വാഹനാപകട നിരക്കുകള്‍ പരിശോധിച്ചാല്‍ സൂപ്പര്‍ബൈക്കുകളുണ്ടാക്കുന്ന അപകടങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി കാണാം. പോലീസിനോ മോട്ടോര്‍വാഹന വകുപ്പിനോ നിയന്ത്രിക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ് കാര്യങ്ങള്‍. ഇത് അവരുടെ മാത്രമല്ല, നിയമം പാലിച്ചു മാന്യമായി വാഹനമോടിക്കുന്നവരുടെ ജീവന്‍കൂടി അപകടത്തിലാക്കുന്നു. സെക്കന്‍ഡുകള്‍കൊണ്ട് നൂറുകിലോമീറ്റര്‍ വേഗത്തിലേക്കു കുതിച്ചുപായാന്‍ കഴിയുന്ന ഇത്തരം ബൈക്കുകള്‍ അനുദിനം കൂടുകയാണ്.

നമ്മുടെ റോഡിലോ ഈ അഭ്യാസം

വീതികുറഞ്ഞതും തിരക്കേറിയതുമായ റോഡുകളിലാണു പലരും അമിതവേഗവും അഭ്യാസപ്രകടനവും നടത്തുന്നത്. കേരളത്തിലെ നിരത്തുകള്‍ക്കു പറ്റിയതരത്തിലല്ല സൂപ്പര്‍ബൈക്കുകളുടെ രൂപകല്പന. എന്നാല്‍, ഇവ വില്‍ക്കുന്നതു തടയാനോ നിയന്ത്രിക്കാനോ സാധിക്കില്ല. കേരളത്തിലിറങ്ങിയിട്ടുള്ള സൂപ്പര്‍ബൈക്കുകളില്‍ പലതും ഇതിനകം അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പു ദ്യോഗസ്ഥര്‍ പറയുന്നു. ഒട്ടേറെപ്പേര്‍ മരിക്കുകയും അതിലുമേറെപ്പേരെ കൊല്ലുകയും ചെയ്തു.

നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്

ജില്ലയില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ സൂപ്പര്‍ ബൈക്ക് അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അമിതവേഗത്തില്‍ പോകുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആലപ്പുഴ ആര്‍.ടി.ഒ. സജിപ്രസാദ് പറഞ്ഞു. വരുംദിവസങ്ങളില്‍ കുടുതല്‍ സ്‌ക്വാഡുകള്‍ പരിശോധനയ്ക്കിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷിതാക്കള്‍ക്കും പങ്ക്

തിരിച്ചറിവു വരുന്നതിനു മുമ്പേ ലക്ഷങ്ങള്‍ മുടക്കി ഇത്തരം ബൈക്കുകള്‍ വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കളാണ് യഥാര്‍ഥ കുറ്റക്കാരെന്ന് സൈക്കോളജിസ്റ്റുകള്‍ പറയുന്നു. മക്കള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കളെ ബോധവത്കരിക്കണം. വായ്പയെടുത്തുവരെ ബൈക്കുകള്‍ വാങ്ങിക്കൊടുക്കുന്നവരുണ്ട്. 

ബൈക്കില്‍ ചീറിപ്പായുന്നതു മറ്റുള്ളവര്‍ കാണുന്നതിലുള്ള ആഹ്ലാദമാണ് കൗമാരക്കാരെ നയിക്കുന്നത്. മുന്നില്‍ കാത്തിരിക്കുന്ന അപകടസാധ്യതകളെ ഇവര്‍ കണക്കിലെടുക്കുന്നില്ല. ഏതുസാഹചര്യത്തിലും വണ്ടി നിര്‍ത്താന്‍ കഴിയുമെന്ന അബദ്ധജടിലമായ ആത്മവിശ്വാസവും അപകടത്തിലേക്കു നയിക്കുന്നു. ഏതുനിമിഷവും തെന്നിമറിയാവുന്ന വെറും രണ്ടുചക്രങ്ങളില്‍ ബാലന്‍സ് ചെയ്ത് ഓടുന്ന വാഹനമാണത് എന്ന ബോധ്യമാണ് ആദ്യംവേണ്ടത്.

വണ്ടിയോടിക്കാന്‍ പരിശീലനം വേണം

സൂപ്പര്‍ബൈക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്കു പ്രത്യേക പരിശീലനം നല്‍കാന്‍ അധികൃതര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഡീലര്‍മാരുടെ നേതൃത്വത്തിലാണിത്. വാഹനത്തെ അടുത്തറിയുക, അതിന്റെ വേഗവും കുതിപ്പുശേഷിയും മനസ്സിലാക്കുക, അപകടസാധ്യതകള്‍ തിരിച്ചറിയുക തുടങ്ങിയവയാണു പഠിപ്പിക്കുക.

യാത്രക്കാരുടെ ജീവന്‍കൂടി അപകടത്തിലാക്കുകയാണ് വിവേകശൂന്യരായ ഈ ചെറുപ്പക്കാര്‍. ഗതാഗതനിയമങ്ങളെ അവര്‍ക്കു പുല്ലുവിലയാണ്. ചോദിക്കാനാരുണ്ട് എന്നമനോഭാവത്തോടെ അത്യപകടകാരികളായി മാറിയ ഇവരെ നിയന്ത്രിക്കാന്‍ കര്‍ശന നടപടിതന്നെ വേണമെന്ന് മര്യാദയ്ക്കു വാഹനമോടിക്കുന്നവര്‍ക്കും കാല്‍നടക്കാര്‍ക്കും തോന്നുക സ്വാഭാവികം.

Content Highlights: Rash And Negligent Bike Rides, Over Speeding In Super Bikes, Super Bike Rides