വാഹനമോടിക്കുന്നവര്‍ പ്രധാനമായും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്. ഓരോ വളവിലും എതിര്‍ ദിശയില്‍ ഒരു വാഹനത്തെ പ്രതീക്ഷിക്കണം. അതോടെ അമിതവേഗവും തെറ്റായ വശങ്ങളിലൂടെയുള്ള ഡ്രൈവിങ്ങും ഒഴിവാക്കാന്‍ സാധിക്കും. വളവില്‍ നിന്നുള്ള ഓവര്‍ടേക്കിങ്ങ് മൂലവും റോങ്ങ് സൈഡ് ഡ്രൈവിങ്ങിനെ തുടര്‍ന്നും നിരവധി അപകടങ്ങള്‍ വാര്‍ത്തകളിലൂടെ ദിവസേന നമ്മള്‍ കാണുന്നുണ്ട്. സുരക്ഷിത ഡ്രൈവിങ്ങ് സന്ദേശവുമായി കേരളാ പോലീസ് ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

വളവുകളില്‍ വാഹനത്തിന്റെ വേഗത കുറയ്ക്കുക തന്നെ വേണം. ഭാഗ്യം എപ്പോഴും കൂടെ ഉണ്ടാകണമെന്നില്ല എന്ന തലക്കെട്ടോടെയാണ് പോലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളവില്‍ വേഗത കുറയ്ക്കാത്തതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ റോഡിലേക്ക് മറിയുകയും തുടര്‍ന്ന് അത് എതിര്‍ ദിശയില്‍ വരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ അടിയിലേക്ക് പോകുന്നതുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്കൊപ്പമാണ് പോലീസ് സുരക്ഷയുടെ സന്ദേശവും കുറിച്ചിരിക്കുന്നത്. 

മാര്‍ച്ച് 25-ാം തീയതി പുനലൂരിനടുത്ത് നടന്ന അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. എന്നാല്‍, സ്‌കൂട്ടര്‍ മറിഞ്ഞതോടെ അതിന്റെ ഡ്രൈവര്‍ തെറിച്ച് പോയതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷപ്പെടുകയായിരുന്നു. ബസിന്റെ മുന്‍ചക്രത്തിന്റെ അടിയില്‍ പെട്ടതിനാല്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സുരക്ഷിതമല്ലാത്ത ഡ്രൈവിങ്ങാണ് ഇത്തരം അപകടങ്ങള്‍ വിളിച്ച് വരുത്തുന്നതെന്നാണ് വീഡിയോയുടെ താഴെ വന്നിട്ടുള്ള കമന്റുകളില്‍ ഏറെയും. 

Content Highlights: Road Safety; Slow Driving In Curves, Safe Driving Slow Driving