രാമനാട്ടുകര: വണ്ടിയോടിക്കുമ്പോള്‍ അറിയാതെങ്ങാനും ഉറങ്ങിപ്പോയാല്‍... ഓടിക്കുന്നയാളുടെ മാത്രമല്ല; ഒപ്പമുള്ളവരുടെയും ജീവന്‍ അപകടത്തിലാകും. നിത്യേന ഇത്തരത്തിലുള്ള അപകടമുണ്ടാകുന്നു. ഡ്രൈവര്‍ ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ ഉണര്‍ത്താന്‍ സംവിധാനമുണ്ടെങ്കില്‍ അപകടം ഒഴിവാകും. ഈയൊരു ആലോചനയാണ് രാമനാട്ടുകര ചേലേമ്പ്ര സ്വദേശിയായ ഷണ്മുഖനുണ്ണിയെന്ന ജൈവകര്‍ഷകനെ പുതിയൊരു കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. വാഹനമോടിക്കുമ്പോള്‍ ഉറങ്ങിപ്പോയാല്‍ അലാറംമുഴക്കുന്ന യന്ത്രമാണ് ഇദ്ദേഹം വികസിപ്പിച്ചത്.

ഉറങ്ങുമ്പോള്‍ ശ്വാസോച്ഛാസം, ഹൃദയമിടിപ്പ്, ശരീര ഊഷ്മാവ്, രക്തസമ്മര്‍ദം എന്നിവ ഉണര്‍ന്നിരിക്കുന്ന സമയത്തേതിനേക്കാള്‍ കുറവായിരിക്കും. ഈ പ്രക്രിയയിലെ ഏറ്റക്കുറച്ചില്‍ തിരിച്ചറിയാനുള്ള ഒരു സെന്‍സറാണ് ഉപകരണത്തിന്റെ തലച്ചോര്‍. ഉറക്കത്തിന്റെ തീവ്രതയളക്കാന്‍ ഉപകരണത്തില്‍ വിവിധ അളവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനമോടിച്ചുകൊണ്ടിരിക്കുമ്പോള്‍ അപകടം വരുത്തിയേക്കാവുന്ന തരത്തില്‍ ഉറക്കം വരികയാണെങ്കില്‍ ഉപകരണം വിളിച്ചുണര്‍ത്തുമെന്ന് സാരം.
ഉപകരണത്തിന്റെ പേറ്റന്റിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഷണ്മുഖനുണ്ണി. എതിരെവരുന്ന വാഹനത്തിന്റെ തീവ്രവെളിച്ചം ഡ്രൈവറുടെ കാഴ്ച മറയ്ക്കാതിരിക്കാനുള്ള കണ്ണടയും ഇദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.
Content Highlights; Drowsy Driving, Shanmugan, Drowsy Driving Mechine