രുചക്ര വാഹനയാത്രകളില്‍ വളരെ സിംപിള്‍ ആണെന്ന് നമ്മള്‍ കരുതുന്ന പലതും വലിയ അപകടങ്ങള്‍ വിളിച്ച് വരുത്തുന്നവയാണ്. ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇരുചക്ര വാഹനങ്ങളുടെ പിന്നില്‍ കുടചൂടി ഇരിക്കുന്നത്. കാഴ്ചയില്‍ വലിയ കുഴപ്പമൊന്നും ഇല്ലെങ്കിലും ഇത് ചിലപ്പോള്‍ ജീവഹാനി വരെ സംഭവിച്ചേക്കാവുന്ന വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുകയാണ് കേരള മോട്ടോര്‍ വാഹനവകുപ്പ്.

കുട ചൂടി ഇരുചക്ര വാഹനത്തിന് പിന്നില്‍ ഇരുന്നുണ്ടായ അപകട വാര്‍ത്തകള്‍ നിരവധിയാണ്. കുടപിടിച്ച് നടന്ന് പോകുമ്പോള്‍ പോലും കാറ്റടിച്ചാല്‍ അത് നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കാതെ വരാറുണ്ട്. എന്നാല്‍, വാഹനത്തില്‍ പോകുമ്പോഴുണ്ടാകുന്നത് അതിന്റെ എത്രയോ ഇരട്ടി ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. കുട ഉണ്ടാക്കുന്ന പാരച്യൂറ്റ് ഇഫക്ട് പ്രവചനാതീതമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അഭിപ്രായപ്പെടുന്നത്. 

വാഹനം സഞ്ചരിക്കുന്ന സമയത്ത് ഉണ്ടാകുന്ന പാരച്യൂട്ട് ഇഫക്ട് അത്യന്തം അപകടരമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് സൂചിപ്പിക്കുന്നത്. വാഹനം സഞ്ചരിക്കുന്നതിന്റെ എതിര്‍ ദിശയിലാണ് കാറ്റടിക്കുന്നതെങ്കില്‍ വാഹനത്തിന്റെ വേഗവും കാറ്റിന്റെ വേഗതയും കുടയില്‍ അനുഭവപ്പെടും. വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററും കാറ്റിന്റേത് 20 കിലോമീറ്ററും ആണെങ്കില്‍ അത് കുടയില്‍ ചെലുത്തുന്നത് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയായിരിക്കും. 

കുടയുടെ വലിപ്പം കൂടുന്നതിന് അനുസരിച്ച് ഇത് സൃഷ്ടിക്കുന്ന മര്‍ദ്ദവും കൂടുന്നുണ്ട്. ഒരു മനുഷ്യനെ പറത്തി കൊണ്ട് പോകാന്‍ പോലും അത് മതിയാകുമെന്നാണ് കണക്കാക്കുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും ഇത് കാരണമാകും. വാഹനം ഓടിക്കുന്ന ആള്‍ തന്നെയാണ് കുട പിടിക്കുന്നതെങ്കില്‍ അതുമൂലമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളും ഈ നിയന്ത്രണ നഷ്ടം ഇരട്ടിയാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സന്ദേശത്തില്‍ പറയുന്നത്.

Content Highlights: Road Safety, Motor vehicle Department, MVD Kerala, Safe Ride