വാഹനാപകടം മുന്നില്‍ക്കണ്ടാല്‍ പലരും അതെന്താണെന്നുപോലും നോക്കാന്‍ മെനക്കെടാറില്ല. ചിലപ്പോള്‍ റോഡപകടത്തില്‍പ്പെട്ടുകിടക്കുന്ന വാഹനത്തിനുള്ളില്‍ പല ജീവനുകള്‍ ഉണ്ടായിരിക്കാം. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചാല്‍ അവര്‍ക്കു സ്വന്തം പ്രാണനായിരിക്കും തിരികെ ലഭിക്കുന്നത്. എന്നാല്‍, പലപ്പോഴും പ്രത്യേകിച്ചു രാത്രികാലങ്ങളില്‍ അപകടങ്ങള്‍ മുന്നില്‍ക്കണ്ടാലും കണ്ടില്ലെന്നു നടിച്ച് കടന്നുകളയുന്നു പലരും.

വെറുതേ പ്രശ്‌നത്തില്‍പ്പോയി തലവെെേക്കണ്ടന്നും സ്വന്തംകാര്യംമാത്രം നോക്കിപ്പോകാമെന്നും വിചാരിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ടാകാം. ചിലര്‍ ഭയന്നിട്ടും ഇത്തരത്തില്‍ അപകടങ്ങളെ അവഗണിക്കാറുണ്ട്. ഒരപകടം കണ്ടാല്‍ ഒറ്റയ്ക്ക് ഒന്നുംചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഉടന്‍ അഗ്‌നിരക്ഷാസേനയുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, പലര്‍ക്കും ഇപ്പോഴും അഗ്‌നിരക്ഷാസേനയുടെ നമ്പര്‍ അറിയില്ലെന്നതു യാഥാര്‍ഥ്യമാണ്.

വിളിക്കാം 101

ഒരപകടം മുന്നില്‍ക്കണ്ടാല്‍ അഗ്‌നിരക്ഷാസേനയുടെ 101 നമ്പരിലേക്ക് ഉടന്‍ വിളിക്കുക. എത്രയും പെട്ടെന്നുതന്നെ സമീപത്തെ ഫയര്‍‌സ്റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥരെത്തി സഹായം നല്‍കിയിരിക്കും. റോഡപകടം തന്നെയാകണമെന്നില്ല, ഏതുതരത്തിലുള്ള അപകടമായാലും അഗ്‌നിരക്ഷാസേനയുടെ സഹായംതേടാവുന്നതാണ്. എന്നാല്‍, ചില സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ഗ്രാമീണമേഖകളില്‍ അപകടമുണ്ടായാല്‍ അഗ്‌നിരക്ഷാസേനയെ വിളിക്കണമെന്നോ അവര്‍വന്ന് ആപത്തില്‍ സഹായിക്കുമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കാര്യമായ ബോധ്യം ഒരുവിഭാഗം ജനങ്ങള്‍ക്ക് ഇപ്പോഴുമില്ലെന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ പറയുന്നു.

ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഇതുസംബന്ധിച്ച് കൂടുതല്‍ ബോധവത്കരണം ഇനിയും ആവശ്യമാണെന്ന് ഓരോ റോഡപകടവും തെളിയിക്കുന്നുണ്ട്. അടിയന്തരഘട്ടത്തിലുള്ള നമ്പരുകള്‍ മറന്നുപോകാതിരിക്കാന്‍ മൊബൈലില്‍ സേവ് ചെയ്തുവയ്ക്കാവുന്നതാണ്. അപകടമുണ്ടായാല്‍ അഗ്‌നിരക്ഷാസേനയുടെ സഹായം ഏതുസമയത്തും അഭ്യര്‍ഥിക്കാമെന്ന് മാവേലിക്കര സ്റ്റേഷന്‍ ഓഫീസറും കഴിഞ്ഞദിവസംനടന്ന അപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വംനല്‍കുകയുംചെയ്ത ആര്‍. ജയദേവന്‍ പറഞ്ഞു.

101-ല്‍ വിളിച്ചു കളിക്കരുതേ...

അത്യാവശ്യത്തിനല്ലാതെ 101-ല്‍ വിളിച്ചു കളിക്കരുതേയെന്ന അഭ്യര്‍ഥനയാണ് ജീവനക്കാര്‍ക്കുള്ളത്. സംസ്ഥാനത്തെ അഗ്‌നിരക്ഷാസേനാ ഓഫീസുകളില്‍ അപൂര്‍വം സ്റ്റേഷനുകളില്‍ മാത്രമാണ് 101 വിളിക്കാന്‍ രണ്ടു ഫോണുകളുള്ളത്. ഒരപകടമുണ്ടാകുമ്പോള്‍ ഒട്ടേറേപ്പേര്‍ ഒരേസമയത്തു വിളിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അനാവശ്യമായ ഒരു കോള്‍ പോലും വിളിക്കരുതെന്നാണ് ജീവനക്കാരുടെ അപേക്ഷ.

അങ്ങനെ വിളിച്ചാല്‍ ഒരത്യാവശ്യത്തിനു വിളിക്കുന്നവര്‍ക്ക് സേനയെ അവശ്യസമയത്തു കിട്ടാതെവരും. ഒരുദിവസം ഒട്ടേറെ വ്യാജകോളുകളും അനാവശ്യകോളുകളുമാണ് എത്തുന്നത്. ഇതു കുറച്ചൊന്നുമല്ല ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുംവരെ വെറുതേ അഗ്‌നിരക്ഷാസേനയുടെ നമ്പരില്‍ വിളിച്ചു കളിക്കാറുണ്ട്.

Content Highlights: Road Safety, Road Accident, Fire And Rescue Department, 101 Emergency Number