനുകളിലും കോടതികളിലും കയറിയിറങ്ങിനടക്കുന്ന സംഭവങ്ങളും നഷ്ടപരിഹാരം നല്‍കാനാകാതെ ആത്മഹത്യ ചെയ്ത സംഭവങ്ങളുമൊക്കെ കോഴിക്കോട് ട്രാഫിക് സ്റ്റേഷനുകളിലെ പോലീസുകാരുടെ ഓര്‍മയിലുണ്ട്.

അവധിക്കാലത്ത് കരുതല്‍ വേണം

മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചു കുട്ടികള്‍ വീട്ടില്‍നിന്ന് വാഹനങ്ങള്‍ എടുത്തുകൊണ്ടുപോകുന്ന വാര്‍ത്തകള്‍ പെരുകിവരുകയാണ്. ഇനി വരുന്നത് ക്രിസ്മസ് അവധിക്കാലമാണ്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന കുട്ടികളില്‍ വാഹനം ഓടിക്കാന്‍ പഠിക്കുന്ന പ്രവണതയേറുന്നുണ്ട്.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട(ഓപ്പറേഷന്‍ സൈലന്റ് കാച്ച്)

സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ ഗതാഗതനിയമങ്ങള്‍ ലംഘിച്ച് അടിച്ചുപൊളിച്ചു നടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി ലോക്കാകും. നിങ്ങള്‍ എങ്ങനെയൊക്കെയാണ് വണ്ടിയോടിക്കുന്നത് എന്നത് രഹസ്യമായി ക്യാമറയില്‍ പകര്‍ത്തും. തൊട്ടടുത്തദിവസം ഈ വീഡിയോയുമായി സ്‌കൂളിലോ അല്ലെങ്കില്‍ കോളേജിലോ എത്തി വണ്ടിയോടിച്ചയാളുടെ വിലാസവും മതാപിതാക്കളുടെ ഫോണ്‍ നമ്പറും വാങ്ങി അവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കൗണ്‍സലിങ് നല്‍കും. തുടര്‍ന്ന് നിയമനടപടികളുമുണ്ടാകും. 'ഓപ്പറേഷന്‍ സൈലന്റ് കാച്ച്' എന്ന പേരിലുള്ള പദ്ധതി കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.യുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.

വാഹനം നല്‍കുന്നവര്‍ക്കെതിരേ ശക്തമായ നടപടി

നമ്മുടെ റോഡുകളില്‍ ഏറ്റവും വലിയ ഭീഷണിയായി ഇപ്പോള്‍ കണ്ടുവരുന്നത് പ്രായപൂര്‍ത്തിയാകാത്തയാളുകള്‍ വീട്ടിലെയോ സുഹൃത്തുക്കളുടെയോ വാഹനങ്ങളെടുത്ത് കറങ്ങുന്നതാണ്. കലാലയങ്ങളുടെ സമീപങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇത് വ്യക്തമായിട്ടുള്ളതാണ്. 

സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍പോലും വണ്ടിയുമായി കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകള്‍ ൈകയില്‍പ്പെട്ടാല്‍ ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് വാഹനം കൊടുത്തതാരാണോ അവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കും.

പി.എം. ഷബീര്‍, എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ.

ശിക്ഷകള്‍

  • വാഹനത്തിന്റെ ഉടമസ്ഥനോട് 25,000 രൂപ പിഴ ഈടാക്കും.
  • വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യും.
  • 18 വയസ്സിനു താഴെയുള്ള വ്യക്തി വാഹനമോടിച്ചാല്‍ 25 വയസ്സുവരെ ഇന്ത്യന്‍ യൂണിയന്‍ ലൈസന്‍സ് കിട്ടാന്‍ യോഗ്യതയില്ലാതാകും.
  • മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കും
  • മാതാപിതാക്കള്‍ക്ക് മൂന്നുമാസംവരെ തടവ് ശിക്ഷ ലഭിക്കും.

കേസുകള്‍

മോട്ടോര്‍ വാഹന വകുപ്പ് 2019-ല്‍ മാത്രം മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 167 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം കേസുകളില്‍ നിന്നായി ഒന്നരലക്ഷത്തോളം രൂപ പിഴ ഇടാക്കിയിട്ടുണ്ട്. ഇതില്‍ ചിലത് പെറ്റികളടച്ചും ചില കാരണങ്ങളാലും വിടാറുമുണ്ട്. ട്രാഫിക് പോലീസ് 2019-ല്‍ എടുത്ത കേസുകള്‍ ഇതിനുപുറമേയാണ്.

ഞങ്ങള്‍ക്ക് എന്തുചെയ്യാനാകും

എന്റെ മകന്‍ ഇപ്പോള്‍ 10-ാം ക്ലാസില്‍ പഠിക്കുന്നു. അവന്‍ സ്‌കൂളിലേക്ക് പോകുന്നത് ബൈക്കുമായിട്ടാണ്. വീട്ടില്‍ രണ്ട് ബൈക്കുണ്ട്. ഞാനും ഭര്‍ത്താവും ജോലിക്കു പോയിക്കഴിഞ്ഞാലാണ് അവന്‍ വണ്ടിയുമായി പുറത്തിറങ്ങാറുള്ളത്. ഞങ്ങള്‍ ഉള്ള സമയത്ത് വാഹനമെടക്കുന്നതിന് ചീത്തപറയാറുണ്ട്. ഞങ്ങള്‍ ഇല്ലാത്ത സമയത്ത് വാഹനവുമായി പോകുമ്പോള്‍ എന്തു ചെയ്യാനാകും ഞങ്ങള്‍ക്ക്.

പേരു വെളിപ്പെടുത്താനാകാത്ത വീട്ടമ്മ

കാരണം മാതാപിതാക്കള്‍

കുട്ടികള്‍ വാഹനവുമായി പോകുന്നതിന് പ്രധാനകാരണം മാതാപിതാക്കളാണ്. 10-ാം ക്ലാസ് പരീക്ഷയ്ക്ക് മുന്നേ ഓഫര്‍ ചെയ്യുന്നത് ജയിച്ചാല്‍ ബൈക്ക് വാങ്ങിത്തരാം എന്നാണ്. പിന്നെയെങ്ങനെയാണ് കുട്ടികള്‍ വാഹനവുമായി പുറത്തിറങ്ങാതിരിക്കുക. കുട്ടികളുടെ മനസ്സില്‍ വാഹനങ്ങളുടെ വിത്തിടുന്നത് മാതാപിതാക്കള്‍ തന്നെയാണെന്നാണ്. അതാണ് ആദ്യം നിര്‍ത്തേണ്ടത്. ശക്തമായ നിയമങ്ങള്‍ വരുമ്പോഴും അത് പ്രാവര്‍ത്തികമാക്കാന്‍ നിയമപാലകര്‍ക്ക് കഴിയുന്നില്ല. അതിന്റെ ഫലമാണ് വര്‍ധിച്ചുവരുന്ന അപകടങ്ങളും വീണ്ടും വണ്ടിയായി കുട്ടികള്‍ പുറത്തിറങ്ങുന്നതും.

ഇ. സദാനന്ദന്‍(രക്ഷിതാവ്), കോഴിക്കോട്

പോലീസുകാരന്റെ അനുഭവം

ഒരു ദിവസം രാവിലെ ഒരു വയോധികന്‍ സ്റ്റേഷനില്‍ എത്തി. കാര്യം അന്വേഷിച്ചപ്പോള്‍ സ്റ്റേഷനില്‍നിന്ന് വളിച്ചിരുന്നു. രാവിലെ എത്താന്‍ ഒരു സര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ കാര്യം പിടികിട്ടി. മകളുടെ മകന് ഇദ്ദേഹത്തിന്റെ വണ്ടി നല്‍കിയിരുന്നു. അവന്‍ ആ വണ്ടി അവന്റെ സുഹൃത്തിന് കൈമാറി. സുഹൃത്ത് വണ്ടിയുമായി റൗണ്ടടിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടു. ലൈസന്‍സില്ലാത്തതിനാല്‍ പെട്ടതോ ഈ പാവം മനുഷ്യനും. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കണ്ണുനിറഞ്ഞ സംഭവമായിരുന്നു അത്.

Content Highlights: Under Age Driving, Driving Without Licence, Traffic Rules