തേ, ജാവ സിമ്പിളാണ്, പവര്‍ഫുള്ളും. പറഞ്ഞുവരുന്നത് നമ്മുടെ 'പ്രേമം' സിനിമയില്‍ വിമല്‍ സാര്‍ പറയുന്ന പ്രോഗ്രാമിങ് ലാങ്‌ഗ്വേജ് ജാവയെപ്പറ്റിയല്ലാട്ടോ; ജാവ ബൈക്കുകളെപ്പറ്റിയാണ്. അറുപതുകള്‍ മുതല്‍ തൊണ്ണൂറുകളുടെ തുടക്കം വരെ ഇന്ത്യന്‍ നിരത്തുകളില്‍ സുലഭമായി ചീറിപ്പാഞ്ഞിരുന്ന ജാവ ബൈക്കുകള്‍ കുറച്ച് കാലമായി അധികം കാണുന്നുണ്ടായിരുന്നില്ല. 

ഈയിടെയാണ് കമ്പനിയുടെ ബൈക്കുകള്‍ വിപണിയിലും നിരത്തിലും സജീവമായത്.ജാവ ബൈക്കുകളുടെ ആരാധകരായ ജാവ റൈഡേഴ്‌സ് ക്ലബ്ബ് കേരള ഞായറാഴ്ച സംഘടിപ്പിച്ച മീറ്റ് അപ്പും റാലിയും ജാവ പ്രേമികള്‍ക്ക് ഹരം പകര്‍ന്നിരിക്കയാണ്. റോഡ് സുരക്ഷാ ബോധവത്കരണം ലക്ഷ്യമിട്ടാണ് ക്ലബ്ബ് ഇത്തരമൊരു പരിപാടി നടത്തിയത്.

ജാവ ക്ലാസിക്, ജാവ 42, ജാവ പെരാക് മോഡലുകളാണ് ഉണ്ടായിരുന്നത്. ഹിമാലയത്തിലേക്ക് ബുള്ളറ്റില്‍ സഞ്ചാരം നടത്തിയ ശരത് കൃഷ്ണനും അമ്മ ഗീത രാമചന്ദ്രനും റൈഡ് ഫ്‌ലാഗ് ഓഫ് ചെയ്തു. നടന്‍ ഇര്‍ഷാദ് അലി ടീ ഷര്‍ട്ടും ലോഗോയും പുറത്തിറക്കി. 

നാവികസേനയിലെ ക്യാപ്റ്റന്‍ കംലേന്ദര്‍ ശര്‍മ റോഡ് സുരക്ഷാ അവബോധ പ്രഭാഷണം നടത്തി. ജാവ റൈഡേഴ്‌സ് ക്ലബ്ബ് കേരള തേക്കിന്‍കാട് മൈതാനത്തുനിന്ന് വിലങ്ങന്‍കുന്നിലേക്കാണ് പ്ലക്കാര്‍ഡുകളുമേന്തി റൈഡ് നടത്തിയത്. ക്ലബ്ബ് അഡ്മിന്‍ ഷാഹിദ്, ക്ലബ്ബ് അംഗങ്ങളായ ശ്രീകുമാര്‍, ഭാഗ്യനാഥ് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: Road Safety Awareness And Jawa Owners Owners Meet Up Conducted By Jawa Bros