വാഹന വിപണിയില്‍ വ്യവസായ സംരംഭങ്ങളെക്കാള്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് ആദ്യ പരിഗണന കൊടുക്കുന്ന സംസ്‌കാരമാണ് പല വിദേശ രാജ്യങ്ങളും അനുവര്‍ത്തിച്ചു പോരുന്നത്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നായ ഇന്ത്യയില്‍ മാത്രം വാഹന സുരക്ഷയ്ക്ക് പര്യാപ്തമായ യാതൊരു മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പതിവ് രീതികള്‍ക്ക് മാറ്റം വരുകയാണ്. വിദേശ രാജ്യങ്ങള്‍ക്ക് സമാനമായി വാഹന സുരക്ഷ ഉറപ്പാക്കാനുള്ള ക്രാഷ് ടെസ്റ്റ് 2019 ഒക്ടോബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുകയാണ്. ഇതിന് മുന്നോടിയായി ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ ക്രാഷ് ടെസ്റ്റിന് പൂര്‍ണ സജ്ജമാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും റെനോ സി.ഇ.ഒ സുമിത് സാഹ്നി മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.

Read More; റെനോ സ്വന്തമാക്കു... ഓണം കുടുംബസമേതം ദുല്‍ഖറിനൊപ്പം ആഘോഷിക്കാം

ഉപഭോക്താക്കളുടെ സുരക്ഷ വളരെ പ്രധാനമാണ്, ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതോടെ രാജ്യത്തെ അപകടനിരക്ക് വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. നിലവില്‍ റെനോ ഇന്ത്യ നിരത്തിലെത്തിച്ച ക്വിഡ്, ഡസ്റ്റര്‍, ലോഡ്ജി, സ്‌കാല, പള്‍സ് തുടങ്ങിയ എല്ലാ മോഡലുകളും ക്രാഷ് ടെസ്റ്റ് വിജയിക്കും. നിശ്ചിത സമയ പരിധിക്കുള്ളില്‍ കൂടുതല്‍ എയര്‍ബാഗ് അടക്കം എല്ലാ സുരക്ഷ സൗകര്യങ്ങളും റെനോ നിരയില്‍ ഉള്‍ക്കൊള്ളിച്ച് ക്രാഷ് ടെസ്റ്റിന് കമ്പനി സജ്ജമാകുമെന്നും സുമിത് സാഹ്നി പറഞ്ഞു. പുതിയ വാഹനങ്ങള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം അവസാനത്തോടെ ക്രാഷ് ടെസ്റ്റ് നടത്താനും പിന്നീട് പൂര്‍ണ തോതില്‍ നടപ്പാക്കാനുമാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. ഇതോടെ എല്ലാ കാറുകള്‍ക്കും ഇനി നിരത്തിലിറങ്ങണമെങ്കില്‍ ഈ കഠിന പരീക്ഷ പാസാകണമെന്ന് ചുരുക്കം. 

Read More; കരുത്തനായി 1 ലിറ്റര്‍ റെനോ ക്വിഡ്| Test Drive

ടെസ്റ്റില്‍ കഴിവ് തെളിയിച്ച് മുന്നേറുന്നവര്‍ക്ക് സ്റ്റാര്‍ റേറ്റിങ് നല്‍കും. നിശ്ചിത വേഗത്തില്‍ ഓടിച്ചുവന്ന് കോണ്‍ക്രീറ്റ് ബ്ലോക്കില്‍ ഇടിപ്പിച്ച് കാറിന്റെ ശേഷിയും ബലവും അളക്കുന്ന പരീക്ഷയാണ് ക്രാഷ് ടെസ്റ്റ്. വിവിധ വേഗത്തില്‍ കാറിന്റെ എല്ലാ വശങ്ങളും പരീക്ഷിക്കപ്പെടും. ഉള്ളിലുള്ളയാളിന്റെ സുരക്ഷ എത്രത്തോളമാണെന്ന് ഇതിലൂടെ അറിയാം. ഡമ്മി ഡ്രൈവറെ വച്ചാണ് ക്രാഷ് ടെസ്റ്റ് നടത്തുക. മികവിനനുസരിച്ച് ഒന്നു മുതല്‍ അഞ്ചുവരെയുള്ള സ്റ്റാര്‍ റേറ്റിങ്ങാണ് നല്‍കുക. ഈ റേറ്റിങ് മാനദണ്ഡമാക്കി വാഹനം എത്രത്തോളം സുരക്ഷ നല്‍കുമെന്നും തിരിച്ചറിയാം. കാറിനുള്ളിലുള്ള ഡ്രൈവറടക്കമുള്ള യാത്രക്കാരുടെ ഡമ്മി പരിശോധിച്ചാണ് അപകടത്തിന്റെ തീവ്രത അളക്കുന്നത്. ഒപ്പം വീഡിയോയും പരിശോധിക്കും.

Crash Test

നേരത്തെ 2013-ല്‍ ആഗോള സുരക്ഷാ ഏജന്‍സിയായ ഗ്ലോബല്‍ എന്‍ക്യാപ് ഇന്ത്യന്‍ കാറുകളിലെ സുരക്ഷയെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. രാജ്യത്തെ അഞ്ച് കാറുകളുടെ രണ്ടു ബേസ് മോഡലുകള്‍ വീതം ജര്‍മനിയില്‍ എത്തിച്ചായിരുന്നു പരീക്ഷണം. ഒരു മോഡലുകള്‍ക്കും പോലും ക്രാഷ് ടെസ്റ്റ് അതിജീവിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നും പരീക്ഷണാടിസ്ഥാനത്തില്‍ നിരവധി മോഡലുകള്‍ ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം റെനോ അടക്കമുള്ള നിര്‍മാതാക്കള്‍ ക്രാഷ് ടെസ്റ്റിനെ അതീവ ഗൗരവത്തോടെ കാണുമ്പോള്‍ ഇന്ത്യന്‍ കാറുകളിലും ഇനി സുരക്ഷ ഉറപ്പാകുമെന്ന് പ്രതീക്ഷിക്കാം.

എയര്‍ ബാഗിന്റെ അസാന്നിധ്യത്തില്‍ പരീക്ഷണ ടെസ്റ്റില്‍ ഉയര്‍ന്ന പോയന്റ് ലഭിക്കാത്ത ബേസ് വേരിയന്റ് മോഡലകുകള്‍ ഒഴിവാക്കി 100 ശതമാനം സുരക്ഷിതത്വം അധികം വൈകാതെ റെനോയില്‍ ലഭിക്കുമെന്നും സമിത് സാഹ്നി കൂട്ടിച്ചേര്‍ത്തു. വാഹനം തെന്നിമാറാതിരിക്കാനുള്ള സംവിധാനമായ എബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ ഘടകങ്ങളും ഇന്ത്യന്‍ കാറുകളില്‍ വരും നാളില്‍ നിര്‍ബന്ധമാകും. ഇതോടെ വാഹന വിപണയില്‍ വിദേശ രാജ്യങ്ങള്‍ക്ക് സമാനമായ ഹൈ ക്ലാസ് സംസ്‌കാരം നമുക്കും സ്വന്തമാക്കാം. അതേസമയം സുരക്ഷാ നിലവാരം വര്‍ധിക്കുമ്പോള്‍ നിലവിലുള്ള വാഹന വില ക്രമാധീതമായി ഉയരാനും കാരണമാകും.