രാത്രികാലങ്ങളില്‍ വാഹനവുമായി റോഡിലിറങ്ങുന്ന ആളാണോ നിങ്ങള്‍? എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ലൈറ്റ് ഡിം ചെയ്തു കൊടുക്കുന്ന ശീലമുള്ള ആളാണ് നിങ്ങള്‍ എങ്കില്‍ ഡ്രൈവിങ്ങിനോടൊപ്പം നിങ്ങള്‍ നിരവധി മനുഷ്യജീവനുകളെയാണ് രക്ഷപ്പെടുത്തുന്നത്. രാത്രിയില്‍ നിരത്തുകളില്‍ വാഹനങ്ങളുടെ ലൈറ്റ് ഡിം ചെയ്യാത്തത് കൊണ്ട് നിരവധി പേരാണ് വാഹനാപകടങ്ങളില്‍ അനുദിനമെന്നോണം പരിക്കേല്‍ക്കുന്നതും മരണപ്പെടുന്നതും. 

ഇത്തരത്തില്‍ വര്‍ധിക്കുന്ന അപകടങ്ങളെക്കുറിച്ചു പൊതുജനങ്ങളില്‍ ബോധവല്‍ക്കരണമുണ്ടാക്കുന്നതിനു തയാറാക്കിയ നൈറ്റ് ഡ്രൈവ് ഹ്രസ്വഫിലിം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പുറത്തിറക്കി. കരിവെള്ളൂര്‍ കൊഴുമ്മല്‍ സ്വദേശിയുമായ മാധ്യമപ്രവര്‍ത്തകനും ആഡ്ഫിലിം സംവിധായകനുമായ യു.ഹരീഷ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. പയ്യന്നുര്‍ സബ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു പയ്യന്നുര്‍ റൂറല്‍ ബാങ്കുമായി സഹകരിച്ചാണ് സാമൂഹിക പ്രസക്തി പ്രമേയമായ വീഡിയോ തയാറാക്കിയത്. 

ജിതിന്‍ ജിടിഎക്‌സ് കാമറയും എഡിറ്റിംഗും നിര്‍വഹിച്ചു. എം. സൗരവ് ആണ് ക്രീയേറ്റീവ് ഹെഡ്.  മീഡിയ ക്രീയേഷന്‍സ് ആണ് പ്രൊഡക്ഷന്‍ ഹൌസ്. നൈറ്റ് ഡ്രൈവ് റിലീസ് ചടങ്ങില്‍ എംഎല്‍എ എം. വിജിന്‍,  പയ്യന്നൂര്‍ റൂറല്‍ ബാങ്ക് സെക്രട്ടറി ഇ. രാജന്‍ , സംവിധായകന്‍ യു. ഹരീഷ്, ടിവി രാജേഷ്, സൗരവ്. എം എന്നിവര്‍ സംബന്ധിച്ചു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളിലൂടെ നൈറ്റ് ഡ്രൈവ് പൊതുജനങ്ങളിലേക്ക് എത്തി. സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കും. 

ഡോ.ശ്രുതിന്‍ ബാലഗോപാല്‍, ഡോ. ഇ.രമ്യ, ജോ.ആര്‍.ടി.ഒ. ടി.പി പ്രദീപ്കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്‍, പൂജ പദ്മരാജ്, പ്രാര്‍ത്ഥന പദ്മരാജ്, സനയ് കൃഷ്ണ, ശ്രീനന്ദ, ശിവാനി മുരളീധരന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സമീപകാലത്തു നടന്ന ഒരു അപകടവാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് നൈറ്റ് ഡ്രൈവ് തയാറാക്കിയതെന്നും അതിനാല്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങളിക്ക് എത്തുന്നത് കൂടുതല്‍ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഉപകരിക്കുമെന്നും സംവിധായകന്‍ യു.ഹരീഷ് പറഞ്ഞു.

Content highlights: Road safety awareness video night drive, use low beam headlight in night drives, Headlight high beam, Light low beam