വാഹനമോടിക്കാന്‍ ലൈസന്‍സുള്ളവര്‍ക്കുപോലും ഗതാഗത ചിഹ്നങ്ങള്‍ പലതും അറിയില്ല. അപ്പോള്‍പ്പിന്നെ ഡ്രൈവര്‍മാര്‍ക്കു നിര്‍ദേശരൂപത്തില്‍ നിരത്തില്‍ കുറിക്കുന്ന വരകളെക്കുറിച്ചു പറയേണ്ടതില്ലല്ലോ. അവ എന്താണെന്നും എന്തിനാണെന്നു അറിയുന്നവര്‍ ചുരുക്കം. സുരക്ഷിതയാത്രയ്ക്ക് അവയെക്കുറിച്ച് അറിയണം. ഓരോ വരയിലും ഓരോ നിര്‍ദേശമടങ്ങിയിട്ടുണ്ട്. മാന്യതയുള്ള നല്ല ഡ്രൈവറാകാന്‍, തന്റെയും റോഡിലുള്ള മറ്റുള്ളവരുടെയും പ്രാണന്‍ കാക്കാന്‍ അവ അറിഞ്ഞിരിക്കണം.

വരകള്‍ നിരത്തിനെ സംബന്ധിച്ച് അറിവു നല്‍കുന്നതോടൊപ്പം അപകടസാധ്യത മുന്‍കൂട്ടി മനസ്സിലാക്കാനും സഹായിക്കും. ഡ്രൈവിങ്ങിനിടയില്‍ ഇരുവശവും നോക്കി ശ്രദ്ധതെറ്റാതെ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാം. വരകള്‍ക്കു പ്രധാനമായും മഞ്ഞ, വെള്ള നിറങ്ങളാണ് ഉപയോഗിക്കുന്നത്. മഞ്ഞവരകള്‍ വെള്ളയെ അപേക്ഷിച്ച് കൂടുതല്‍ കര്‍ശനനിര്‍ദേശങ്ങള്‍ സൂചിപ്പിക്കുന്നു.

Roadഇടതുവശത്തെ തുടര്‍ച്ചയായ വെള്ളവര

റോഡിന്റെ അതിര് ഓര്‍മപ്പെടുത്തുന്നു. രാത്രിയില്‍ സുരക്ഷിതമായി വണ്ടിയോടിക്കാന്‍ സഹായിക്കുന്നു. വീതിയുള്ള റോഡുകളിലാണെങ്കില്‍ അരികില്‍നിന്ന് അല്പം വിട്ടിട്ടായിരിക്കും ഈ വര. ഇതിലൂടെ കാല്‍നടയാത്രക്കാര്‍ക്കു നടന്നുപോകാനും സൈക്കിളോടിക്കാനും പറ്റും. വേഗം കുറച്ചുപോകുന്ന ഇരുചക്രവാഹനക്കാര്‍ക്കും ഈ ഭാഗം ഉപയോഗിക്കാം.

നടുവിലെ ഇടവിട്ട വെള്ളവര

രണ്ടുവരിപ്പാതയുടെ മധ്യത്തിലായി ഇടവിട്ട് കാണുന്ന വെള്ളവര ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കാനായാണ്. ഇടതുഭാഗം നിലനിര്‍ത്തി വാഹനമോടിക്കാന്‍ സഹായിക്കുന്നു. ഈ വരയാണെങ്കില്‍ എതിരേ വാഹനമില്ലെന്നുറപ്പാക്കി മുന്നിലെ വാഹനത്തെ മറികടക്കാം.Road

നാലുവരിപ്പാതകളിലും ഇടവിട്ട വരകളുണ്ടാകും. ഇവിടെ വരിപിടിച്ച് വാഹനമോടിക്കണം. അഥവാ ലെയ്ന്‍ ട്രാഫിക്. വേഗം കൂടിയവ വലതുവരിയിലും കുറഞ്ഞവ ഇടതുവരിയിലൂടെയും പോകണമെന്നാണ് നിര്‍ദേശമെങ്കിലും പലരും അങ്ങനെ ചെയ്യാറില്ല. ഭാരം കയറ്റി ഇഴഞ്ഞുപോകുന്ന വലിയലോറികളും ഇരുചക്രവാഹനങ്ങളും വലതുവരിയിലൂടെ പോകുന്നതു പതിവു കാഴ്ചയാണ്. വരി മാറുന്നുണ്ടെങ്കില്‍ തൊട്ടു പിറകില്‍ വാഹനമില്ലെന്ന് കണ്ണാടിയില്‍ നോക്കിയുറപ്പാക്കി ഇന്‍ഡിക്കേറ്റര്‍ വഴി അക്കാര്യം സൂചിപ്പിച്ചുവേണം മാറാന്‍.

Roadഅകലം കുറഞ്ഞഇടവിട്ട വെള്ളവര

അപകടസാധ്യതയുള്ള സ്ഥലം അടുത്തുവരുന്നുവെന്ന മുന്നറിയിപ്പു നല്‍കാനാണ് ഇത്തരം വരകള്‍. വളവുകള്‍, ജങ്ഷനുകള്‍ മുതലായ സ്ഥലങ്ങള്‍ക്കു മുന്‍പായി റോഡിനു നടുക്ക് തുടര്‍ച്ചയായാണ് ഈ വര. തമ്മിലുള്ള അകലം വളരെക്കുറവായിരിക്കും.

മുറിയാത്ത വെള്ളവരRoad

ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കുന്നു. റോഡിന്റെ ഇടതുഭാഗത്തുകൂടി വാഹനമോടിക്കണം. വര മുറിച്ചുകടക്കുന്നതിനു നിയന്ത്രണമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ മറികടക്കല്‍ ഒഴിവാക്കണം.

Roadമുറിയാത്ത രണ്ടു വെള്ളവര

ഈ ഭാഗങ്ങളില്‍ മറികടക്കാനേ പാടില്ല. അപകടമേഖലയോ ജങ്ഷനോ വളവോ ഉണ്ടെന്നു മുന്നറിയിപ്പ് നല്കാനാണിത്.

ഇടവിട്ട വരയ്‌ക്കൊപ്പം നീണ്ടവരRoad

വാഹനം ഓടിക്കുന്നയാളിന്റെ വലതുഭാഗത്ത് റോഡില്‍ ആദ്യം ഇടവിട്ടവരയും അതിനോടു ചേര്‍ന്നുതന്നെ തുടര്‍ച്ചയായ നീണ്ടവരയും ഉണ്ടെങ്കില്‍ മറികടക്കാം. എന്നാല്‍, വലതുഭാഗത്തു നീണ്ടവരയും അതിനോടുചേര്‍ന്നു മറുഭാഗത്ത് ഇടവിട്ട വരയുമെങ്കില്‍ മറികടക്കരുത്. അതായത് ഇത്തരം സ്ഥലങ്ങളില്‍ ഏതെങ്കിലും ഒരുദിശയിലേക്കു പോകുന്നവര്‍ക്കേ മറികടക്കാന്‍ അനുമതിയുള്ളൂ.

Roadഇടവിട്ട വരകളില്‍ ഇടത്തേക്കു ചൂണ്ടു ചിഹ്നം

നടുക്കുള്ള ഇടവിട്ട വരകളില്‍ ഇടത്തേക്ക് അസ്ത്രചിഹ്നം കണ്ടാല്‍ നിര്‍ബന്ധമായും ഇടതുവശത്തേക്ക് ഒതുക്കി വാഹനമോടിക്കുക. മുന്‍പില്‍ നിയന്ത്രണമോ അപകടസാധ്യതയോ ഉണ്ടെന്നതിന്റെ സുചനയാണിത്.

നടുവില്‍ ഏണിവരകള്‍Road

ഇരുവരിപ്പാതയുടെ മധ്യത്തില്‍ ഏണിയുടെ രൂപത്തിലുള്ള വെള്ളവരകള്‍ നീണ്ടുപോകുന്നത് ഡിവൈഡറിനു തുല്യമാണ്. ഇത് അപകടസാധ്യതയുള്ളസ്ഥലമാണ്. മറികടക്കുകയോ ആ ഏണിച്ചിത്രത്തിലൂടെ വാഹനമോടിക്കുകയോ ചെയ്യരുത്. ഈ വരകള്‍ ചെന്നുേചരുന്നത് ഡിവൈഡറുകളിലേക്കാകാം. ഇതേവരകള്‍ മഞ്ഞനിറത്തിലുമുണ്ടാകാറുണ്ട്. അവ ശക്തമായ അപകടസൂചന നല്‍കുന്നു.

Roadതുടര്‍ച്ചയായ മഞ്ഞവര

റോഡിനുനടുവിലെ തുടര്‍ച്ചയായ മഞ്ഞവര ഒരുകാരണവശാലും മറികടക്കല്‍ പാടില്ലെന്ന സൂചന നല്‍കുന്നു. വളവുകളിലും അപകടമേഖലകളിലുമാണിത്.

നടുവില്‍ ഇരട്ട വെള്ള/മഞ്ഞ വരRoad

റോഡിനു നടുവിലുള്ള ഇരട്ടവരയുള്ള ഭാഗത്ത് അതുമുറിച്ചുകടന്നു വാഹനമോടിക്കാന്‍ കര്‍ശന നിയന്ത്രണമുണ്ട്.

വളഞ്ഞ വരകള്‍

Roadറോഡരികിലും ചിലപ്പോള്‍ നടുക്കും ചരിഞ്ഞും തിരിഞ്ഞുമുള്ള തുടര്‍ച്ചയായ വെള്ളവര(സിഗ് സാഗ്), മുന്നില്‍ കാല്‍നടയാത്രക്കാര്‍ക്കു റോഡുമുറിച്ചുകടക്കുന്നതിനുള്ള സീബ്രാലൈന്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. അതിനാല്‍ വേഗം കുറച്ചുപോകുക, മറികടക്കാന്‍ പാടില്ല എന്നും അവ സൂചിപ്പിക്കുന്നു.

ഇടതുഭാഗത്തെ തുടര്‍ച്ചയായ മഞ്ഞവരRoad

ഇവിടെ വാഹനം നിര്‍ത്താനോ നിര്‍ത്തിയിടാനോ പാടില്ല.

Roadകുറുകെയുള്ള ആറുമഞ്ഞവരകള്‍

വേഗം കുറച്ചുപോകണമെന്നു സൂചിപ്പിക്കുന്ന വരകളാണിത്. ജങ്ഷനുകള്‍ക്കു മുന്‍പായിട്ടും തിരക്കുള്ള ഇടങ്ങളിലുമാണ് റോഡിനു കുറുകെ ആറു മഞ്ഞവരകള്‍ അടയാളപ്പെടുത്തുന്നത്. ഹമ്പുകള്‍ക്കു പകരമാണിത്.

മഞ്ഞച്ചതുരക്കളങ്ങള്‍Road

റോഡു നിറയെവരുന്ന തരത്തില്‍ വലിയ മഞ്ഞക്കളവും അതിനുള്ളില്‍ ചെറിയ കുറേ കളങ്ങളും. പ്രധാന റോഡ് വന്നുചേരുന്ന, സ്ഥലം കുറഞ്ഞതും തിരക്കു കൂടിയതുമായ ജങ്ഷനുകളിലാണ് യെലോ ബോക്‌സ് ജങ്ഷന്‍ എന്ന ഈ അടയാളമുണ്ടാകുക. ഇവിടെ യു ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ടാകില്ല. ഈ കളങ്ങളില്‍ വാഹനം നിര്‍ത്തിയിടാന്‍ പാടില്ല. കടന്നുപോകാന്‍ കഴിയുമെങ്കില്‍ മാത്രമേ അതിലേക്കു വാഹനം കയറ്റാവൂ. ഇല്ലെങ്കില്‍ അതിനുമുന്‍പായി നിര്‍ത്തണം.

Roadകുറുവരകളുള്ള അരികിലെ വെള്ള/മഞ്ഞ വര

റോഡിന്റെ അതിര്‍ത്തി ഓര്‍മപ്പെടുത്തുന്ന ഇടതുവശത്തെ വെള്ളവരയെക്കുറിച്ച് ആദ്യം പറഞ്ഞു. അത്തരം വരയില്‍നിന്നു തുടങ്ങി റോഡിനു പുറത്തേക്കുള്ള ചരിഞ്ഞ അനേകം കുറുവരകളുള്ള ഭാഗം. നടപ്പാതയായാണ് ഇത്തരം സ്ഥലങ്ങളെ കരുതുന്നത്. കാല്‍നടയാത്രയ്ക്കുവേണ്ടി മാത്രമുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ ഒരുകാരണവ ശാലും വാഹനം കയറ്റുകയോ നിര്‍ത്തുകയോ നിര്‍ത്തിയിടുകയോ ചെയ്യരുത്.

Content Highlights: Road signals and Lines in roads, road marks, Road lines, Road safety, Roads