ല്പം മദ്യപിച്ച് സീറ്റ് ബെല്‍ട്ടൊക്കെയിട്ട് കാറില്‍ ഇരുന്നാല്‍ പിടിയിലാവാതെ രക്ഷപ്പെടുമെന്ന് കരുതണ്ട. വാഹനത്തില്‍ നിന്നിറങ്ങിയില്ലെങ്കിലും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിക്കാതെ തന്നെ മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടാനുള്ള സംവിധാനവുമായി പുതിയ ഇന്റര്‍സെപ്റ്റര്‍ നഗരത്തിലിറങ്ങിക്കഴിഞ്ഞു. ഇന്റര്‍സെപ്റ്ററിലെ ആല്‍ക്കോ മീറ്ററിന് നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനാവും. ജില്ലയില്‍ വടകര റൂറലിനും കോഴിക്കോട് സിറ്റിക്കുമായി ഇത്തരത്തിലുള്ള രണ്ട് വാഹനങ്ങളാണ് അനുവദിച്ചിട്ടുള്ളത്.

പ്രത്യേകതകള്‍ ഇതൊക്കെ

 • വേഗം അളക്കുന്ന ലേസര്‍ ബേസ്ഡ് സ്പീഡ് റഡാര്‍
 • ലൈറ്റ് ഡിം ചെയ്യാത്തവരെ പിടിക്കാന്‍ പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്‌സ്മീറ്റര്‍
 • ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ് മീറ്റര്‍,
 • എയര്‍ഹോണുകാരെയും ആള്‍ട്ടര്‍ ചെയ്ത സൈലന്‍സര്‍ വച്ച് ശബ്ദ മലിനീകരണമുണ്ടാക്കുന്നവരെയും പിടിക്കാന്‍ ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവല്‍ സംവിധാനം.
 • മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കഴിയുന്ന അഞ്ച് മെഗാ പിക്‌സല്‍ ക്യാമറയോട് കൂടിയ ആല്‍ക്കോ മീറ്റര്‍

പിഴയടക്കാതെ മുങ്ങിയാലും പിടിക്കും

മുമ്പ് നിയമലംഘനം നടത്തി പിഴയടയ്ക്കാതെയും, പോലീസിന്റെ കണ്ണുവെട്ടിച്ചും നടക്കുന്ന വാഹനങ്ങള്‍ മുന്നിലെത്തിയാലും പെട്ടതുതന്നെ. വാഹനത്തിന്റെ നമ്പര്‍ കണ്ടെത്താനുള്ള സംവിധാനമുണ്ട്. ഇന്റര്‍സെപ്റ്റര്‍ ആര്‍.ടി. ഓഫിസിലെ സെര്‍വറുമായി ബന്ധപ്പെടുത്തിയതിനാല്‍ വാഹനം നിര്‍ത്തി പരിശോധിക്കാതെ തന്നെ ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി, തുടങ്ങിയവ കണ്ടെത്താനാവും. വേഗപരിശോധന മാത്രമാണ് നേരത്തെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളില്‍ ചെയ്യാന്‍ സാധിച്ചിരുന്നത്. ഉപകരണങ്ങള്‍ അടക്കം ഒരു വാഹനത്തിന് ചെലവ് 25 ലക്ഷം രൂപയാണ് .

വാഹനാപകടങ്ങള്‍ കുറയ്ക്കാനാവും

അത്യാധുനിക യന്ത്രസംവിധാനത്തിന്റെ സഹായത്തോടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനാണ് ഇന്റര്‍സെപ്റ്റര്‍ പോലുള്ള വാഹനങ്ങള്‍. ഇതു വഴി ഒരു പരിധി വരെയെങ്കിലും വര്‍ധിച്ചുവരുന്ന റോഡപകടനിരക്ക് കുറക്കാന്‍ കഴിയും

ടി.സി. വിനീഷ്, ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

റോഡിലെ വേഗം ആളുകള്‍ മനസ്സിലാക്കണം

വാഹനം ഓടിച്ചാല്‍ മാത്രം പോര ഓടിക്കുന്ന റോഡില്‍ എത്ര വേഗം വരെ അനുവദനീയമാണെന്ന്് എല്ലാവരും മനസ്സിലാക്കി വക്കണം. വാഹനം ഓടിക്കുന്നയാള്‍ രേഖകള്‍ കൃത്യമായി സൂക്ഷിക്കണ്ടതും അത്യാവശ്യമാണ്.

പി.എം. ഷബീര്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.

റോഡുകളിലെ വേഗ പരിധി(കിലോമീറ്ററില്‍)

 • എന്‍എച്ച്. 4 വരി 90,
 • എന്‍എച്ച്. 2 വരി 85
 • സംസ്ഥാന ഹൈവേ 50
 • മോട്ടോര്‍ സൈക്കിള്‍: എന്‍എച്ച്. 4 വരി 70
 • സ്റ്റേറ്റ് ഹൈവേ, രണ്ട് വരി 60
 • തദ്ദേശസ്ഥാപനം 50

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ട്രാന്‍സ്പോര്‍ട്ട് (ടാക്‌സി കാറുകള്‍, മിനി ലോറികള്‍ ഉള്‍പ്പെടെ)

 • എന്‍എച്ച് 4 വരി 70,
 • സ്റ്റേറ്റ് ഹൈവേ, എന്‍എച്ച് 2 വരി 65,
 • തദ്ദേശസ്ഥാപനം 50

ഹെവി വെഹിക്കിള്‍ (ബസ്, ലോറി ഉള്‍പ്പെടെ)

 • എന്‍എച്ച് 4 വരി 65,
 • എന്‍എച്ച് 2 വരി,സ്റ്റേറ്റ് ഹൈവേ 60
 • തദ്ദേശസ്ഥാപനം 40

വേഗപരിധി ലംഘിച്ചാല്‍ പിഴലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 1500 രൂപ, മറ്റു വാഹനങ്ങള്‍ 3000 രൂപ

Content Highlights: Police Interceptor Vehicle