വാഹനങ്ങളില്‍ ലഭിക്കേണ്ട സുരക്ഷാ സൗകര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി പുതിയ പരസ്യവുമായി ടാറ്റ മോട്ടോഴ്‌സ്. എഴുപതാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായാണ് 'സേഫ്റ്റി ഫസ്റ്റ്' എന്ന ആശയത്തില്‍ പുതിയ പരസ്യം ടാറ്റ പുറത്തുവിട്ടത്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ആര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. അത് ശരിയായ ചോദ്യങ്ങളായിരിക്കണം. ഒരു കാര്‍ വാങ്ങുമ്പോള്‍ മൈലേജും പ്രകടനക്ഷമതയിലും മാത്രമായി ചോദ്യങ്ങള്‍ ഒതുങ്ങരുത്. ആ വാഹനം നല്‍കുന്ന സുരക്ഷയെക്കുറിച്ചാണ് ചോദ്യങ്ങള്‍ ഉയരേണ്ടത് എന്ന പ്രസക്തമായ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പരസ്യം. 

റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വര്‍ഷംതോറും മരണപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കാര്‍ വാങ്ങുമ്പോള്‍ കേവലം മൈലേജ്, പവര്‍, മ്യൂസിക് സിസ്റ്റം, ബൂട്ട് സ്‌പേസ്, സീറ്റുകള്‍, നാവിഗേഷന്‍, സണ്‍റൂഫ് തുടങ്ങിയ കാര്യങ്ങള്‍ മാത്രം അന്വേഷിച്ചറിഞ്ഞാല്‍ പേരാ, കമ്പനി വാഗ്ദാനം ചെയ്യുന്ന സുരക്ഷയെക്കുറിച്ചും കൃത്യമായി ചോദിച്ചറിയണം. ക്രാഷ് ടെസ്റ്റ് നടത്തിയ വാഹനമാണോ, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷ നല്‍കാന്‍ ഈ വാഹനത്തിന് സാധിക്കുമോ എന്നീ ചോദ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കേണ്ടതെന്നും പരസ്യത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഓര്‍മ്മിപ്പിക്കുന്നു. 

വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡമായ ക്രാഷ് ടെസ്റ്റില്‍ അടുത്തിടെ ടാറ്റ നെക്‌സോണ്‍ എസ്.യു.വി മുഴുവന്‍ മാര്‍ക്കായ 5 സ്റ്റാര്‍ റേറ്റിങ് നേടിയിരുന്നു. ഗ്ലോബല്‍ എന്‍.സി.എ.പി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ് നേടുന്ന ആദ്യ ഇന്ത്യന്‍ നിര്‍മിത മോഡലും നെക്‌സോണായിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ കാര്യങ്ങളെക്കുറിച്ചുള്ള പരസ്യവുമായി ടാറ്റ രംഗത്തെത്തിയത്. 

Content Highlights; Tata motors SafetyFirts advertisement video