ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം റോഡിലെ തിരക്ക് ഒഴിഞ്ഞു. എന്നാല്‍ റോഡിലിറങ്ങുന്ന വാഹനങ്ങള്‍ അമിത വേഗത്തില്‍ പായുകയാണ്. പകല്‍ സമയത്തു പോലും സിഗ്‌നല്‍ ലൈറ്റുകളോ ജങ്ഷനുകളാണെന്നോ നോക്കാതെ വാഹനം അമിത വേഗത്തില്‍ ഓടിച്ചുപോകുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം കളമശ്ശേരി ടി.വി.എസ്. കവലയില്‍ കാറിനെ ഇടിച്ച് തെറിപ്പിച്ചു പോകുന്ന ലോറിയുടെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിരുന്നു. ജങ്ഷനുകളില്‍ വാഹനങ്ങള്‍ വേഗം കുറച്ചു പോകാന്‍ തയ്യാറാകാത്തതാണ് ഇതിനു കാരണം.

രാത്രി യാത്ര അതികഠിനമാണ്. പ്രധാന റോഡുകളിലെ പോലും തെരുവു വിളക്കുകള്‍ ഭൂരിഭാഗവും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതിനിടയിലൂടെ പോകുന്ന ഇരുചക്ര വാഹന യാത്രികരാണ് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. തെരുവുനായ്ക്കള്‍ ഭക്ഷണം തേടി രാത്രി കൂട്ടമായി റോഡിലേക്കിറങ്ങുന്നുണ്ട്. പല ഭാഗങ്ങളിലും ഇവ ആക്രമിക്കാനും വരുന്നുണ്ട്. 

ഇരുട്ടില്‍ റോഡ് മുറിച്ചു കടക്കുന്ന തെരുവുനായ്ക്കളെയും മറ്റു മൃഗങ്ങളെയും വാഹന യാത്രികര്‍ക്ക് കാണാനും സാധിക്കുന്നില്ല. ഈ സമയത്ത് അമിത വേഗം കൂടെയാണെങ്കില്‍ അപകടത്തിലേക്കാകും കൊണ്ടെത്തിക്കുക. വാഹനങ്ങള്‍ കുറവായതിനാല്‍ത്തന്നെ അപകടമുണ്ടായാലും പുറം ലോകം അറിയാനും വൈദ്യ സഹായം ലഭിക്കാനും വൈകും.

വൈകീട്ട് ആറു മുതല്‍ രാത്രി ഒമ്പതു വരെയുള്ള സമയത്താണ് ഏറ്റവുമധികം വാഹനാപകടം സംഭവിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അപകട മരണം കൂടുതലും ഈ സമയത്തുതന്നെ.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ ആകെ അപകടങ്ങളില്‍ 30,554ഉം ഇരുചക്രവാഹന യാത്രികരുടെ അശ്രദ്ധ മൂലമാണുണ്ടായത്. പൊലിഞ്ഞതാകട്ടെ 3,113 ജീവനുകളും. റോഡില്‍ അലഞ്ഞുതിരിഞ്ഞു നടന്ന മൃഗങ്ങള്‍ മൂലമുണ്ടായ വാഹനാപകടങ്ങളില്‍ 23 ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. ലോക്ഡൗണ്‍ സമയത്തും റോഡ് ഒട്ടും സുരക്ഷിതമല്ല.

അപകട സാധ്യതയേറെ

രാത്രി തെരുവുവിളക്കുകള്‍ ഉണ്ടെങ്കില്‍ കൂടി കാഴ്ച 25 ശതമാനം മാത്രമാണ്. തെരുവുവിളക്കുകള്‍ ഇല്ലെങ്കില്‍ കൂടുതല്‍ അപകടകരമാണ്. ഈ സമയത്ത് അതിവേഗത്തിലാണ് വാഹനം ഓടിക്കുന്നതെങ്കില്‍ മുന്നിലുള്ള തടസ്സം ശ്രദ്ധയില്‍പ്പെടാതെ അപകടം ഉണ്ടാകാനുമുള്ള സാധ്യതയേറെയാണ്.

 ഡോ. ബി.ജി. ശ്രീദേവി (ചീഫ് സയന്റിസ്റ്റ്, നാറ്റ്പാക്)

 

Content Highlights: Over Speed and Violation Of Traffic Rules During Corona Lock Down