നിരത്തുകളില്‍ പ്രധാന പരിഗണന കാല്‍നട യാത്രക്കാരന് നല്‍കണമെന്നാണ് ഗതാഗത നിയമത്തില്‍ പോലും പറയുന്നത്. ലൈസന്‍സ് ലഭിക്കുന്ന സമയത്ത് മാത്രം ഇത് കേള്‍ക്കുകയും പിന്നീട് മറക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ നമുക്ക് ചുറ്റിലും ധാരാളമുണ്ട്. അതേസമയം, റോഡ് ഉപയോഗിക്കുന്ന കാല്‍നട യാത്രക്കാരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിരത്തുകളില്‍ തനിക്കുള്ള അവകാശം ദുരുപയോഗം ചെയ്യുന്ന കാല്‍നട യാത്രക്കാരും ഒട്ടും കുറവല്ല. 

സിഗ്നലുകള്‍ക്ക് പുറമെ, റോഡിന്റെ പല സ്ഥലത്തായി നല്‍കിയിട്ടുള്ള സീബ്രാ ലൈനില്‍ കൂടി മുറിച്ച് കടക്കുന്നവരാണ് പ്രധാനമായും അല്‍പ്പം ജാഗ്രത കാട്ടേണ്ടത്. വേഗത്തില്‍ വരുന്ന വാഹനത്തിന് നേരെ കൈ കാണിച്ച ശേഷം ക്രോസ് ചെയ്യുന്നതിന് പകരം ആ വാഹനത്തിന് ബ്രേക്ക് ചെയ്ത് നിര്‍ത്താനുള്ള സാവകാശം നല്‍കാനും ശ്രദ്ധിക്കണം. വാഹനങ്ങള്‍ നിര്‍ത്തി തരുമ്പോള്‍ ഇത് എന്റെ അവകാശമാണെന്ന ധാരണയില്‍ വളരെ പതുക്കെ റോഡ് മുറിച്ച് കടക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ ഒന്ന് ഓര്‍ക്കുക ഇത് വേറെ ഒരു കൂട്ടം ആളുകളെ ബുദ്ധിമുട്ടിക്കുന്നതിന് സമാനമാണ്. 

സിഗ്നലില്‍ ആയാലും സീബ്രാലൈന്‍ ഉണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും റോഡ് മുറിച്ച് കടക്കാമെന്നാണ് ചിലരുടെ ധാരണ. വാഹനങ്ങള്‍ക്ക് പോകാനുള്ള ഗ്രീന്‍ സിഗ്‌നല്‍ തെളിയുമ്പോള്‍ പോലും ഒന്നും നോക്കാതെ റോഡിലേക്ക് ഇറങ്ങുന്നവരുമുണ്ട്. എന്നാല്‍, കാല്‍നടക്കാര്‍ക്ക് സിഗ്നലില്‍ റോഡ് മുറിച്ച് കടക്കാനും പ്രത്യേക സമയമുണ്ട്. ഇത് വാഹനങ്ങള്‍ക്ക് നല്‍കുന്ന സമയത്തേക്കാള്‍ അധികവുമാണ്. എന്നിട്ടും വാഹനങ്ങളുടെ സമയം അപഹരിക്കുന്നത് നിയമപരമല്ല.

പെഡസ്ട്രിയന്‍ ലൈറ്റില്‍ പച്ച ലൈറ്റ് കത്തി യാത്രക്കാര്‍ക്ക് മുറിച്ച് കടക്കാനുള്ള അടയാളം വരുമ്പോള്‍ മാത്രമാണ് നടന്ന് പോകാന്‍ അനുവാദമുള്ളത്. എന്നാല്‍, ആളുകള്‍ തിരക്ക് കാണിച്ച് വാഹനങ്ങളെ വകവെക്കാതെ നടന്ന് പോകുന്നത് എല്ലാ സിഗ്നലുകളിലേയും പതിവ് കാഴ്ചയാണ്. ഇങ്ങനെ നടന്ന് പോകുന്നവര്‍ ഒന്ന് ചിന്തിക്കുക. വാഹനങ്ങള്‍ക്ക് നേരെ നിങ്ങള്‍ കൈകാണിക്കുന്നത് കൊണ്ട് മാത്രം ഈ വാഹനം നില്‍ക്കണമെന്നില്ല. ഇത് അപകടം വിളിച്ച് വരുത്തുന്നതിന് തുല്യമാണ്.

ട്രാഫിക് ബോധവത്കരണത്തിന്റെ കുറവാണ് ഇത്തരത്തിലുള്ള പ്രവണതകള്‍ക്ക് കാരണം. ചെറിയ കുട്ടികളുമായി പോലും വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സമയത്ത് റോഡ് ക്രോസ് ചെയ്യുന്നതും പതിവ് കാഴ്ചയാണ്. വാഹനം വരുന്നതിന് മുമ്പ് റോഡ് ക്രോസ് ചെയ്ത് റോഡില്‍ വീണ്ട് അപകടമുണ്ടാകുന്ന സംഭവങ്ങളും ദിവസേന വാര്‍ത്തയാകുന്നുണ്ട്. അപകടങ്ങള്‍ കുറയ്ക്കുന്നതിന് നിരത്തില്‍ നടക്കുന്നവരും ശ്രദ്ധിക്കണം. വാഹനമോടിക്കുന്നവര്‍ വളരെ അധികവും ശ്രദ്ധിക്കണം.

Content Highlights; Pedestrian Crossing On Road, Zebra Crossing, Road Safety